Connect with us

Ongoing News

മൈസൂരുകാരി; പഠനത്തില്‍ മിടുക്കി

Published

|

Last Updated

തമിഴ്മക്കളുടെ സ്വന്തം തലൈവി തമിഴ് വംശജയല്ല. മൈസൂരിലെ കന്നഡ കുടുംബത്തിലാണ് ജനനം. 1948ല്‍. ബംഗളുരുവില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തമിഴ്‌നാട്ടിലേക്ക് പറിച്ചുനടപ്പെട്ടത്. അമ്മ സന്ധ്യക്ക് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍. പഠിക്കാന്‍ മിടുക്കിയായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ പ്രസന്റേഷന്‍ കോണ്‍വെന്റില്‍ നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഉപരിപഠനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌ക്കോളര്‍ഷിപ്പ് ലഭിച്ചു. പക്ഷേ, അമ്മയുടെ പാതയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടക്കാനാണ് ജയ തീരുമാനിച്ചത്. തീരുമാനം പാളിയില്ല. ജയ തമിഴ് സിനിമ കീഴടക്കി.

ഭരതനാട്യവും മോഹനിയാട്ടവും കഥക്കും ശീലിച്ച ജയക്ക് അഭിനയം ആയാസമില്ലാത്തതായിരുന്നു. വൈകാതെ എം ജി ആറിന്റെ പ്രിയപ്പെട്ട നായികയായി. ഇംഗീഷ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. എം ജി ആറുമായുള്ള അടുപ്പം ജയയെ തമിഴ് രാഷ്ട്രീയം പഠിപ്പിച്ചു. ഇവരുടെ അടുപ്പത്തെക്കുറിച്ച് അസൂയാലുക്കള്‍ പലതും പറഞ്ഞു നടന്നിരുന്നു അക്കാലത്ത്. കരുണാനിധിയുമായി തെറ്റി എം ജി ആര്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ചപ്പോള്‍ ജയലളിത അതില്‍ അംഗമായി. വൈകാതെ നേതൃനിരയിലുമെത്തി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍.

വൈകാതെ രാജ്യസഭാംഗവും. 1987ല്‍ എം ജി ആര്‍ മരിച്ചതോടെ സ്ഥിതി മാറി. എ ഐ എ ഡി എം കെ നേതാക്കള്‍ ജയയെ തള്ളിപ്പറഞ്ഞു. “പിഴച്ചവള്‍” എന്ന് വിളിച്ച് ആക്ഷേപിച്ചു. രണ്ടു വര്‍ഷത്തിനിപ്പുറം ജയലളിത തന്റെ ജനപിന്തുണ തെളിയിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയയുടെ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷമായി. ജയ പ്രതിപക്ഷ നേതാവ്.
തമിഴ്‌നാട് നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്. അതോടെ ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു. ഔദ്യോഗിക എ ഐ എ ഡി എം കെക്കാരുടെ പത്തി താണു. അവര്‍ തലൈവിയെ തേടി വന്നു, മാപ്പിരന്നു. എതിരാളിയെ അടിച്ചു വീഴ്ത്താന്‍ മത്രമല്ല മറക്കാനും പൊറുക്കാനും തിരശ്ശീലയിലൂടെ എം ജി ആര്‍ പഠിപ്പിച്ചിരുന്നു. തലൈവി ക്ഷമിച്ചു.