Connect with us

Articles

വിജ്രംഭിക്കട്ടെ, ദേശക്കൂറ്‌

Published

|

Last Updated

സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം ഉയരുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കാരിയായ വനിതാ സുഹൃത്തിനൊപ്പം മുംബൈയിലെ തീയറ്ററില്‍ പോയ യുവാവ്, ആക്രമിക്കപ്പെട്ടത് ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ വനിതാ സുഹൃത്ത് എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരിലായിരുന്നു. മഹാരാഷ്ട്രയില്‍, ഗോവയില്‍, ഗുജറാത്തില്‍ ഒക്കെ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതിലുള്ള തീയറ്ററില്‍ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട സംഭവവമുണ്ടായി. ഇത്തരം കേസുകളൊക്കെ ഉണ്ടായ ഘട്ടങ്ങളില്‍, ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ഇന്ത്യന്‍ യൂണിയനില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടില്ല എന്ന വസ്തുത വിശദീകരിക്കപ്പെട്ടിരുന്നു. അത് തീയറ്ററുകളിലും ബാധകമാണെന്നും. ദേശീയ ഗാനത്തോട് മനഃപൂര്‍വം അനാദരവ് കാട്ടുന്നത് മാത്രമാണ് രാജ്യത്ത് കുറ്റകരമാക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.

തീയറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പതാകയുടെ ചിത്രം സഹിതം ദേശീയഗാനം കേള്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കുകയും ആ സമയത്ത് കാണികളൊക്കെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ദേശീയഗാനം പതിവായി അനാദരിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമുക്തഭടന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരുടെ ഇടക്കാല ഉത്തരവ്. സിനിമ ആരംഭിക്കുന്നതിന് മുമ്പ് തീയറ്ററുകളുടെ വാതിലുകള്‍ അടച്ച്, കാണികള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സാഹചര്യം ഇല്ലാതാക്കി വേണം ദേശീയഗാനം കേള്‍പ്പിക്കാനെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രാഥമികമായി ഇന്ത്യക്കാരനാണെന്ന തോന്നലാണ് ഈ ദേശത്ത് വസിക്കുന്ന ഒരാളില്‍ ഉണ്ടാകേണ്ടത്, മാതൃഭൂമിയോടുള്ള സ്‌നേഹം മനസ്സില്‍ രൂഢമൂലമാകുകയും വേണം തുടങ്ങിയ നിരീക്ഷണങ്ങളോടെയാണ് പരമോന്നത കോടതിയുടെ ഉത്തരവ്.
അടച്ചിട്ട മുറിയില്‍ എഴുന്നേറ്റുനിന്ന് ദേശീയഗാനം കേട്ടാല്‍ ഉണ്ടാകുന്നതാണോ ഈ തോന്നലുകള്‍ എന്ന ചോദ്യം കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇന്ത്യക്കാരനാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കേണ്ട ബാധ്യത ആരുടേതാണ് എന്നതും അതില്‍ രാജ്യത്തിനും അതിനെ നിയന്ത്രിക്കുന്നവര്‍ക്കുമുള്ള ഉത്തരവാദിത്തമെന്തെന്ന ചോദ്യവും പരമോന്നത കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. ജനസംഖ്യയില്‍ വലിയൊരു വിഭാഗം അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുകയും ജീവീതം മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനന്തമായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യക്കാരനെന്ന വികാരത്തിന്റെ പ്രാധാന്യവും മാതൃഭൂമിയോട് സ്‌നേഹമുണ്ടാകേണ്ടതിന്റെ ആവശ്യകതയും പഠിപ്പിക്കപ്പെടുന്നത്. അതിലെ യുക്തിരാഹിത്യവും അത് പഠിപ്പിക്കാന്‍ കണ്ടെത്തിയ വഴിയുടെ അപഹാസ്യതയും ജനത്തിന് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല.

