Connect with us

Gulf

ദുബൈയില്‍ സൗരോര്‍ജ അബ്ര ആരംഭിച്ചു

Published

|

Last Updated

ദുബൈ: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ അബ്ര സര്‍വീസ് ആരംഭിച്ചു. മംസാറില്‍നിന്നാണു സര്‍വീസ്. മധ്യപൗരസ്ത്യദേശത്ത് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സമുദ്ര ഗതാഗത പൊതുഗതാഗത ജലയാനമാണിതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി (ആര്‍ ടി എ) സി ഇ ഒ അബ്ദുല്ല യൂസഫ് അല്‍ അലി അറിയിച്ചു. നിരവധി പരീക്ഷണ ഓട്ടത്തിനുശേഷമാണു സോളാര്‍ അബ്ര സര്‍വീസ് ആരംഭിച്ചത്. ഹരിത സാമ്പത്തിക വ്യവസ്ഥയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ അബ്രയുടെ സര്‍വീസ്.

മുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ചാണ് സോളാര്‍ അബ്രയില്‍ ഊര്‍ജോല്‍പാദനം. അല്‍ ജദ്ദാഫില്‍ ഒരു വിദഗ്ധ കമ്പനി ഒരു മാസമായി ബാലന്‍സ് ടെസ്റ്റ് നടത്തിയിരുന്നു. നിലവിലുള്ള അബ്രയുടെ ആകൃതിയിലോ ഘടനയിലോ മാറ്റം വരുത്താതെയാണ് സൗരോര്‍ജ അബ്ര നീറ്റിലിറക്കിയത്. ഇതിനാവശ്യമായ പരീക്ഷണങ്ങളാണ് നടത്തിയിരുന്നത്. ബാറ്ററി നൂറുശതമാനം റീ ചാര്‍ജ് ചെയ്യാന്‍ പകല്‍ ആറുമണിക്കൂര്‍ സമയമാണ് വേണ്ടത്. ചാര്‍ജ് ചെയ്താല്‍ അഞ്ചു മണിക്കൂര്‍ നേരം സര്‍വീസ് നടത്താന്‍ സോളാര്‍ അബ്രക്കു കഴിയും.

മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ നോട്ടിക്കല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സോളാര്‍ അബ്രക്കാകും. പൊതുഗതാഗത രംഗത്ത് ശുദ്ധ ഊര്‍ജം ഉപയോഗിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സോളാര്‍ അബ്ര ആരംഭിച്ചതെന്ന് സി ഇ ഒ പറഞ്ഞു.

Latest