ട്രഷറികളിലെ കറന്‍സി ദാരിദ്ര്യം തുടരുകയാണ്: ധനമന്ത്രി തോമസ് ഐസക്

Posted on: December 2, 2016 4:56 pm | Last updated: December 2, 2016 at 4:56 pm
SHARE

thomas isaacധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ട്രഷറികളിലെ കറന്‍സി ദാരിദ്ര്യം തുടരുകയാണ്. ഇന്ന് ഉച്ചവരെ 139 കോടി 34 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് വിവിധ ട്രഷറികള്‍ റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. ലഭിച്ചതാകട്ടെ 87 കോടി രണ്ട് ലക്ഷം രൂപ മാത്രം. എന്നാല്‍ ഇന്ന് വളരെ കൗതുകകരമായ ഒരു തന്ത്രം ഇവര്‍ പയറ്റിയിട്ടുണ്ട്. ഏറെ മാധ്യമശ്രദ്ധയും കിട്ടുന്ന തിരുവനന്തപുരത്തും എറണാകുളത്തും ആവശ്യപ്പെട്ട തുകയ്ക്ക് അടുത്ത് കറന്‍സി നല്‍കി ഒരു ഫീല്‍ഗുഡ് ഇംപാക്ട് ഉണ്ടാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ട്രഷറികള്‍ എല്ലാംകൂടി 19 കോടി 75 ലക്ഷം രൂപയുടെ കറന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ 15 കോടി 31 ലക്ഷം രൂപയുടെ കറന്‍സികള്‍ ബാങ്കുകള്‍ നല്‍കി. എറണാകുളത്ത് 12 കോടി 9 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ 11 കോടി 52 ലക്ഷം നല്‍കി. എന്നാല്‍ കൊല്ലത്ത് 13 കോടി 92 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ 5 കോടി 81 ലക്ഷം മാത്രമാണ് നല്‍കിയത്. മലപ്പുറത്താകട്ടെ 9 കോടി 81 ലക്ഷം ആവശ്യപ്പെട്ടിടത്ത് 2 കോടി 66 ലക്ഷം മാത്രമാണ് നല്‍കിയത്. കോഴിക്കോട്ട് 12 കോടി 60 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 7 കോടി 40 ലക്ഷം മാത്രം. കോട്ടയത്ത് 11 കോടി 45 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 4 കോടി 86 ലക്ഷം മാത്രമാണ്. ഇതേ നിലയായിരുന്നു മറ്റു ജില്ലകളിലും.
എസ്.ബി.ഐ, എസ്.ബി.റ്റി, കാനറ തുടങ്ങിയ ബാങ്കുകള്‍ മുഖാന്തിരമാണ് ട്രഷറികള്‍ക്ക് റിസര്‍വ്വ് ബാങ്കില്‍ നിന്നും കറന്‍സികള്‍ ലഭിക്കുന്നത്. എസ്.ബി.ഐ.യോട് 38 കോടി 37 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 22 കോടി 79 ലക്ഷം രൂപ മാത്രമാണ്. എസ്.ബി.റ്റി.യാകട്ടെ 98 കോടി 27 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ 62 കോടി 10 ലക്ഷമാണ് നല്‍കിയത്. കാനറാ ബാങ്ക് 2 കോടി 70 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ 2 കോടി 13 ലക്ഷം നല്‍കി.

സംസ്ഥാനത്തെ മിക്ക ട്രഷറികളും കറന്‍സി ക്ഷാമംമൂലം വലയുകയാണ്. ഇന്നലെ ടോക്കണ്‍ കിട്ടി മടങ്ങിയവരും ഇന്നു ദീര്‍ഘനേരം പണത്തിനായി കാത്തു നില്‍ക്കേണ്ട സ്ഥിതിയുണ്ടായി. ഇന്ന് ഒരു പൈസ പോലും കിട്ടാത്ത 18 ട്രഷറികളുമുണ്ട്. ആവുന്നത്ര ക്രമീകരണങ്ങള്‍ ചെയ്യാന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് ശ്രമിച്ചിട്ടുണ്ട്. കോര്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പണമുള്ള ട്രഷറികളില്‍ നിന്നും മാറിയെടുക്കാന്‍ മറ്റുള്ള ട്രഷറികളില്‍ അക്കൗണ്ടുള്ളവരെയും അനുവദിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഇത്തരത്തിലുള്ള കടുത്ത കറന്‍സി ക്ഷാമം ജനങ്ങളെ വലയ്ക്കുകയാണ്. ആരെങ്കിലും ഗൂഡാലോചന നടത്തുന്നതു കൊണ്ട് ഉണ്ടാകുന്നതല്ല ഈ ദുരിതം. കേന്ദ്രസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും രാഷ്ട്രീയ കുതന്ത്രങ്ങളും വരുത്തിവച്ച വിനയാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here