ഡി സി സി വനിതാ അധ്യക്ഷ വരുന്നത് രണ്ട് ദശാബ്ദത്തിന് ശേഷം

Posted on: December 9, 2016 9:31 am | Last updated: December 9, 2016 at 9:31 am
SHARE

കൊല്ലം: സംസ്ഥാനത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനത്ത് ഒരു വനിതാ നേതാവിനെ തീരുമാനിക്കുന്നത് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം. ബിന്ദു കൃഷ്ണയിലൂടെ കൊല്ലം ജില്ലക്ക് ലഭിക്കുന്നതാകട്ടെ രണ്ടാമൂഴം. കോണ്‍ഗ്രസ് നേതാവായിരുന്ന കളങ്ങര കുഞ്ഞികൃഷ്ണന്റെ ഭാര്യയായ സരസ്വതി കുഞ്ഞികൃഷ്ണനായിരുന്നു ഇതിന് മുമ്പ് ഡി സി സി പ്രസിഡന്റായിരുന്ന വനിത. 1980- 90 കാലഘട്ടത്തിനിടയില്‍ ചുരുങ്ങിയ കാലം കൊല്ലം ജില്ലയുടെ അധ്യക്ഷയായി വന്ന അവര്‍ പിന്നീട് ദേവസ്വം ബോര്‍ഡ് അംഗമായതോടെ സ്ഥാനം രാജി വെച്ചു.

നിലവില്‍ ഡി സി സി പ്രസിഡന്റാകാന്‍ പരിശ്രമിച്ച നാല് വനിതാ നേതാക്കളില്‍ മൂന്ന് പേരെയും നിരാശരാക്കിയാണ് കൊല്ലത്ത് നിന്നുള്ള ബിന്ദു കൃഷ്ണക്ക് മാത്രം നറുക്ക് വീണത്. തൃശൂര്‍ ജില്ലയില്‍ അധ്യക്ഷയാകാന്‍ ശ്രമം നടത്തിയ പത്മജ വേണുഗോപാല്‍, കോട്ടയം ജില്ലയില്‍ നിന്നും ലതികാ സുഭാഷ്, തിരുവനന്തപുരം ജില്ലയില്‍ രമണി പി നായര്‍ എന്നിവര്‍ക്കാണ് ഡി സി സി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്നത്. കൊല്ലം ചാത്തന്നൂര്‍ കട്ടച്ചല്‍ സ്വദേശിനിയാണ് ബിന്ദു കൃഷ്ണ. എം എ, എല്‍ എല്‍ എം ബിരുദധാരിയാണ്. കൊല്ലം എസ് എന്‍ കോളജില്‍ പഠിക്കുമ്പോള്‍ കെ എസ് യു വിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ രാഷ്ട്രീയ പ്രവേശം. 2010ലാണ് ആദ്യമായി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. 2010ല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ നിന്നും ജനവിധി തേടിയെങ്കിലും സി പി ഐ യുടെ ജി എസ് ജയലാലിനോട് പരാജയപ്പെട്ടു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സി പി എം ന്റെ എ സമ്പത്തിനോടും പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കൃഷ്ണ കുമാര്‍ ആണ് ഭര്‍ത്താവ്. ഒരു മകനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here