ഉത്തര്‍ പ്രദേശിനെ ‘ഉത്തമ പ്രദേശ’മാക്കുമെന്ന് നരേന്ദ്ര മോദി

Posted on: October 25, 2016 7:40 am | Last updated: October 25, 2016 at 12:40 am

മഹോബ: സംസ്ഥാനത്തെ എസ് പി- ബി എസ് പി ഭരണ കൈമാറ്റം വരുന്ന തിരഞ്ഞെടുപ്പില്‍ തിരുത്തണമെന്ന് ഉത്തര്‍ പ്രദേശിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. എസ് പിയുടെ നിര്‍ണായക യോഗം ഇന്നലെ ലക്‌നോവില്‍ നടക്കുന്നതിന് സമാന്തരമായി ബി ജെ പി മഹോബയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധ ചെയ്യുകയായിരുന്നു മോദി. ഒരു വശത്ത് ചിലര്‍ കുടുംബത്തെ സംരക്ഷിക്കാന്‍ നോക്കുന്നു. മറുവശത്ത് എന്ത് വിലകൊടുത്തും അധികാരത്തില്‍ തിരിച്ചെത്താന്‍ മറ്റൊരു കൂട്ടര്‍ ശ്രമം നടത്തുന്നു. ഇരുവര്‍ക്കും സംസ്ഥാന വികസനം സംബന്ധിച്ച് ഒരു കാഴ്ചപ്പാടുമില്ല- എസ് പിയെയും ബി എസ് പിയെയും വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. യു പി യില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രധാനമന്ത്രിമാര്‍ ചെയ്തതിലും കൂടുതല്‍ സംസ്ഥാനത്തിന് വേണ്ടി ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഉത്തര്‍ പ്രദേശിനെ ഉത്തം പ്രദേശാക്കി മാറ്റും. മോദി കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഉത്തര്‍ പ്രദേശിലെ എസ് പി തര്‍ക്കത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പിന്തുണച്ച് ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. അഖിലേഷ് അകപ്പെട്ടിരിക്കുന്ന പ്രശ്‌നത്തില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പമാണ്. ഈ ചെളിക്കുഴിയില്‍ നിന്ന് അദ്ദേഹം പുറത്തുവരുന്നതിന് വേണ്ടി ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു- ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.