Connect with us

Kerala

നോട്ട്മാറ്റം ഒ്റ്റത്തവണ; നിര്‍ദേശം കര്‍ശനമാക്കി ബേങ്കുകള്‍

Published

|

Last Updated

തൃശൂര്‍: അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം ഒരാള്‍ക്ക് 4000 രൂപ മാത്രമേ മാറ്റി നല്‍കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം ബേങ്കുകളെല്ലാം കര്‍ശനമാക്കി. ഇതോടെ പഴയ നോട്ടുകള്‍ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ജനം നിര്‍ബന്ധിതരായി. നോട്ടുമാറ്റത്തിനായി രണ്ടാമതും ബേങ്കുകളിലെത്തിയവര്‍ക്ക് ഇന്നലെ പണം മാറ്റാനാകാതെ പിന്‍വാങ്ങേണ്ടി വന്നു.

ഈ മാസം 24 വരെ ഒരാള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരമാവധി തുക 4000 മാത്രമാണെന്ന് വെള്ളിയാഴ്ചയാണ് ആര്‍ ബി ഐ പ്രത്യേക സര്‍ക്കുലര്‍ മുഖേന ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചും ഒരേ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്നിലധികം ബേങ്കുകളില്‍ നിന്നും പണം മാറ്റുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്‍ ബി ഐയുടെ പുതിയ നിര്‍ദേശം. ഇന്നലെ മുതല്‍ മിക്ക ബേങ്കുകളിലും ഈ നിര്‍ദേശം പ്രദര്‍ശിപ്പിച്ചു. ഇതൊന്നുമറിയാതെ വരിയില്‍ നിന്നവരോട് ബേങ്ക് ജീവനക്കാര്‍ക്ക് ഇതേക്കുറിച്ച് ആവര്‍ത്തിച്ചു പറയാനും സമയം കണ്ടെത്തേണ്ടി വന്നു.—
പലതവണകളായി 4000 രൂപ വരെ മാറ്റിയെടുക്കാമെന്ന് കരുതിയവര്‍ക്ക് പുതിയ നിര്‍ദേശം കനത്ത തിരിച്ചടിയായി. 4000ത്തില്‍ കുറവാണ് മാറ്റിയതെങ്കില്‍ കൂടി ഈ മാസം 24 വരെ ഒരാള്‍ക്ക് ഒന്നിലധികം തവണ നോട്ട് മാറ്റം അനുവദിക്കില്ല.

വെള്ളിയാഴ്ച വരെ ചിലര്‍ ഒന്നിലധികം തവണ നോട്ടുകള്‍ മാറ്റിയിരുന്നു. ഇത്തരത്തില്‍ ബേങ്കുകളില്‍ നിന്ന് പണം മാറ്റാനാകുമെന്ന് നാടെങ്ങും പ്രചരിച്ചതോടെ പലരും ഈ രീതി പിന്തുടരുകയും ചെയ്തു. ഒരു ദിവസം 4000 രൂപ വരെ മാറ്റിയെടുക്കാമെന്ന് തെറ്റിദ്ധരിച്ച് വന്നവരും ബേങ്കുകളിലെ നീണ്ട നിരകളില്‍ സ്ഥാനം പിടിച്ചിരുന്നു. നിയമം കര്‍ശനമാക്കിയതോടെ വരും ദിനങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണം കുറക്കാനാകുമെന്നാണ് ബേങ്ക് ജീവനക്കാര്‍ കണക്കുകൂട്ടുന്നത്.

അതിനിടെ, ലഭ്യമായ 4000 രൂപ സൂക്ഷിച്ച് ചെലവഴിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. തുച്ഛമായ പണം മാത്രമേ കൈയിലുള്ളൂവെന്നതിനാല്‍ പലരും തത്കാലത്തേക്കെങ്കിലും ആഡംബരങ്ങള്‍ വേണ്ടെന്നുവെക്കുകയാണ്. ക്രയവിക്രയങ്ങള്‍ കുറഞ്ഞതോടെ ചില്ലറ ക്ഷാമവും അതിരൂക്ഷമായിട്ടുണ്ട്. എ ടി എമ്മുകള്‍ വഴി പ്രതിദിനം 2000 രൂപ വരെ പിന്‍വലിക്കാമെങ്കിലും ഇന്നലെയും എ ടി എം കൗണ്ടറുകളില്‍ ആവശ്യത്തിന് പണമുണ്ടായില്ല. പല എ ടി എം കൗണ്ടറുകളും തുറന്നു പ്രവര്‍ത്തിച്ചതുമില്ല. ഒരാഴ്ച കഴിഞ്ഞ് മാത്രമേ സാധാരണ പോലെ എ ടി എം കൗണ്ടറുകള്‍ പ്രവര്‍ത്തനക്ഷമമാകൂവെന്നാണ് ബേങ്ക് അധികൃതര്‍ പറയുന്നത്.

Latest