നോട്ട് അസാധുവാക്കല്‍: സംസ്ഥാനത്തിന് നഷ്ടം 838 കോടി

Posted on: December 8, 2016 6:58 am | Last updated: December 8, 2016 at 8:37 pm
SHARE

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ആദ്യ മാസം സംസ്ഥാന വരുമാന നഷ്ടം 838 കോടി രൂപ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ചാണ് ഈ നഷ്ടക്കണക്ക്. നവംബറിലെ പ്രതീക്ഷിത നികുതി വരുമാന വളര്‍ച്ച 19 ശതമാനമായിരുന്നതിനാല്‍ അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നഷ്ടം വളരെ കൂടുതലാണ്. ഒക്‌ടോബറിലെ 17 ശതമാനത്തില്‍ നിന്ന് നവംബറിലെ വളര്‍ച്ച 13ലേക്ക് താഴ്ന്നു. വാണിജ്യ നികുതിയിലും ലോട്ടറിയിലുമാണ് ചോര്‍ച്ച കൂടുതല്‍.

വാറ്റ്, എക്‌സൈസ് ഡ്യൂട്ടി, ഭൂമി രജിസ്‌ട്രേഷന്‍, ലോട്ടറി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. ഒക്‌ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ലോട്ടറിയില്‍ നിന്നുള്ള വരുമാന നഷ്ടം 362.63 കോടി രൂപയാണ്. വാണിജ്യ നികുതി വരുമാനത്തില്‍ 281.99 കോടി രൂപയുടെയും മോട്ടോര്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ ഇനത്തില്‍ 94.45 കോടി രൂപയുടെയും ഭൂമി രജിസ്‌ട്രേഷനില്‍ 98.79 കോടി രൂപയുടെയും നഷ്ടം സംഭവിച്ചു. വാണിജ്യ നികുതിയിനത്തില്‍ ഒക്‌ടോബറില്‍ നടക്കുന്ന ഇടപാടുകളില്‍ നിന്നുള്ള വരുമാനമാണ് നവംബറില്‍ ട്രഷറികളിലെത്തുന്നത്. കറന്‍സി ക്ഷാമവും വില്‍പ്പനയിലെ കുറവും മൂലം മുന്‍ മാസത്തെ നികുതി പോലും അടക്കാന്‍ കഴിഞ്ഞില്ലെന്നാണ് നവംബറിലെ വരുമാന ഇടിവ് സൂചിപ്പിക്കുന്നത്. എന്നാല്‍, നോട്ട് അസാധുവാക്കിയ നവംബറില്‍ വില്‍പ്പന കുത്തനെ കുറഞ്ഞതിനാല്‍ ഈ മാസം വാണിജ്യ നികുതി ഇനത്തില്‍ വലിയ ചോര്‍ച്ച സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.

3028.5 കോടി രൂപയായിരുന്നു ഒക്‌ടോബറില്‍ വാണിജ്യ നികുതി വരുമാനം. നവംബറില്‍ ഇത് 2746.5 കോടി രൂപയായി ആയി കുറഞ്ഞു. മുന്‍ വര്‍ഷം നവംബറിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 13.20 ശതമാനമാണ് വളര്‍ച്ച.

ഒരാഴ്ചത്തെ ലോട്ടറി ഉപേക്ഷിച്ചിരുന്നു. നവംബര്‍ 20 മുതല്‍ 26 വരെയുള്ള പ്രതിവാര ലോട്ടറികള്‍ റദ്ദാക്കുകയും ചെയ്തു. ഒക്‌ടോബറില്‍ 735.33 കോടി രൂപയായിരുന്നു ലോട്ടറിയില്‍ നിന്നുള്ള വരുമാനം. നവംബറില്‍ ഇത് 372.7 കോടി രൂപയായി. മുന്‍ വര്‍ഷ നവംബറുമായി ഒത്തുനോക്കുമ്പോള്‍ 31.01 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
എക്‌സൈസ് വകുപ്പില്‍ ഒക്‌ടോബറിലെ വരുമാനം 157.77 കോടി രൂപയായിരുന്നു. നവംബറില്‍ അത് 158.77 കോടിയായി. ഭൂമിയുടെ കൈമാറ്റം സ്തംഭിച്ച സാഹചര്യമാണുള്ളത്. രജിസ്‌ട്രേഷനില്‍ ഒക്‌ടോബറിലെ 250 കോടിയില്‍ നിന്ന് വരുമാനം 151.44 കോടിയിലേക്ക് താഴ്ന്നു. വളര്‍ച്ച 18.92 ശതമാനത്തില്‍ നിന്ന് 17.51 ശതമാനമായി. മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഒക്‌ടോബറിലെ വരുമാനം 277.53 കോടിയില്‍ നിന്ന് നവംബര്‍ ആയതോടെ 183.03 കോടിയിലേക്ക് താഴ്ന്നു. കെ എസ് ആര്‍ ടി സിക്കും പ്രതിദിനം 35 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെങ്കിലും ടൂറിസം രംഗത്തും ഏതാണ്ട് 400 കോടി രൂപയുടെ വരുമാനനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

ഡിസംബറില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ആഘോഷ സമയമായതിനാല്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ നേരത്തെ നല്‍കുന്നതാണ് രീതി. വരുമാന നഷ്ടം വര്‍ധിക്കുമെന്നതിനാല്‍ ഈ മാസത്തെ ശമ്പളം നല്‍കാന്‍ കൂടുതല്‍ തുക വായ്പയെടുക്കേണ്ടിവരും. ബജറ്റില്‍ നിര്‍ദേശിച്ചതടക്കം വികസന പദ്ധതികളുടെ നടത്തിപ്പിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here