ജയിക്കുകയാണെങ്കില്‍ മാത്രമേ ഫലം അംഗീകരിക്കൂവെന്ന് ട്രംപ്‌

Posted on: October 22, 2016 8:25 am | Last updated: October 22, 2016 at 12:26 am

donald-trump-afp_650x400_61476497855ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ ജയിക്കുകയാണെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളൂവെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലം അഥവാ പ്രതികൂലമാകുകയാണെങ്കില്‍ നിയമപരമായി അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം താന്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹിയോവിലെ ദിലവെയറില്‍ തന്നെ അനുകൂലിക്കുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തുകയാണ് താനെന്ന ആമുഖത്തോടെയായിരുന്നു സംസാരം ആരംഭിച്ചത്. താന്‍ സുപ്രധാനമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ആ തിരഞ്ഞെടുപ്പ ഫലം താന്‍ അംഗീകരിക്കുമെന്ന് എല്ലാ വോട്ടര്‍മാരോടും ഉറപ്പുനല്‍കുന്നതായും വാക്കുനല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ തിരഞ്ഞെടുപ്പ് ഫലം മാത്രമേ താന്‍ അംഗീകരിക്കൂ. ഫലം പ്രതികൂലമാണെങ്കില്‍ അതിനെതിരെ നിയമപരമായി മുന്നോട്ടുപോകുകയും ചെയ്യും. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ അതിശയിപ്പിക്കുന്നതായിരുന്നു. എല്ലാവരും പറയുന്നത് താന്‍ ജയിക്കുമെന്നാണ്. ഒറ്റപ്പെട്ട സര്‍വേകളില്‍ പോലും തന്റെ വിജയം പ്രവചിക്കുന്നു. 90 ശതമാനം വോട്ടുകള്‍ വരെ നേടാനാകുമെന്ന് ചില സര്‍വേകള്‍ പ്രവചിക്കുന്നുണ്ട്- അദ്ദേഹം ജനക്കൂട്ടത്തോട് വിളിച്ചുപറഞ്ഞു.
തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്നാണ് തന്റെ ആവശ്യം. ഇത് തന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമല്ല, മറിച്ച് രാഷ്ട്രത്തിന്റെ ഭാവിയുടേതാണെ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഏറെ അപകടകരമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ രാജ്യത്തോടും എഫ് ബി ഐയോടും കളവ് പറയുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.