ബേങ്കില്‍ ആവശ്യത്തിന് പണമില്ല: തൊഴിലാളികളും ജീവനക്കാരും ശമ്പളം മുടങ്ങുമെന്ന ഭീതിയില്‍

Posted on: December 3, 2016 12:04 pm | Last updated: December 3, 2016 at 12:04 pm
SHARE

വടക്കഞ്ചേരി : ബാങ്കില്‍ ആവശ്യത്തിനുള്ള പണമില്ലാത്തതിനാല്‍ തൊഴിലാളികളും ജീവനക്കാരും ശമ്പളം മുടങ്ങുമെന്ന ഭീതിയിലാണ്. ശമ്പളവും പെന്‍ഷനുമായി എത്തിക്കേണ്ട തുകയുടെ പകുതി രൂപ മാത്രമാണ് എത്തിയിട്ടുള്ളത്.

ബാങ്കിലും ട്രഷറിയിലും കൂടുതല്‍ പണമില്ലാത്ത സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്ക പടരുന്നു. സര്‍ക്കാര്‍, സ്വകാര്യവ്യത്യാസമില്ലാതെ ശമ്പളം മുടങ്ങും. ദൈനംദിന ഇടപാടുകള്‍ക്കുള്ള പണംപോലുമില്ലാതെ പ്രതിസന്ധിയിലാണ് ബാങ്കുകള്‍. ചെസ്റ്റ് ബാങ്കുകളില്‍നിന്ന് വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ മറ്റു ബാങ്കുകള്‍ നേരിട്ട് റിസര്‍വ് ബാങ്കുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ റിസര്‍വ് ബാങ്കില്‍നിന്ന് മറുപടി ലഭിക്കുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
പണം എത്തിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും ആവശ്യമായ തുകയുണ്ടാകുമോ എപ്പോള്‍ എത്തും തുടങ്ങിയ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. മെയിന്‍ ബ്രാഞ്ചുകളില്‍പോലും പണമില്ലാത്ത സാഹചര്യമാണ്. ബാങ്ക് അധികൃതര്‍ ആരോട് ചോദിക്കുമെന്നറിയാത്ത അവസ്ഥയിലാണ്. പണം മാറ്റിയെടുക്കല്‍ നടന്നപ്പോള്‍ മാതൃകാപരമായി ജോലി ചെയ്തിരുന്ന ബാങ്ക് ജീവനക്കാര്‍ ശമ്പളക്കാര്യത്തില്‍ ആശങ്കയിലാണ്.

പണമില്ലാതായതോടെ വരുന്ന ഇടപാടുകാരെ തിരിച്ചയക്കുകയോ കുറഞ്ഞ തുക പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയോ ആണ് ബാങ്ക് ജീവനക്കാര്‍ ചെയ്യുന്നത്. ശമ്പളം മുടങ്ങിയാല്‍ മാസാദ്യം പത്രം, പാല്‍, കുറി, മറ്റ് അടവുകള്‍ എന്നിവയ്ക്ക് പണമില്ലാതെ വരുന്ന ഇടപാടുകാര്‍ രൂക്ഷമായി പ്രതികരിച്ചേക്കാമെന്ന ആശങ്കയിലാണ് ഇവര്‍. ആഴ്ചയില്‍ 24,000 രൂപ എന്ന പരിധിയില്‍ ഇളവുനല്‍കിയതായി വാര്‍ത്തയുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ അറിയിപ്പ് ലഭിച്ചില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
നയങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയക്കാറുണ്ട്. ഇത്തരത്തില്‍ സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് ലഭിച്ചിട്ടില്ല. വ്യക്തതയില്ലാത്ത ഒരു അറിയിപ്പ് മാത്രമാണ് ജില്ലയില്‍ ലഭിച്ചത്. ഇതില്‍ നവംബര്‍ എട്ടിനുശേഷം നിക്ഷേപിച്ച പുതിയ കറന്‍സിക്ക് തുല്യമായ തുക പിന്‍വലിക്കുന്ന നിര്‍ദേശം വ്യക്തമല്ല. അതിനാല്‍ ജില്ലയിലെ ബാങ്കുകളില്‍ 24,000 എന്ന, ആഴ്ചയിലെ പരിധി നിലനിര്‍ത്തിയാണ് ഇടപാടുകള്‍ നടന്നത്. സ്വകാര്യസ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്നറിയാത്ത സ്ഥിതിയിലാണ്. നോട്ട് പിന്‍വലിക്കലിനുശേഷം കാര്യമായ കച്ചവടമോ മറ്റു സേവനങ്ങളോ എവിടെയും നടന്നിട്ടില്ല. കനത്ത നഷ്ടത്തിനു പുറമെ തുക പിന്‍വലിക്കുന്നതിലെ നിയന്ത്രണവുംകൂടിയാകുമ്പോള്‍ ഇവിടെയും ശമ്പളം മുടങ്ങുമെന്നുറപ്പാണ്.
ഒന്നിലധികം ജീവനക്കാരുള്ള കച്ചവടസ്ഥാപനങ്ങളില്‍ ശമ്പളം മുടങ്ങുന്നതിനൊപ്പം വൈദ്യുതി, ഫോണ്‍, വായ്പകള്‍ തുടങ്ങിയവ അടയ്ക്കാനുമാവാത്ത സ്ഥിതിയാകും. ജോലിസ്ഥിരതയെവരെ ബാധിച്ചേക്കാം.
പ്രധാന എടിഎമ്മുകളില്‍ പണം നിറച്ചെങ്കിലും ഒരിടത്തും നൂറിന്റെ നോട്ട് കിട്ടാനുണ്ടായില്ല. 2000 രൂപ മാത്രമേയുള്ളൂ എന്ന അറിയിപ്പ് എടിഎം മെഷീനില്‍ കാണിക്കുന്നതിനാല്‍ പലരും പണമെടുക്കാതെ മടങ്ങി.
ഒറ്റ തവണ ചുരുങ്ങിയ എണ്ണം മാത്രമാണ് വിതരണം ചെയ്തത്. 500, 100 രൂപാ നോട്ട് ക്ഷാമം വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നോട്ട്ക്ഷാമം മാസാദ്യത്തോടെ പ്രതിസന്ധിയിലേക്ക് നയിക്കും.
സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പ്രശന്മായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here