Connect with us

Kerala

നടപടികള്‍ക്ക് പകരം പിന്തിരിപ്പിക്കാന്‍ ശ്രമിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി സാധനങ്ങളുടെ വില്‍പ്പനക്കാരായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം അവരെ അത്തരം സാഹചര്യങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ആത്മാര്‍ഥ ശ്രമമാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്തരം ആപത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ പുതിയ തലമുറയെ ലഹരിക്ക് അടിമകളാക്കി വിപണി കണ്ടെത്തുന്ന ഡ്രഗ് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. വ്യക്തമായ ഗൂഢാലോചന ഇക്കാര്യത്തിലുണ്ട്. കേരളത്തില്‍ വിപണി വിപുലപ്പെടുത്താന്‍ കുട്ടികളെ ഉപയോഗിക്കുകയാണ്. വില്‍പ്പനക്കാരായി നിശ്ചയിക്കുന്നതും കുട്ടികളെ തന്നെയാണെന്നത് ഗൗരവത്തിലെടുക്കും.
യുവാക്കളെ നിഷ്‌ക്രിയരാക്കി മാറ്റുക കൂടി മാഫിയയുടെ ലക്ഷ്യമാണെന്ന് മനസ്സിലാക്കുന്നു. കേരളത്തില്‍ ഇത്തരത്തില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനും വില്‍പ്പനക്കുമെതിരേ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോലീസുമായി സഹകരിച്ച് ഷാഡോ സംവിധാനം ആരംഭിച്ചിട്ടുണ്ട്.

നിലവിലുള്ള എന്‍ ഡി പി സി ആക്ടിലെ പഴുത് ഉപയോഗിച്ച് ലഹരി മാഫിയ രക്ഷപ്പെട്ട് പോകുകയാണ്. അത് കൊണ്ട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോ കഞ്ചാവ് വരെ കൈവശം വെച്ചാല്‍ അവര്‍ക്ക് ജാമ്യം ലഭിക്കുമെന്ന അവസ്ഥ ഇത്തരക്കാര്‍ക്ക് സംരക്ഷണമാകുകയാണ്. നടപടികളോടൊപ്പം വിപുലമായ ബോധവത്കരണവും സര്‍ക്കാര്‍ സ്വീകരിക്കും. നിരോധനമല്ല വര്‍ജനമാണ് സര്‍ക്കാര്‍ നയം.
ജില്ലാ തലങ്ങളില്‍ നിലവിലുള്ള ഡീ അഡിക്ഷന്‍ സെന്ററുകള്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം എക്‌സൈസ് നേതൃത്വത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പുതിയ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

Latest