ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന മികവിന് ദുബൈടാക്‌സികളില്‍ നിരീക്ഷണ ക്യാമറകള്‍

Posted on: December 10, 2016 5:06 pm | Last updated: December 14, 2016 at 9:09 pm

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക് കീഴിലെ മുഴുവന്‍ ടാക്‌സികളിലും ഡ്രൈവര്‍മാരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍. 9,500 ഓളം വരുന്ന ടാക്‌സികളില്‍ ഘട്ടംഘട്ടമായാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക.
2018 ആദ്യത്തോടെ പദ്ധതി മുഴുവന്‍ ടാക്‌സികളിലും നടപ്പില്‍വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ആദ്യത്തില്‍ തിരഞ്ഞെടുത്ത ടാക്‌സികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന ശേഷി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഇത് മൂലം കഴിഞ്ഞിട്ടുണ്ട്.
അടുത്ത വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി ആര്‍ ടി എക്ക് കീഴിലുള്ള മുഴുവന്‍ ഫ്രാഞ്ചൈസികളിലും പദ്ധതി നടപ്പില്‍വരുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018 ആദ്യത്തോടെ എമിറേറ്റിലെ എല്ലാ ടാക്‌സികളിലും പദ്ധതി നടപ്പില്‍ വരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ ടി എ ട്രാന്‍സ്‌പോര്‍ട് സെക്ഷന്‍ ഡയറക്ടര്‍ ആദില്‍ ശാകിരി പറഞ്ഞു. നിരീക്ഷണ ക്യാമറകള്‍ യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമറകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയുടെ ഓപറേഷന്‍ കമാന്‍ഡ് സെന്ററുമായി (ഒ സി സി) ബന്ധിപ്പിക്കും. എങ്കിലും ഇത്തരം ക്യാമറകള്‍ ലൈവ് ആയി ദൃശ്യങ്ങള്‍ പകര്‍ത്തില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ ഒ സി സി റൂമില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സൗകര്യമുണ്ട്. ഡ്രൈവറുടെ പ്രവര്‍ത്തന രീതികള്‍ നിരീക്ഷിക്കുന്നതോടൊപ്പം പരാതി സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ക്യാമറ ഫൂട്ടേജ് സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി തുടര്‍ഘട്ടമെന്നോണം സി സി ടി വി ക്യാമറകള്‍ ടാക്‌സികളില്‍ ഘടിപ്പിച്ച് മുഴുസമയം നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് യാത്ര കൂടുതല്‍ ആസ്വാദകരമാക്കുന്നതിനും സംതൃപ്തി നല്‍കുന്നതിനും ടാക്‌സികളില്‍നിന്ന് ആര്‍ ടി എ ആസ്ഥാനവുമായി സമ്പര്‍ക്കം പുലര്‍ത്താവുന്ന വിധത്തില്‍ എല്‍ സി ഡികള്‍ ഘടിപ്പിക്കുമെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ലിമോസിന്‍ ടാക്‌സികളില്‍ വൈഫൈ സംവിധാനവും ഏര്‍പെടുത്തിയിരുന്നു. യാത്രക്കാര്‍ക്കായി ജി പി എസ് സംവിധാനം, നോള്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്‌സികളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ ആര്‍ ടി എ നിലവില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.