സിറിയയിലെ സൈനിക ഇടപെടല്‍: കൈ കഴുകി റഷ്യ

Posted on: November 19, 2016 10:18 am | Last updated: November 19, 2016 at 10:18 am
വ്യോമാക്രമണത്തില്‍ പരുക്കേറ്റ കുട്ടികളുമായി അലെപ്പോയിലെ ആശുപത്രിയിലെത്തിയ സിറിയന്‍ പൗരന്‍
വ്യോമാക്രമണത്തില്‍ പരുക്കേറ്റ കുട്ടികളുമായി അലെപ്പോയിലെ ആശുപത്രിയിലെത്തിയ സിറിയന്‍ പൗരന്‍

മോസ്‌കോ: സിറിയന്‍ വിഷയത്തില്‍ റഷ്യക്ക് മനംമാറ്റം. വടക്കന്‍ സിറിയയില്‍ തങ്ങള്‍ വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നില്ലെന്നും ഇസിലിനെ തടയാനായി ഹംസിലും ഇദ്‌ലിബിലും മാത്രമാണ് ഇടപെടലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. പെറുവിലെ ലിമയില്‍ ഏഷ്യ പസിഫിക് വാണിജ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലാവ്‌റോവ് മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

സിറിയന്‍ വിഷയത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഒഴിഞ്ഞുമാറല്‍ റഷ്യ നടത്തുന്നത്. യു എന്നിന്റെയും ലോകരാജ്യങ്ങളുടെയും നിരന്തരമായ ആരോപണം ഉയര്‍ന്നപ്പോഴും യുദ്ധക്കുറ്റ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴൊന്നും റഷ്യ സിറിയന്‍ ഇടപെടല്‍ തിരുത്തിയിരുന്നില്ല. സിറിയന്‍ സര്‍ക്കാറിനൊപ്പം ചേര്‍ന്ന് അലെപ്പോ അടക്കമുള്ള നഗരങ്ങളിലെ വിമതര്‍ക്കും ഇസില്‍ ഭീകരര്‍ക്കുമെതിരെ ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരിക്കവെയാണ് റഷ്യയുടെ പുതിയ വിശദീകരണം.

നൂറ് കണക്കിന് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അലെപ്പോയടക്കമുള്ള നഗരങ്ങളില്‍ പാറിക്കളിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധം ശക്തിപ്പെടുത്താന്‍ റഷ്യ ഒരുങ്ങുന്നതിനിടെയാണ് പുതിയ മനംമാറ്റമെന്നത് ശ്രദ്ധേയമാണ്.

നിലവില്‍ സിറിയന്‍ വിമതരെ പിന്തുണക്കുന്ന അമേരിക്കയും സൈന്യത്തിന് പിന്തുണ നല്‍കുന്ന റഷ്യയും തമ്മില്‍ ഇരുചേരിയിലാണ്. എന്നാല്‍, വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നില്ലെന്ന റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം സിറിയന്‍ ഇടപെടലിലെ റഷ്യയുടെ മാറ്റത്തെ സൂചിപ്പിക്കുന്നു.
ഇസില്‍ കേന്ദ്രങ്ങള്‍ക്കെതിരെ സിറിയയിലും ഇറാഖിലും അമേരിക്ക ആക്രമണം നടത്തുന്നുണ്ട്. അമേരിക്കയുമായി ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസില്‍ കേന്ദ്രങ്ങളെ ആക്രമിക്കാനെന്ന പേരില്‍ റഷ്യയും അമേരിക്കയും ആക്രമണം നടത്തുമെന്നുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം, പെറുവില്‍വെച്ച് ലാവ്‌റോവ് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സിറിയയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകും.
റഷ്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രചാരണകാലത്ത് തന്നെ വ്യക്തമാക്കിയിരുന്ന ട്രംപ് വിജയത്തിന് ശേഷം വഌദ്മിര്‍ പുടിനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. മികച്ച സൗഹൃദം അമേരിക്കയുമായി ഉണ്ടാകുമെന്ന് പുടിന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.