Connect with us

Kozhikode

ആളെ വീഴ്ത്താന്‍ നടപ്പാതയില്‍ കെണിക്കുഴികള്‍

Published

|

Last Updated

സ്ലാബിനുള്ളില്‍ കാല് കുടുങ്ങി പരുക്കേറ്റ ഹാജറ ബീവി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍

താമരശ്ശേരി: താലൂക്ക് ആസ്ഥാനത്തെ നടപ്പാതയിലെ കെണിക്കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു. താമരശ്ശേരി മിനി സിവില്‍ സ്റ്റേഷന്റെയും പി ഡബ്ല്യു ഡി ഓഫീസിന്റെയും മുന്‍വശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ സ്ലാബിനുള്ളില്‍ കാല്‍ കുടുങ്ങി ഗര്‍ഭിണിക്ക് പരുക്കേറ്റതാണ് അവസാന സംഭവം. പരപ്പന്‍പൊയില്‍ വാടിക്കല്‍ പനക്കോട് ഹാജറ ബീവിയുടെ കാലാണ് തകര്‍ന്ന സ്ലാബിനുള്ളില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു അപകടം. കരച്ചില്‍കേട്ട് ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും യാത്രക്കാരും അര മണിക്കൂറോളം ശ്രമിച്ച് സ്ലാബ് ഉയര്‍ത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.

മാസങ്ങളായി താമരശ്ശേരി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഓവുചാലിനു മുകളിലെ സ്ലാബുകള്‍ തകര്‍ന്നുകിടക്കുന്നുണ്ടെങ്കിലും മാറ്റിസ്ഥാപിക്കാന്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കാണ് ഇതിനകം തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കാല്‍ കുടുങ്ങി പരുക്കേറ്റത്. മിനി സിവില്‍ സ്റ്റേഷന് മുന്‍വശത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളില്‍ മാസങ്ങള്‍ക്കുമുമ്പ് തകര്‍ന്ന സ്ലാബ് മാറ്റി സ്ഥാപിക്കുന്നതിന് പകരം ചുങ്കത്തുനിന്നും മറ്റൊരു സ്ലാബ് എത്തിച്ച് പഴയ സ്ലാബിന് മുകളില്‍ സ്ഥാപിക്കുകയായിരുന്നു. ഉയര്‍ന്നുനില്‍ക്കുന്ന സ്ലാബ് ശ്രദ്ധയില്‍പെടാതെ നിരവധി പേരാണ് കാല്‍ തട്ടി വീഴുന്നത്. ഓവുചാല്‍ നവീകരിക്കേണ്ടതും സ്ലാബ് ഉള്‍പ്പെടെ സ്ഥാപിക്കേണ്ടതും ദേശീയപാതാ വിഭാഗമാണെന്നാണ് ഗ്രമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

അപകടക്കെണികള്‍ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്താനോ പരിഹാരം കണ്ടെത്താനോ ഗ്രമപഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കോടികള്‍ മുടക്കി ഓവുചാല്‍ നവീകരണവും നടപ്പാത ഭംഗിയാക്കലും തകൃതിയായി നടക്കുന്നുണ്ടെങ്കിലും ടൗണിന്റെ ഹൃദയഭാഗം ഒഴിവാക്കുകയായിരുന്നു. തകര്‍ന്ന സ്ലാബുകള്‍ മാറ്റി സ്ഥാപിക്കാന്‍ പോലും ദേശീയപാതാ വിഭാഗം നടപടി സ്വീകരിക്കാത്തതാണ് യാത്രക്കാരെ കുഴിയില്‍ വീഴ്ത്തുന്നത്.

 

 

Latest