നാട്ടിക അക്കാദമിക്കും ഗുരുവിനും സുവര്‍ണ നേട്ടം സമര്‍പ്പിച്ച് ശിഷ്യര്‍

Posted on: December 5, 2016 11:04 am | Last updated: December 5, 2016 at 11:04 am
SHARE
അതുല്യയും ആന്‍സി സാജനും വി വി കണ്ണനൊപ്പം
അതുല്യയും ആന്‍സി സാജനും വി വി കണ്ണനൊപ്പം

തേഞ്ഞിപ്പലം: ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ പി എ അതുല്യയും ജൂനിയര്‍ ഗേള്‍സ് ലോംഗ്ജംപില്‍ സ്വര്‍ണം പിടിച്ചെടുത്ത ആന്‍സി സാജനും നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയുടെയും ഗുരു വി വി കണ്ണന്റെയും പ്രതീക്ഷ കാത്തു. പതിമൂന്ന് വര്‍ഷത്തെ പഴക്കമുള്ള അനിത എബ്രഹാമിന്റെ 35.17 ദൂരമാണ് 35. 41 എന്ന കണക്കില്‍ അതുല്യ തകര്‍ത്തത്. അവസാന അവസരത്തിലായിരുന്നു ഈ നേട്ടം.

ഇവര്‍ മാത്രമല്ല ജൂനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ വെങ്കലം നേടിയ സുഫ്‌ന ജാസ്മിന്‍, ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന വി ഡി അഞ്ജലി അടക്കം 14 പേരാണ് അവരുടെ കണ്ണന്‍ മാഷിനൊപ്പം സംസ്ഥാന കായികോത്സവ വേദിയിലുള്ളത്. ഇവരെല്ലാം നാട്ടിക ജി എം എച്ച് എസ് എസിലെ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങളാണ്. ബസ് ഡ്രൈവറായ അച്ഛന്‍ പരുവയ്ക്കല്‍ വീട്ടില്‍ അജയ്‌ഘോഷിന്റെയും ലതികയുടെയും മകളാണ് അതുല്യ. ആന്‍സിയുടെ പിതാവ് സാജന്‍ ഓട്ടോ ഡ്രൈവറാണ്. അമ്മ നാന്‍സി.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ അച്ഛനും സഹോദരന്‍ അമല്‍ഘോഷും അതുല്യയും അമ്മയുടെ നാടായ തളിക്കുളത്ത് ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ അതുല്യക്ക് നാട്ടിക പഞ്ചായത്ത് സ്വന്തമായി വീടു നിര്‍മിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രഖ്യാപനം നടപ്പായിട്ടില്ല.