Connect with us

Business

പ്രതിസന്ധികള്‍ക്കിടയിലും ഉലയാതെ യു എ ഇ

Published

|

Last Updated

ദുബൈ: ആഗോള രംഗത്ത് സാമ്പത്തിക മേഖലയില്‍ പല രാജ്യങ്ങളും ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ട 2016 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് ഓരോ രാജ്യങ്ങളും ഈ വര്‍ഷം കടന്നുപോയത്. എന്നാല്‍ ലോകതലത്തിലും മേഖലാതലത്തിലുമുണ്ടായ വലിയ സാമ്പത്തിക വെല്ലുവിളികളെ അതിജയിച്ച് യു എ ഇ കുതിക്കുകയാണ്. നിര്‍ണായക മേഖലകളിലെല്ലാം വലിയ കുതിപ്പാണ് യു എ ഇ നടത്തിയത്.
ആഗോള ഗുണമേന്മയുള്ള വികസന പദ്ധതികള്‍ ഉള്‍കൊള്ളിച്ച് രാജ്യം ആവിഷ്‌കരിച്ച “യു എ ഇ വിഷന്‍ 2021″പദ്ധതിയും യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ ഭരണനേതൃത്വവുമാണ് രാജ്യത്തെ ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തമാക്കുന്നത്.
ഈ വെല്ലുവിളി കാലയളവില്‍ രാജ്യം ആര്‍ജിച്ച മുന്നേറ്റത്തിന്റെ പൂര്‍ണ അംഗീകാരം കരുത്തുറ്റ ഭരണനേതൃത്വത്തിനാണെന്ന് യു എ ഇ ഇ സാമ്പത്തികകാര്യ മന്ത്രി എന്‍ജി. സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി വ്യക്തമാക്കി. വൈവിധ്യത നിറഞ്ഞ വികസന പദ്ധതികള്‍ നടപ്പാക്കുന്നതാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുറപ്പിക്കാന്‍ സാധ്യമാക്കുന്നതെന്ന് മന്‍സൂരി പറയുന്നു. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് 2015നേക്കാള്‍ നിലവില്‍ 77 ശതമാനം വളര്‍ന്നതായും 70 ശതമാനം സ്ഥായിയായി ഈ സ്ഥിതി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉല്‍പാദനം, നിര്‍മാണം, ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, സംഭരണം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ദൃഢതയാര്‍ന്ന വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയില്‍ ലോകരാജ്യങ്ങള്‍ ആടിയുലഞ്ഞപ്പോഴും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സവിശേഷമായ വികസന പദ്ധതികളിലൂടെയാണ് യു എ ഇ ഇളകാതെ നിന്നത്.
വേള്‍ഡ് എക്‌സ്‌പോ 2020ക്ക് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വിമാനത്താവളങ്ങളുടെ വികസനം, ഇത്തിഹാദ് റെയില്‍ ശൃംഖല, വ്യോമ-ജല ഗതാഗത സംവിധാനങ്ങളുടെ വികസനം, ഊര്‍ജ സംവിധാനം, ഇലക്‌ട്രോണിക് മേഖലയിലെ അടിസ്ഥാന സൗകര്യം, വ്യവസായ മേഖലയിലും വിനോദ സഞ്ചാര മേഖലയിലുമുള്ള കുതിപ്പ് തുടങ്ങിയവ ഈ വര്‍ഷം ലോക സാമ്പത്തിക ഗ്രാഫില്‍ യു എ ഇയുടെ സ്ഥാനം മുന്‍പന്തിയിലെത്തിച്ചു. വികസനങ്ങളിലൂടെ സാമ്പത്തികനേട്ടം കൈവരിച്ചതിനൊപ്പം ഈ മേഖലകളിലെല്ലാം കൂടുതല്‍ തൊഴില്‍സാധ്യതകള്‍ തുറക്കാനും യു എ ഇക്കായി.

17,900 കോടി ദിര്‍ഹമാണ് വിവിധ വികസന പ്രവര്‍ത്തികളില്‍ 2015ല്‍ മാത്രം യു എ ഇ ചെലവഴിച്ചത്. 2014നേക്കാള്‍ 3.8 ശതമാനം തുക ഉയര്‍ത്തുകയും ചെയ്തു. എണ്ണവിലയിടിവില്‍ ചാഞ്ചാട്ടമുണ്ടായ സമയത്തെ താരതമ്യം ചെയ്യുമ്പോള്‍ 2014ലെ 4.5ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം തുക ആറ് ശതമാനമായി ഉയര്‍ന്നു.

ആഭ്യന്തര ഉല്‍പാദന
വളര്‍ച്ച
വെല്ലുവിളികള്‍ക്കിടയിലും ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്ക് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും താഴേക്കു പോകാതെ കുതിക്കുകയാണ്. 2006ല്‍ 51,100 കോടി ദിര്‍ഹമായിരുന്നത് 2015 ആയപ്പോള്‍ 158,000 കോടി ദിര്‍ഹമിലേക്ക് ഉയര്‍ന്നു. 2016 അവസാനിക്കുമ്പോള്‍ ഇത് 180,000 കോടി ദിര്‍ഹമിലേക്കെത്തുമെന്ന് സാമ്പത്തികകാര്യ മന്ത്രി പ്രത്യാശിക്കുന്നു. 2014ല്‍ 3.1 ശതമാനമുണ്ടായിരുന്ന ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്ക് 2015ല്‍ 3.8 ശതമാനമാണ് ഉയര്‍ന്നത്.

