Connect with us

Ongoing News

ഭരണത്തുടര്‍ച്ച; കോടതി വിധിയുടെ തിരിച്ചടി

Published

|

Last Updated

2011ല്‍ 13 പാര്‍ട്ടുകളുടെ സഖ്യത്തിന്റെ ശക്തിയോടെയായിരുന്നു എ ഐ എ ഡി എം കെ ഗംഭീര വിജയം നേടിയത്. സ്വാഭാവികമായും ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. 2011 മെയ് 16ന് മൂന്നാമതും മുഖ്യമന്ത്രി. തോഴി ശശികലയടക്കം 13 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ജയലളിത ശക്തമായ തീരുമാനമെടുത്തത് ഈ ഘട്ടത്തിലാണ്. 2014ല്‍ അനധികൃത സ്വത്ത് സമ്പാദക്കേസില്‍ ബെംഗളൂരു കോടതി ജയലളിതക്കും കൂട്ടു പ്രതികള്‍ക്കും നാല് വര്‍ഷം തടവും 100 കോടി പിഴയും വിധിച്ചതോടെ ജയയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചുവെന്ന് തോന്നിച്ചതാണ്. ഒരിക്കല്‍ കൂടി പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി. 2014 ഒക്‌ടോബറില്‍ സുപ്രീം കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ശിക്ഷ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. അതോടെ പനീര്‍ ശെല്‍വം ഒരിക്കല്‍ കൂടി സീറ്റൊഴിഞ്ഞു. 2015 മെയ് 23ന് തലൈവി വീണ്ടും മുഖ്യമന്ത്രി കസേരയില്‍.

2016 മെയിലെ തിരഞ്ഞെടുപ്പില്‍ നല്ല മത്സരം കാഴ്ചവെക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. ഡി എം കെ മത്സരിച്ച സീറ്റുകളില്‍ പകുതി നേടി. പക്ഷേ സഖ്യ കക്ഷികള്‍ പ്രതീക്ഷ തെറ്റിച്ചു. “എന്നെ എല്ലാവരും ചേര്‍ന്ന് എതിര്‍ത്തിട്ടും ഞാന്‍ അതിജീവിച്ചു” എന്ന് പറയാന്‍ ജയലളിതക്ക് അവസരം നല്‍കി എ ഐ ഡി എം കെ തന്നെ വിജയം വരിച്ചു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും 1984ന് ശേഷം ഇതാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടായി. ഇത്തവണ ജനപ്രിയ പദ്ധതികളുടെ മലവെള്ളപ്പാച്ചില്‍ തന്നെയാണ് തമിഴ് മക്കളുടെ സ്വന്തം അമ്മ സൃഷ്ടിച്ചത്. ചെന്നൈ വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങളുണ്ടായെങ്കിലും ജനപ്രീതിക്ക് ഒരു കുറവും ഉണ്ടായില്ല. ഇങ്ങനെ സ്‌നേഹമയിയായിരിക്കെയാണ് ജയലളിത രോഗഗ്രസ്തയായി ആശുപത്രിയിലാകുന്നതെന്നും ഒടുവില്‍ നിതാന്ത നിശ്ശബ്ദതയിലേക്ക് ഒടുങ്ങുന്നതും.