Connect with us

Kozhikode

പീഡനക്കേസ് പ്രതിയെ രക്ഷിക്കാന്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Published

|

Last Updated

അസീസ്‌

താമരശ്ശേരി: പീഡനക്കേസില്‍ റിമാന്‍ഡിലായ പ്രതിയെ രക്ഷിക്കാമെന്ന പേരില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. അറബിക്കല്യാണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തല്‍ പതിവാക്കിയ അരീക്കോട് പുവ്വത്തിക്കല്‍ പൂളക്കചാല്‍ അസീസ്(34) എന്ന അറബി അസീസാണ് പിടിയിലായത്.

പതിനാറ് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവമ്പാടി തൊണ്ടിമ്മല്‍ മുണ്ടോംകുഴിയില്‍ ജിജുവിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്നും പറഞ്ഞ് ജിജുവിന്റെ സഹോദരനില്‍നിന്നും 11600 രൂപ കൈക്കലാക്കിയെന്നാണ് കേസ്. നേരത്തെ തട്ടിപ്പ് കേസില്‍ ജയിലിലായപ്പോഴാണ് മറ്റൊരു പീഡനക്കേസില്‍ ജയിലിലായ ജിജുവിനെ പരിചയപ്പെട്ടത്. കഴിഞ്ഞ ക്‌ടോബറില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ ജയിലിലെത്തിയ ജിജുവിനെ ജയിലിന്റെ കവാടത്തില്‍വെച്ചാണ് അസീസ് വീണ്ടും കണ്ടുമുട്ടുന്നത്.
ജിജുവിന്റെ വീട് അന്വേഷിച്ചെത്തിയ അസീസ് പോലീസാണെന്ന് പരിചയപ്പെടുത്തി ആദ്യം 1600 രൂപയും പിന്നീട് ആറായിരം രൂപയും മൂന്നാം തവണ നാലായിരം രൂപയും കൈക്കലാക്കി. കേസന്വേഷിക്കുന്നത് സി ഐ ആണെന്നും പണം നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി വിവരം തിരുവമ്പാടി പോലീസില്‍ അറിയിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
താമരശ്ശേരി ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകള്‍ നിലവിലുണ്ട്.

നിര്‍ധന കുടുംബങ്ങളിലെ വിവാഹപ്രായം കഴിഞ്ഞ പെണ്‍കുട്ടികളെ അറബിയെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.