ദേശീയ-വിദേശ നിക്ഷേപം
ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയെ പോലെതന്നെ വിവിധ മേഖലകളില്‍ വിദേശ നിക്ഷേപവും ദേശീയ നിക്ഷേപവും വര്‍ധിച്ചതും സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കി. 33,700 കോടി ദിര്‍ഹമാണ് 2014ല്‍ രാജ്യത്ത് വിവിധ മേഖലകളില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം നിക്ഷേപം 35,440 ദിര്‍ഹമായി ഉയര്‍ന്നു. ഒരു വര്‍ഷംകൊണ്ട് നിക്ഷേപം 5.2 ശതമാനം വര്‍ധിച്ചു. 14,580 കോടി ദിര്‍ഹമാണ് മുന്‍വര്‍ഷത്തെ സര്‍ക്കാര്‍ നിക്ഷേപം. മൊത്തം ആഭ്യന്തര നിക്ഷേപത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് 2014ല്‍ 2,0190 കോടി ദിര്‍ഹമും 2015ല്‍ 2,0860 കോടി ദിര്‍ഹമുമാണ്.

വാണിജ്യ തലസ്ഥാനം
മേഖലയോടൊപ്പം തന്നെ ആഗോള വാണിജ്യ തലസ്ഥാനമായി യു എ ഇ മാറിയതും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കരുത്തുറ്റതാക്കി. പ്രാദേശിക-രാജ്യാന്തര ഇറക്കുമതി, കയറ്റുമതി, പുനര്‍ കയറ്റുമതി പ്രവര്‍ത്തനങ്ങളിലൂടെ 175,000 കോടി ദിര്‍ഹമാണ് രാജ്യം നേടിയത്. എണ്ണയിതര വാണിജ്യത്തിലൂടെ മാത്രമാണ് ലക്ഷം കോടി ദിര്‍ഹമിന്റെ നേട്ടം കൈവരിച്ചത്. 2014നേക്കാള്‍ 10 ശതമാനം വര്‍ധനവാണ് 2015ല്‍ നേടിയത്.
രാജ്യത്തെ വാണിജ്യ സംരംഭങ്ങള്‍ക്ക് വലിയ പിന്തുണയാണ് സാമ്പത്തികകാര്യ മന്ത്രാലയം നല്‍കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്കായി നൂതന പദ്ധതികളും സഹായങ്ങളും മന്ത്രാലയം നല്‍കുന്നു.
ആഗോളതലത്തിലെ 13 പ്രധാന വാണിജ്യ ഇവന്റുകള്‍ക്കും നാല് അതിപ്രധാന പ്രദര്‍ശനങ്ങള്‍ക്കും രാജ്യം വേദിയായി.

ലോകരാജ്യങ്ങളുമായുള്ള
ദൃഢ ബന്ധം
ലോകരാജ്യങ്ങള്‍ക്കിടയില്‍ സര്‍വ മേഖലയിലും ഉയര്‍ന്ന സ്ഥാനം നേടുന്നതിനായി വിവിധ രാജ്യങ്ങളുമായി ഒട്ടേറെ പ്രാദേശിക-അന്താരാഷ്ട്ര കരാറുകളും ധാരണകളും സാമ്പത്തിക മന്ത്രാലയമുണ്ടാക്കി. ദക്ഷിണ കൊറിയ, ജര്‍മനി, ഇറ്റലി, സ്വീഡന്‍, കാനഡ എന്നീ പ്രധാന രാജ്യങ്ങളുമായി 15ലധികം കരാറുകളിലാണ് യു എ ഇ ഒപ്പുവെച്ചിട്ടുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ദൃഢപ്പെടുത്തുന്നതിനും വിജ്ഞാനവും സാങ്കേതികതയും കൈമാറുന്നതിനും ചെറുകിട-ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് ഒന്നിച്ചു മുന്നോട്ടു പോകുന്നതിനുമുള്ള കരാറുകളാണ് ഇവയിലധികവും.

അന്താരാഷ്ട്ര
ഉച്ചകോടികള്‍
വാണിജ്യ, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിലെ വികസനത്തിനായി ഈ വര്‍ഷംതന്നെ നിരവധി അന്താരാഷ്ട്ര ഉച്ചകോടികളിലും മേഖലയിലെ രാജ്യങ്ങളുമൊത്തുള്ള പ്രധാന യോഗങ്ങളിലും യു എ ഇ പങ്കെടുത്തു. ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ (ജി സി സി), അറബ് ലീഗ്, പടിഞ്ഞാറന്‍ ഏഷ്യക്കായുള്ള യു എന്‍ എകണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ എന്നിവയുടെ ഉച്ചകോടിയില്‍ നിര്‍ണായക സാന്നിധ്യമാണ് യു എഇ.
സംയുക്ത സാമ്പത്തിക വളര്‍ച്ചക്കായി കൊറിയ, കാനഡ, കൊളംബിയ, തായ്‌ലാന്‍ഡ്, ഖത്വര്‍, വിയറ്റ്‌നാം, റഷ്യ, ബെലാറസ്, താന്‍സാനിയ എന്നീ രാജ്യങ്ങളുമായി നിരവധി യോഗങ്ങളും സാമ്പത്തിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യു എ ഇ നടത്തി.
ഉപഭോക്തൃ സംരക്ഷണവും വിനോദസഞ്ചാര മേഖലയെ പ്രധാന്യത്തോടെ നോക്കിക്കാണുന്നതുമെല്ലാം യു എ ഇയുടെ സമ്പദ് വ്യവസ്ഥക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്. വാണിജ്യ വ്യവഹാരങ്ങള്‍ക്കുള്ള ഇലക്‌ട്രോണിക്, സ്മാര്‍ട് ഇടപാടുകളും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നു. മേഖലയില്‍ തന്നെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധമാണ് സ്മാര്‍ട് സര്‍വീസുകളില്‍ യു എ ഇയുടെ നേട്ടം.

Latest