പാലത്ത്-എരവന്നൂര്‍ റോഡിലെ ദുരിതയാത്രക്ക് പരിഹാരമായില്ല

Posted on: December 8, 2016 9:46 pm | Last updated: December 8, 2016 at 10:27 pm
SHARE

നരിക്കുനി: പാലോളിത്താഴം-എരവന്നൂര്‍-പാലത്ത് റോഡില്‍ എരവന്നൂര്‍ കരിമ്പനക്കല്‍ താഴം മുതല്‍ പാലത്ത് വരെയുള്ള ദുരിതയാത്രക്ക് പരിഹാരമായില്ല. ജനകീയ സമരസമിതി റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിട്ടും കുഴികള്‍ നിറഞ്ഞ റോഡിലൂടെ നടുവൊടിക്കുന്ന യാത്ര തന്നെ ആശ്രയം. കരിമ്പനക്കല്‍താഴം മുതല്‍ പാലത്ത് വരെ 1.7 കിലോമീറ്റര്‍ ദൂരത്തെ റോഡാണ് കാല്‍നടയാത്ര പോലും ദുഷ്‌കരമായി തീര്‍ന്നിട്ടുള്ളത്. കുഴികളില്‍ പലതവണ ക്വാറിവേസ്റ്റ് നികത്തിയിട്ടുണ്ടെങ്കിലും കുഴികള്‍ക്ക് കുറവൊന്നുമില്ല. ചില ഭാഗങ്ങളില്‍ റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാലത്ത്- പാലോളിത്താഴം റോഡില്‍ മൂന്ന് വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാല്‍ കരിമ്പനക്കല്‍താഴം മുതല്‍ പാലത്ത് വരെയുള്ള ഭാഗത്ത് ജപ്പാന്‍ പദ്ധതിയുടെ പൈപ്പിടുന്ന പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ റോഡ് പണി നടന്നില്ല. ഇതാണ് ദുരിതയാത്രക്ക് കാരണമായത്. പാലോളിത്താഴം മുതല്‍ എരവന്നൂര്‍ കരിമ്പനക്കല്‍ താഴം വരെയുള്ള ഭാഗം സമയബന്ധിതമായി നവീകരിക്കുകയും ചെയ്തു.
ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പത്തോളം ബസുകളും ഇതുവഴി സര്‍വീസ് നടത്തുന്നു. ഏറെക്കാലത്തെ പ്രക്ഷോഭത്തിന് ശേഷമായിരുന്നു റോഡ് പ്രവൃത്തിക്ക്ഫണ്ടനുവദിച്ചത്. റോഡ് നവീകരണം പൂര്‍ത്തീകരിച്ചതിന്റെ ബില്ല് നല്‍കി ബാക്കി ഭാഗത്തിന്റെ പ്രവൃത്തി ടെന്‍ഡര്‍ റദ്ദാക്കിയിട്ടുണ്ട്. ഇനി പുതിയ ടെന്‍ഡര്‍ നടത്തിയിട്ടേ ഈ ഭാഗത്തെ പ്രവൃത്തികള്‍ നടക്കുകയുള്ളൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here