2400 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌

Posted on: October 19, 2016 7:24 pm | Last updated: October 19, 2016 at 7:24 pm

ദോഹ: ബിരുദാനന്തര ബിരുദം, പി എച്ച് ഡി കോഴ്‌സുകള്‍ ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ 2400 വിദ്യാര്‍ഥികള്‍ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. ഖത്വര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റി ഫെയറിനോടനുബന്ധിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.
ഇംഗ്ലീഷില്‍ പഠിപ്പിക്കാത്ത ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകളാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ ഖത്വറിലെ വിദ്യാര്‍ഥികള്‍ കൂടുതല്‍ ദേശീയ, അന്തര്‍ദേശീയ യൂനിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ അവസരമൊരുക്കും. വിവിധ വിദ്യാഭ്യാസ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും ശ്രദ്ധിക്കണം. വിദൂര വിദ്യാഭ്യാസം നിയന്ത്രിക്കുന്ന കരടുനിയമം തയ്യാറായിട്ടുണ്ടെന്നും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍ തേടുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫെയറില്‍ കോഴ്‌സുകള്‍, അഡ്മിഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ബ്രിട്ടനില്‍ നിന്ന് 40ഉം യു എസില്‍ നിന്ന് 20ഉം കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, തുര്‍ക്കി, കുവൈത്ത്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ 90ഉം പ്രാദേശിക- അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികള്‍ പങ്കെടുക്കുന്ന ഫെയര്‍ ഇന്നു സമാപിക്കും.