ജഡ്ജിമാര്‍ പിഴവ് തിരുത്താന്‍ തയ്യാറാകണം: കട്ജു

Posted on: October 25, 2016 12:32 am | Last updated: October 25, 2016 at 12:26 am

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ വിധിയില്‍ പറ്റിയ പിഴവ് ജഡ്ജിമാര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. ഈ കേസില്‍ കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കി, ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതില്‍ സുപ്രീം കോടതിക്ക് തെറ്റു പറ്റിയിട്ടുണ്ട്. കേസുകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പരിഗണിക്കാന്‍ ജഡ്ജിമാര്‍ക്ക് സമയം ഇല്ലാത്തതും, ജോലിഭാരവും ഈ പിഴവിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
തീര്‍പ്പാക്കാനുള്ള മറ്റനേകം കേസുകള്‍ ഉള്ളപ്പോള്‍ ഓരോ കേസിനും അര്‍ഹിക്കുന്ന സമയം നല്‍കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാറില്ലെന്നും കട്ജു തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു. പിഴവ് വരുത്താത്ത ഒരു ജഡ്ജിയും ഇതുവരെ ജനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.