Connect with us

Kasargod

മരണത്തിന് മുമ്പ് മജിസ്‌ട്രേറ്റിനെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ദൃക്‌സാക്ഷിമൊഴി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണ(45)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം അന്തിമ ഘട്ടത്തില്‍. നവംബര്‍ ഒമ്പതിന് രാവിലെയാണ് മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണനെ വിദ്യാനഗറിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. മരണത്തിന് മുമ്പ് മജിസ്‌ട്രേറ്റിനെ ഒരു അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് മുമ്പ് മജിസ്‌ട്രേറ്റും മൂന്ന് അഭിഭാഷകരും കര്‍ണാടക സുബ്രഹ്മണ്യയിലെ റിസോര്‍ട്ടില്‍ മൂന്ന് യുവതികളോടൊപ്പം തങ്ങുകയും മദ്യസത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.

പിന്നീട് മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് ഓട്ടോ വാടകക്ക് വിളിച്ചുകൊണ്ടുപോകുകയും അവിടെ വെച്ച് അമിതവാടകയെ ചൊല്ലി ഓട്ടോ ഡ്രൈവറുമായി വാക്കേറ്റം നടത്തുകയും പോലീസ് പിടിയിലാകുകയും ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദനത്തിനിരയായ മജിസ്‌ട്രേറ്റ് കാസര്‍കോട്ട് തിരിച്ചെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എത്തിയ അഭിഭാഷകനാണ് ഭീഷണി മുഴക്കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ അഭിഭാഷകന്‍ അടക്കമുള്ള സംഘമാണ് റിസോര്‍ട്ടില്‍ മജിസ്‌ട്രേറ്റിനൊപ്പം എത്തിയിരുന്നത്.

കര്‍ണാടക യാത്രക്ക് മൂന്നാഴ്ച മുമ്പ് അഭിഭാഷകനും മജിസ്‌ട്രേറ്റും തമ്മില്‍ കോടതിയില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കം കൈയാങ്കളിയുടെ വക്കില്‍ വരെ എത്തിയിരുന്നു. അഭിഭാഷകന്റെ കക്ഷിയുടെ ജാമ്യക്കാര്‍ക്ക് മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്‍ പിഴ വിധിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ആശുപത്രിയിലെ ഭീഷണിയും. മജിസ്‌ട്രേറ്റിന്റെ സഹായിയുടെ മുന്നില്‍ വെച്ചായിരുന്നു അഭിഭാഷകന്റെ ഭീഷണി. സഹായിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പുറത്തുവന്നത്. മജിസ്‌ട്രേറ്റിന്റെ ആത്മഹത്യയുമായി ഈ ഭീഷണിക്ക് ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഉണ്ണികൃഷ്ണനെ കര്‍ണാടകയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റിനെ ആസൂത്രിതമായി കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. മജിസ്‌ട്രേറ്റും അഭിഭാഷകരും യുവതികളോടൊപ്പം തങ്ങിയ റിസോര്‍ട്ടിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് മജിസ്‌ട്രേറ്റിന്റെ കൂടെ മൂന്ന് യുവതികളും അഭിഭാഷകരും വ്യവസായിയും ഉണ്ടായിരുന്നതായി വ്യക്തമായത്. ഇവരില്‍ അഭിഭാഷകരെയും വ്യവസായിയെയും ചോദ്യം ചെയ്തു. യുവതികളില്‍ ഒരാള്‍ ഒരു കേസിലെ പരാതിക്കാരിയും മറ്റ് രണ്ട് പേര്‍ മംഗളുരു സ്വദേശിനികളുമാണ്. ഇവരെ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും.

 

---- facebook comment plugin here -----

Latest