Connect with us

Kerala

ശബരിമലയില്‍ സ്ത്രീ പ്രവേശനം ആകാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ഈ വിഷയത്തില്‍ 2007ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാടില്‍ തന്നെ ഇപ്പോഴത്തെ സര്‍ക്കാറും ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. ആര്‍ ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരും ബഞ്ചില്‍ അംഗങ്ങളാണ്.

അതേസമയം, സര്‍ക്കാറിന്റെ നിപലാടിനെ ദേവസ്വം ബോര്‍ഡ് ശക്തമായി എതിര്‍ത്തു. സര്‍ക്കാറിന് അടിക്കടി നിലപാട് മാറ്റാന്‍ സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വാദം കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ശബരിമല ഒരു പൊതു തീര്‍ഥാടന കേന്ദ്രമാണെന്നും അവിടെ ഭരണഘടനാപരമായല്ലാതെ ശാരീരിക അവശതയുടെ പേരില്‍ ഒരു വിഭാഗത്തിന് മാത്രം പ്രവേശനം നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ നിലവിലെ ആചാരാനുഷ്ടാനങ്ങള്‍ തുടരണമെന്ന നിലപാടാണ് കഴിഞ്ഞ യുഡിഎഫ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ അത് പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. കേസ് അടുത്ത മാസം 20ന് കോടതി വീണ്ടും പരിഗണിക്കും.

Latest