Connect with us

Idukki

തുണയായത് ജന പിന്തുണയും അചഞ്ചലമായ പാര്‍ട്ടിക്കൂറും

Published

|

Last Updated

തൊടുപുഴ :വെട്ടിത്തുറന്ന് എന്തും പറയും. പെരുമാറ്റത്തിലും പ്രസംഗത്തിലും ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകന്റെ പരുക്കന്‍ മനസ്സ്. വി എസ് അച്യുതാനന്ദന്‍ മുതല്‍ സഹകമ്മ്യൂണിസ്റ്റുകളായ സി പി ഐ നേതാക്കള്‍ വരെ ഈ മണിപ്രവാളത്തിന്റെ ചൂടറിഞ്ഞു. മുമ്പില്‍ നോക്കാതെയുള്ള ഈ സ്വഭാവമാണ് എം എം മണിയെന്ന മണിയാശാനെ സി പി എമ്മില്‍ അജയ്യനാക്കിയത്.
ഒരുകാലത്ത് വി എസിന്റെ വിശ്വസ്തനും വീറുറ്റ ചാവേറുമായിരുന്ന മണി പിന്നീട് മലക്കംമറിഞ്ഞപ്പോള്‍ ജില്ല ഒന്നടങ്കം കൂടെപ്പോയി. മൂന്നാര്‍ കൈയേറ്റം കാണാന്‍ വന്ന വി എസ്സിന് മലകയറ്റങ്ങളില്‍ ആദ്യം മണി വഴികാട്ടിയായി. പില്‍കാലത്ത് ഇങ്ങനെ കൈയേറ്റമൊഴിപ്പിച്ചാല്‍ നാട് മുടിയുമെന്നു പറഞ്ഞ് മണി വി എസിന്റെ കടുത്ത വിമര്‍ശകനായി. സഹികെട്ടപ്പോള്‍ ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടുമെന്ന് തുറന്നടിച്ചു. ഇതോടെ പക്ഷം മാറി പിണറായിക്കൊപ്പമെത്തി.
കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി വിടേണ്ടിവന്നു. ജയില്‍വാസം അനുഭവിച്ചു. ഒടുവില്‍ സുപ്രീം കോടതി കുറ്റവിമുക്തനുമാക്കി. തുടര്‍ന്ന് പാര്‍ട്ടിയില്‍ കുതിച്ചു കയറി. കാസര്‍കോട് മുതല്‍ പാറശാല വരെ ആയിരത്തോളം പാര്‍ട്ടി യോഗങ്ങളിലാണ് മണി കസറിയത്. ഇരു വഴി തിരിയുന്നിടം എന്ന ചിത്രത്തിലൂടെ സിനിമാ നടനുമായി. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകാലത്ത് മണിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് കേരളമറിഞ്ഞു. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയോടെ ഇടുക്കിയില്‍ ഇടതുപക്ഷത്തിന് എം പി യെ ഉണ്ടാക്കിക്കൊടുത്തു,
തരം കിട്ടുമ്പോഴൊക്കെ സി പി ഐയെ കൊച്ചാക്കാനും മണി ശ്രമിച്ചു. മന്ത്രിമാരായ വി എസ് സുനില്‍കുമാറിെയും ചന്ദ്രശേഖരനെയും അടുത്തിടെ പരസ്യമായി ആക്ഷേപിച്ചു. സടകുടഞ്ഞെണീറ്റ സി പി ഐ ജില്ലാ നേതൃത്വത്തോട് കളി പഠിപ്പിക്കുമെന്നു പറയാനും മണി മടിച്ചില്ല.
കുഞ്ചിത്തണ്ണിയിലെ ശ്രീനാരായണോദയം ശിവക്ഷേത്രത്തിലെ ശാന്തിജോലിക്കായാണ് അച്ചന്‍ മാധവന്‍ ഇരുപതേക്കറിലേക്ക് കുടിയേറിയത്. ഒപ്പം മണിയും ഹൈറേഞ്ചില്‍ എത്തി. പട്ടിണിയും പരിവട്ടവും കാരണം ചെറുപ്രായത്തില്‍ത്തന്നെ തോട്ടത്തില്‍ കൂലിവേലക്കിറങ്ങി. കര്‍ഷകത്തൊഴിലാളിയായി. ഒടുവില്‍ അവരുടെ നേതാവും. നല്ല പ്രസംഗകനാകാന്‍ മണി ചെറുപ്പത്തിലേ കൊതിച്ചു. അതിനായി ഒരുപാട് പരിശ്രമിച്ചു. പ്രസംഗവേദികള്‍ക്കുമുമ്പില്‍ എന്നും കാഴ്ചക്കാരനായി നിന്നു. പിന്നെപ്പിന്നെ മുഖ്യപ്രസംഗകനായി മാറി. നല്ല വായനയും ഇതിനു പിന്‍ബലമേകി. അടിയന്തരാവസ്ഥക്കാലത്ത് 13 ദിവസം ജയില്‍വാസമനുഭവിച്ചു. 1977ല്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായി. 1985ലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 1988, 1991, 1995, 1997, 2001, 2004, 2007, 2011ലും ഇതേ സ്ഥാനത്ത് തുടര്‍ന്നു.
ഇതിനിടെ 1996ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിച്ച മണി 3000ത്തില്‍പ്പരം വോട്ടിന് കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ചു. ഇവിടെയും വിജയം തുണച്ചില്ല. തുടര്‍ന്ന് പാര്‍ലിമെന്ററി മോഹം ഉപേക്ഷിച്ച് മണി പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി. ലക്ഷ്മിക്കുട്ടിയാണ് മണിയുടെ ഭാര്യ. അഞ്ച് മക്കളില്‍ ഒരാളായ സതി രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മറ്റൊരുമകള്‍ സുമ രാജകുമാരി ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്. മരുമക്കളില്‍ ഒരാളായ വി എ കുഞ്ഞുമോന്‍ സി പി എം ജില്ലാ നേതാവാണ്. ജില്ലയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിയായി എം എം മണി എത്തുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ അചഞ്ചലമായ പാര്‍ട്ടി കൂറാണ്. ഒപ്പം ജനപിന്തുണയും.

---- facebook comment plugin here -----

Latest