മാവോയിസ്റ്റ് വേട്ടയില്‍ അവിശ്വസിക്കാന്‍ കാരണങ്ങളുണ്ട്

Posted on: November 28, 2016 6:07 am | Last updated: November 29, 2016 at 6:09 pm
SHARE

mlp-nilamboor-punjankolli-vanapathayil-ethicha-devarajante-mrithadeham-ambulencilekku-mattunnu-51970 ഫെബ്രുവരി 18നാണ് കസ്റ്റഡിയിലുണ്ടായിരുന്ന നിരായുധനായ നക്‌സലൈറ്റ് വര്‍ഗീസിനെ കേരളാ പോലീസ് വെടിവച്ചുകൊല്ലുന്നത്. അതിനു ശേഷം നാളിതുവരെ ഏറ്റുമുട്ടല്‍ കൊലകള്‍ മലയാളികളെ സംബന്ധിച്ച് നോര്‍ത്തിന്ത്യന്‍ വാര്‍ത്തകള്‍ മാത്രമായിരുന്നു. ഇപ്പോഴിതാ പോലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും സംയുക്ത ആക്രമണത്തില്‍ നിലമ്പൂര്‍ വനത്തില്‍ തമ്പടിച്ചിരുന്ന സി പി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജും, അജിത എന്ന വനിതയും കൊല്ലപ്പെട്ടു എന്ന് വാര്‍ത്ത വന്നിരിക്കുന്നു.
പക്ഷേ, സംഭവം ദിവസങ്ങള്‍ പിന്നിട്ടിട്ടും തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല്. മാധ്യമ പ്രവര്‍ത്തകരെയോ മാവോയിസ്റ്റ് വിരുദ്ധ തമിഴ്‌നാട്, കര്‍ണാടക പോലീസിനെയോ സംഭവ സ്ഥലത്തേക്ക് അടുപ്പിക്കുന്നുമില്ല. ഏറ്റുമുട്ടല്‍ നടത്താനുള്ള പ്രകോപനമോ അവരില്‍ നിന്നുണ്ടായ ആക്രമണമോ പോലീസ് വിശദീകരിച്ചിട്ടില്ല.

അതേസമയം ഘടകകക്ഷി നേതാവ് കാനം രാജേന്ദ്രന്‍ സംഭവത്തിലെ ദുരൂഹതകള്‍ സൂചിപ്പിച്ച് സംശയങ്ങള്‍ പ്രകടപ്പിക്കുന്നുമുണ്ട്. ജനങ്ങളോട് നേര് പറയണം എന്നാവശ്യപ്പെട്ട് അവരുടെ പത്രം മുഖപ്രസംഗമെഴുതുന്നു.
നിലമ്പൂര്‍ പ്രദേശത്തു മാവോയിസ്റ്റ് സാന്നിധ്യം പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വല്ലപ്പോഴും കാടിറങ്ങി വനാതിര്‍ത്തികളിലെ വീടുകളിലും ഗ്രാമ പരിസരങ്ങളിലും വന്നു അരി, പച്ചക്കറി, ചായപ്പൊടി, പഞ്ചസാര, തീപ്പെട്ടി എന്നിവ വാങ്ങി തിരിച്ചു കാടുകയറുന്ന അനുഭവങ്ങള്‍ പലവട്ടം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ഇക്കൂട്ടര്‍ വല്ലപ്പോഴും ആദിവാസി യുവാക്കളെ വനത്തില്‍ വെച്ച് കാണുന്നുവെന്നും അവരെ ഫോണില്‍ വിളിക്കുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ആദിവാസി യുവാക്കളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു യാത്ര നടത്തിയാണത്രേ മാവോയിസ്റ്റ് സങ്കേതം കണ്ടുപിടിച്ചത്.
നിരോധിത സംഘടനയില്‍ അംഗമായത് കൊണ്ടുമാത്രം ആരും പ്രതിയാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ ബികോശി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചയാകുന്നുണ്ട്. നിരോധിത സംഘടനയില്‍ അംഗമാകുന്നത് മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനും ക്രിമിനല്‍ കേസെടുക്കാനും പര്യാപ്തമായ സാഹചര്യം ഉണ്ടാക്കുന്നില്ലെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വിധി പറഞ്ഞത് മാസങ്ങള്‍ക്ക് മുന്‍പാണ്. രൂപേഷും ഷൈനയും വിദ്യാസമ്പന്നരായ മനുഷ്യരും സ്വന്തം നിലക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന് കോയമ്പത്തൂര്‍ വിചാരണാ കോടതി പ്രസ്താവിച്ചതും ചര്‍ച്ചകളില്‍ ഉയരുന്നു. ഗാന്ധിജിയുടെ പുസ്തകങ്ങള്‍ വായിക്കുന്ന എല്ലാവരും ഗാന്ധിയന്മാരല്ല;

അപ്പോള്‍ മാവോയുടെ ആശയങ്ങള്‍ പഠിക്കുന്നവര്‍ എങ്ങനെ മാവോയിസ്റ്റുകള്‍ ആകുമെന്ന് ഉള്‍ഫ ബന്ധം ആരോപിച്ച് അസമില്‍ അറസ്റ്റ് ചെയ്ത ഇന്ദ്രദാസ് എന്ന യുവാവിനെ വിട്ടയച്ച 2012ലെയും ബിനായക് സെന്‍ കേസിലെയും വിധിന്യായങ്ങളില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് ഭരണകൂട ജാഗ്രതകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. കുറ്റങ്ങള്‍ അവ്യക്തവും ശിക്ഷയും അന്യായ വിചാരണതടവും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും നടപ്പുമാകുന്ന വ്യവസ്ഥിതി ജാഗരൂഗമായ പൗരബോധം കൊണ്ട് തകര്‍ത്തുകളയേണ്ടതുണ്ട്. കൊളോണിയല്‍ നിയമങ്ങള്‍ ഇന്നത്തെ ഭരണകൂടത്തിന്റെ കൈകളിലെ ആയുധങ്ങളായി പരിണമിക്കുന്നത് വെറും ടെലിവിഷന്‍ കാഴ്ചയായി ആസ്വദിക്കുന്ന ശരാശരി മലയാളിയെ തിരിച്ചറിയേണ്ടതുണ്ട്.
പോലീസ് കഥ അവിശ്വസിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. പോലീസ് പറയുന്നത് പോലെ 20 മിനുട്ടില്‍ കൂടുതല്‍ ഏറ്റുമുട്ടല്‍ നടന്ന യാതൊരു ലക്ഷണങ്ങളും ഇവിടെയില്ല. ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ പൊലീസിലോ തണ്ടര്‍ബോള്‍ട്ടിലോ പെട്ട സേനാംഗങ്ങള്‍ക്കും പരിക്കേല്‍ക്കുമായിരുന്നു. കാട്ടിലേക്ക് ഉച്ചയോടെ ആംബുലന്‍സ് പോയെങ്കിലും പരിക്കേറ്റവരെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുണ്ടായിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്റ്ററെ പോലും ഒപ്പം കൂട്ടാതെ ‘ഏറ്റുമുട്ടാന്‍’ തണ്ടര്‍ബോള്‍ട്ട് പുറപ്പെട്ടു എന്നത് അവിശ്വസനീയവും, ചട്ടവിരുദ്ധവുമാണ്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഒരു വെടിയും അജിതയുടെ ശരീരത്തില്‍ രണ്ട് വെടിയുമാണ് കൊണ്ടതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി.

പൊലീസ് പറയുന്ന പ്രകാരം 20 മിനിറ്റോളം ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ വെടി ശരീരത്തില്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. ചിത്രങ്ങളില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന കുപ്പുദേവരാജിന്റെ കഴുത്തിനോട് ചേര്‍ന്ന് ഐ പാഡ് ഓണായി കിടക്കുന്നത് കാണാം. സമീപത്ത് ആയുധങ്ങളില്ല. ഐ പാഡ് കൈയില്‍ കരുതി ആക്രമണത്തിനു മുതിരാന്‍ മാത്രം വിഡ്ഢികളാണോ മാവോയിസ്റ്റുകള്‍?
വെള്ളിയാഴ്ച രാവിലെ പൊലീസ് സംഘത്തോടൊപ്പം മാധ്യമപ്രവര്‍ത്തകരെയും വെടിവെപ്പ് നടന്ന സഥലത്തേക്ക് കൊണ്ടുപോയി നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് ഐജി എം ആര്‍ അജിത്കുമാര്‍ വ്യാഴാഴ്ച രാത്രി എടക്കര പൊലീസ് സ്‌റ്റേഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ കാടിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് പിന്നീട് ഇതു വിലക്കി. നാല് കിലോമീറ്റര്‍ അകലെ വരെ മാത്രമാണ് തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചത്.

ഒരു ഓപ്പറേഷന്‍ നടക്കുന്നതിനു മുമ്പ് പോലീസ് രഹസ്യ സ്വഭാവം നല്‍കുന്നത് മനസ്സിലാകും. പക്ഷെ സംഭവം നടന്നു മൃതദേഹങ്ങള്‍ പോലും നീക്കം ചെയ്തതിനു ശേഷവും വിലക്ക് തുടരുന്നതില്‍ ദുരൂഹതയല്ലാതെ എന്ത് യുക്തിയുണ്ട്?
തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ സ്ഥലത്തുണ്ട്. എന്നാല്‍, ഇവരെ കാടിനുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. കേരളാ പൊലീസ് രഹസ്യസ്വഭാവത്തില്‍ നടത്തിയ നടപടിയുടെ വിവരങ്ങള്‍ പുറത്തുപോകരുത് എന്നതിനാലാണത്രെ ഇത്. കര്‍ണാടക മാവോവാദി വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തുകയും പൂളക്കപ്പാറ ഔട്ട്‌പോസ്റ്റിലൂടെ വനത്തില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍, കേരള പൊലീസ് ഇവരെ പിന്തുടര്‍ന്ന് കാട്ടിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു.
ആദിവാസികള്‍ പറയുന്നത്; പോലീസ് ഏകപക്ഷീയമായി കാട് കയറി ടെന്റില്‍ വിശ്രമിക്കുകയോ ഭക്ഷണം കഴിക്കുകയോ ആയിരുന്ന മാവോവാദികള്‍ക്കെതിരെ വെടിയുതിര്‍ക്കുന്നു എന്നാണ്. അവര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നതിനു മുമ്പ് രണ്ടു പേരെ (അതോ മൂന്നോ?) കൊന്നുകളഞ്ഞു.

ബാക്കിയാളുകള്‍ പോലീസിനെ കണ്ടു ചിതറിയോടി.
എന്തായാലും ഭരണകൂട വേട്ടകളും വ്യാജ ഏറ്റുമുട്ടലുകളും നടക്കുന്ന കാലത്ത് പേരിനൊപ്പം മാവോയിസ്റ്റ് എന്നോ സിമി എന്നോ സൗകര്യം പോലെ ചേര്‍ത്ത് ഭരണകൂടത്തിനു ഇഷ്ട്ടമില്ലാത്തവരെ കൊന്നുകളയുന്ന ഏര്‍പ്പാട് കാലവും ചരിത്രവും മാപ്പാക്കുമെന്നു തോന്നുന്നില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്. വ്യാജ ഏറ്റുമുട്ടലുകളില്‍ ആളുകളെ ഇല്ലാതാക്കുന്നത് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here