നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് ഹോക്കി നായകന്‍ ശ്രീജേഷ്

Posted on: December 1, 2016 11:45 am | Last updated: December 1, 2016 at 11:45 am
SHARE

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷ്. നോട്ട് പിന്‍വലിക്കല്‍ നല്ല തീരുമാനമായാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നിലെ തിരക്ക് കുറഞ്ഞിട്ടുണ്ട്. കൈവിരലില്‍ മഷി പുരട്ടി തുടങ്ങിയതോടെ തിരക്ക് കുറഞ്ഞതിന് പിന്നില്‍ എന്തുകൊണ്ടെന്ന് മനസിലാക്കാവുന്നതാണ്. പ്രധാനമന്ത്രി ഒന്നു കുഴിച്ചുനോക്കട്ടെ, എന്തെങ്കിലും കിട്ടുമെങ്കില്‍ രാജ്യത്തിന് ഗുണകരമാണെന്നും ശ്രീജേഷ് പറഞ്ഞു.

കേരളത്തില്‍ അക്കാദമി…
കേരളത്തില്‍ ഹോക്കിക്കായി ഒരു അക്കാദമി ആരംഭിക്കുന്നത് മനസിലുണ്ട്. പക്ഷെ അതിന് നല്ല കളിക്കളവും ഹോസ്റ്റല്‍ സൗകര്യവും ഫണ്ടിങ്ങുമെല്ലാം വേണം. താന്‍ പഠിച്ചിറങ്ങിയ ജി.വി രാജ സ്‌കൂളിനെയും പ്രതാപകാലത്തേക്ക് കൊണ്ടുവരുന്നതിന് സാധ്യമായത് ചെയ്യും. രാജ്യത്തിനായും സംസ്ഥാനത്തിനായും മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് തന്നെയാണ് തന്റെ അപേക്ഷ. അത് കളിക്കാരുടെ അവകാശമാണ്. മത്സരപരീക്ഷകളില്‍ റാങ്ക് നേടുന്നതിന് സമാനമാണ് കായികമത്സരങ്ങളില്‍ മെഡല്‍ നേടുന്നതും. പരീക്ഷ എഴുതി വിജയിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് മുന്നൊരുക്കം തുടങ്ങിയാല്‍ മതിയെങ്കില്‍ രാജ്യത്തിനായി മെഡല്‍ നേടുന്നതിന് 365 ദിവസവും പ്രയത്‌നിക്കേണ്ടതുണ്ട്. പല കായികതാരങ്ങളും സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് ഇവിടെ അവസരം ലഭിക്കാത്തിനാലാണ്.

അസോസിയേഷനുകളുടെ ഐക്യം

കേരളത്തില്‍ ഹോക്കിയില്‍ മികവും താല്‍പര്യവുമുള്ള കുട്ടികള്‍ ഏറെയുണ്ട്. അവര്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഇവിടെ ഭിന്നിച്ചുനില്‍ക്കുന്ന അസോസിയേഷനുകളെ ഒന്നിച്ചുകൊണ്ടുവരേണ്ടതുണ്ട്. തുടര്‍ന്ന് കൗണ്‍സിലിന്റെ അഫിലിയേഷന്‍ നേടിയെടുക്കണം. അതിനുശേഷം ഹോക്കിയുടെ ഉയര്‍ച്ചക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. ഉറപ്പുള്ള അസോസിയേഷനാണ് കളിക്കാര്‍ക്ക് വേണ്ടത്.