ഏത് രാജ്യവും ഭരിക്കുന്നവരുടെ നിര്‍ണയങ്ങള്‍ക്ക് വിധേയമാണ്. അവരുടെ നിര്‍ണയങ്ങള്‍ പാലിക്കപ്പെടുക എന്നതാണ് രാജ്യത്തോട് കാട്ടുന്ന കൂറായി ഭരണകൂടം നിര്‍വചിക്കുന്നത്. ഭരണകൂടത്തിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ്, അത് ഏത് വിധത്തിലുള്ളതാണെങ്കിലും, സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടും. ഭാഷ, വേഷം, മതം, ജാതി, ഭക്ഷണം തുടങ്ങി പലതിലും വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്ത് അതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഭരണകൂടം പ്രകടിപ്പിക്കുമ്പോഴാണ് ഒരൊറ്റ ജനത എന്ന വികാരത്തിന് സാധ്യതയുണ്ടാകുക. അത്തരത്തിലൊരു പരിഗണന സ്വാതന്ത്ര്യത്തിന്റെ 69 വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് “ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്ന്” വടക്കന്‍ കിഴക്കന്‍ മേഖലയിലെ ജനതയില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും പറയുന്നത്. സ്വയം നിര്‍ണയാവകാശമോ സ്വാതന്ത്ര്യമോ വിവിധ ജനവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആ വിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിക്കാനോ പരിഹാരം കാണാനോ ഇത്രകാലത്തിനിടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വിഘടനവാദമെന്ന് ആരോപിച്ച് അടിച്ചമര്‍ത്തുകയും ജനം രാജ്യത്തിനൊപ്പമാണെന്ന് മേനി പറയുകയുമാണ് പതിവ്. അടിച്ചമര്‍ത്തലുകള്‍ തടസ്സം കൂടാതെ നടക്കാന്‍ പാകത്തില്‍ നിയമങ്ങള്‍ കൊണ്ടുവരികയും അത് മനുഷ്യത്വരഹിതമായി നടപ്പാക്കുകയും ചെയ്തതിന്റെ കൂടിയാണ് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം. അതിലെ നീതികേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ വര്‍ഷങ്ങളായി നീതിപീഠത്തിന്റെ പരിഗണനയില്‍ ഇരിക്കുകയും ചെയ്യുന്നു. അവയുടെയൊക്കെ മുകളിലിരുന്നാണ് പരമോന്നത കോടതി, അടച്ചിട്ട സിനിമാ ഹാളിലെ ദേശീയഗാനാലാപനം കേട്ട് രാജ്യസ്‌നേഹിയാകണമെന്ന് കല്‍പ്പിക്കുന്നത്.
ഇടക്കാല ഉത്തരവിലെ യുക്തിരാഹിത്യത്തേക്കാള്‍ പ്രധാനമാണ് അത് പുറപ്പെടുവിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യം. 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി, അധികാരത്തിലെത്തിയതിന് ശേഷം രാജ്യസ്‌നേഹം, ദേശീയത എന്നീ സങ്കല്‍പ്പങ്ങള്‍ ഏത് വിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആലോചിക്കേണ്ടതുണ്ട്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് നേതാവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു നല്‍കിയ പരാതിയില്‍ രോഹിത് വെമുല, ദേശദ്രോഹ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവനായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ തീവ്രവാദവും ദേശദ്രോഹവും പ്രചരിപ്പിക്കുന്ന സംഘങ്ങളിലെ അംഗമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതര്‍ക്ക് അയച്ച അഞ്ച് കത്തുകളിലും ദേശദ്രോഹ പ്രവൃത്തികളെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ആരാഞ്ഞിരുന്നു.

