ധനശേഷി ആര്‍ജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാല്‍ എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും: മുഖ്യമന്ത്രി

Posted on: November 8, 2016 9:30 am | Last updated: November 8, 2016 at 9:30 am

PINARAYIഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

എന്ത് കൊണ്ട് വികസനം ഉണ്ടാകുന്നില്ല എന്ന് ചോദിച്ചാൽ, പണമില്ലാത്തതു കൊണ്ട് എന്നുത്തരം.
തൊഴിൽ അവസരങ്ങൾ, കാർഷിക-വ്യാവസായിക മേഖലകളിലെ വികസനം, ക്ഷേമ പദ്ധതികൾ, സേവന മേഖല-എല്ലാറ്റിലേയും പിന്നോക്കാവസ്ഥയ്ക്കു “ഫണ്ട് ഇല്ല” എന്ന ഉത്തരമാണ്.

നിസ്സഹായത മുഖമുദ്രയാക്കുന്ന ഈ അവസ്ഥ എത്ര കാലം തുടരാനാകും?

ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ അവതരിപ്പിച്ച കാഴ്ചപ്പാട്, നിലവിലുള്ള പരിമിതികൾ മറികടക്കാനുള്ള പുതുവഴി തേടുന്നതിന്റെയാണ്. ആ യാത്രയിൽ ഞങ്ങൾ മുന്നേറുകയാണ്.

ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സർക്കാരിന്റെ നയം. ധനശേഷി ആർജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാൽ എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) രൂപീകരിച്ചത്. കിഫ്ബിയുടെ ആദ്യ യോഗം ചേർന്നു ആലോചിച്ചത് ഈ കാര്യങ്ങളാണ്.

കാര്യങ്ങൾ നടന്നാൽ മാത്രം പോരാ, ശരിയായി, നേർവഴിയിൽ നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നത് പ്രധാനമാണ്. കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പുവരുത്തുവാനും നിക്ഷേപക താല്പര്യം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മീഷന്‍ (FTAC) അദ്ധ്യക്ഷനായി ഇന്ത്യയുടെ മുന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (CAG) ആയിരുന്ന ശ്രീ. വിനോദ് റായിയെ നിയമിക്കുവാൻ തീരുമാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ ശ്രീമതി. ഉഷാ തൊറാട്ട്, നബാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ശ്രീ. പ്രകാശ് ബക്ഷി എന്നിവരാണ് FTAC അംഗങ്ങള്‍.

4004.86 കോടി രൂപ അടങ്കലുള്ള 48 പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 1740.63 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ആദ്യഗഡു നല്‍കുക. ആദ്യഘട്ട പദ്ധതികള്‍ക്കായി ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് വഴി 2000 കോടിരൂപ സമാഹരിക്കും. ഇതിനായി SBICAPSനെ ചുമതലപ്പെടുത്തും. തുടര്‍ന്നുള്ള പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി 4000 കോടിരൂപ സമാഹരിക്കും.

സെബി, റിസർവ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെറ്റ് ഫണ്ട്, ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവ രൂപീകരിക്കും. ഇതിലേക്കായി കിഫ്ബിയുടെ കീഴില്‍ ഒരു ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് കോര്‍പ്പററേഷൻ രൂപീകരിക്കും.

KSFEയുമായി സഹകരിച്ച് ധനസമാഹരണത്തിന് NRI ചിട്ടി ആരംഭിക്കുക, ഭൂമി ഏറ്റെടുക്കലിനായി ലാൻഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ ചർച്ച ചെയ്യും.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക പരിമിതിയാണുള്ളത്, പ്രത്യേകിച്ച് ഫിസ്കൽ റെസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ് മെന്റ് ആക്ട് നിലവിലുള്ള സാഹചര്യത്തിൽ. ഈ പരിമിതി മറികടക്കാനാണ് കിഫ്ബിയിലൂടെ ശ്രമിക്കുന്നത്.