നോട്ട് പിന്‍വലിക്കല്‍ ഏറ്റവും വലിയ അഴിമതിയെന്ന് ചിദംബരം

Posted on: December 13, 2016 1:08 pm | Last updated: December 13, 2016 at 4:01 pm
SHARE

നാഗ്പൂര്‍: നോട്ട് പിന്‍വലിക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ബാങ്കുകളില്‍ വിതരണം ചെയ്യാന്‍ ആവശ്യത്തിന് പണമില്ലാതിരിക്കെ എന്ത് കണക്ക്കൂട്ടലിലാണ് 24,000 രൂപ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ ബാങ്കുകളും പറയുന്നത് പണമില്ലെന്നാണ്. പിന്നെ എങ്ങനെയാണ് പണമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും ചിദംബരം ചോദിച്ചു.

നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ മാറ്റിമാറ്റി പറയുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കാഷ്‌ലെസ് എകണോമിയെക്കുറിച്ചാണ് പറയുന്നത്. ലോകത്ത് ഒരിടത്തും പൂര്‍ണമായും കാഷ്‌ലെസ് എകണോമി നിലനില്‍ക്കുന്നില്ല.

ലോകത്തുള്ള സാമ്പത്തിക വിദഗ്ധരും പത്രമാധ്യമങ്ങളും സര്‍ക്കാര്‍ തീരുമാനത്തെ ബുദ്ധിശൂന്യമെന്നാണ് വിലയിരുത്തുന്നത്. ഒരാള്‍ പോലും ഇതില്‍ നല്ലകാര്യങ്ങള്‍ പറയുന്നില്ല. നോട്ട് പിന്‍വലിക്കലിലൂടെ പാവപ്പെട്ടവരേയും കര്‍ഷകരേയും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. സര്‍ക്കാര്‍ നടപടി മൂലം ജിഡിപിയില്‍ രണ്ട് ശതമാനം വരെ കുറവുണ്ടാകുമെന്നും ചിദംബരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here