മാട്ടിറച്ചി നിരോധം മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം മൂലം നടപ്പാക്കിയതിന് പിറകെ മാട്ടിറച്ചി കഴിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് രാജ്യ വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ പേരിലാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു കൂട്ടം “രാജ്യ സ്‌നേഹി”കള്‍ തല്ലിക്കൊന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാട്ടിറച്ചിയുടെ പേരില്‍ പലരും മര്‍ദനത്തിന് ഇരയായത്. രാജ്യ സ്‌നേഹവും ദ്രോഹവും തീരുമാനിച്ചത് നിയമവ്യവസ്ഥയോ അത് വ്യവച്ഛേദിക്കാന്‍ നിയോഗിക്കപ്പെട്ട ആസനങ്ങളോ ആയിരുന്നില്ല. മറിച്ച് തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളായ സംഘപരിവാര സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു. പുതിയ മാനദണ്ഡങ്ങളനുസരിച്ച് നിശ്ചയിക്കപ്പെട്ട “രാജ്യസ്‌നേഹം” പരിപാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്ന് പ്രഖ്യാപിച്ചവരില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി അധികാരത്തിലെത്തിയവരുമുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് മൗനം കൊണ്ട് പിന്തുണ നല്‍കിയിരുന്നു പരമാധികാരി.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഉയര്‍ന്നുവെന്ന് പറയപ്പെടുന്ന മുദ്രാവാക്യത്തിന്റെ പേരിലും പലരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. അവരെ കോടതി മുറിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ആക്രമിച്ചൊതുക്കാന്‍ സന്നദ്ധരായി നിന്നിരുന്നു നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ കറുത്ത കോട്ടുകാര്‍. രാജ്യദ്രോഹികളെ ഇനിയും ആക്രമിക്കുമെന്ന് ആക്രോശിക്കാന്‍, പരമോന്നത നീതി പീഠത്തിന്റെ ഇടപെടലിന് ശേഷവും, ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അതേക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടിയുണ്ടായതായി കേട്ടുകേള്‍വിയില്ല. ഈ സാഹചര്യത്തില്‍ ദേശക്കൂറ് സിനിമാ തീയറ്ററില്‍ പുലരണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതുണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ചൊരു ധാരണ ഉയര്‍ന്ന ന്യായാസനങ്ങള്‍ക്ക് വേണ്ടതാണ്.
തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന് പത്ത് ദിവസത്തെ സമയമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാത്തവരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും? അങ്ങനെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഇല്ലെന്നാണ് പരിമിതമായ നിയമജ്ഞാനം. സുപ്രീം കോടതിയുടെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ദേശീയഗാനത്തിന്റെ പേരില്‍ അക്രമത്തിന് മടികാട്ടാതിരുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് പുതിയ സാഹചര്യം തുറന്ന് നല്‍കുന്ന അവസരം ചെറുതല്ലെന്ന് ചുരുക്കം. ദേശസ്‌നേഹം പ്രകടിപ്പിക്കാത്തവനെ കൈകാര്യം ചെയ്യുന്നതില്‍ എന്ത് തെറ്റെന്നാകും ചോദ്യം. പരമോന്നത കോടതിയുടെ നിര്‍ദേശം പാലിക്കാത്തവന് രാജ്യത്ത് പൊറുക്കാന്‍ എന്ത് അവകാശം? നിയമവ്യവസ്ഥ ശിക്ഷ നിര്‍വചിക്കാത്ത സാഹചര്യത്തില്‍ അത് തീരുമാനിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്തം രാജ്യസ്‌നേഹികള്‍ക്കല്ലെങ്കില്‍ മറ്റാര്‍ക്കാണ്?

രാജ്യത്തിന് വേണ്ടി സകലതും സഹിക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണമാണ് നടക്കുന്നത്. അത്യാവശ്യത്തിനുള്ള പണത്തിന് വേണ്ടി ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നത് പൗരന്റെ കടമയായി, രാജ്യസ്‌നേഹത്തിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സാഹചര്യം. അങ്ങനെ വരിനിന്ന് അനുസരണ കാട്ടുന്നവര്‍ക്കുള്ളതാണ്, അല്ലെങ്കില്‍ അവര്‍ക്ക് മാത്രമുള്ളതാണ് രാജ്യമെന്ന സന്ദേശം നല്‍കപ്പെടുന്ന അന്തരീക്ഷവും. അതില്‍ വമുഖത കാട്ടുന്നവര്‍, അതിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെ കണക്കില്‍പ്പെടാത്ത ധനമൊളിപ്പിക്കുന്നതിനെ പിന്താങ്ങുന്ന സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ദുരിതമനുഭവിക്കുന്ന ജനതയുടെ കാര്യത്തില്‍ പ്രകടിപ്പിക്കപ്പെടാത്ത ജാഗ്രത, സിനിമാ ഹാളുകളിലെ ദേശീയഗാനത്തിന്റെ കാര്യത്തിലുണ്ടാകുമ്പോള്‍ നീതിന്യായ സംവിധാനം ഏത് പക്ഷത്താണെന്ന ചോദ്യം സ്വാഭാവികമാണ്. അനുസരണയുള്ള ജനതയെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂടം നടത്തുന്ന യത്‌നത്തിന്റെ മറ്റൊരു മുഖമായി മാത്രമേ സിനിമാഹാളിലെ ദേശീയ ഗാനാലാപനത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെയും കാണാനാകൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest