മാധ്യമ പ്രവര്‍ത്തകർക്ക് എതിരായ അക്രമം: എട്ട് അഭിഭാഷകര്‍ക്കെതിരെ കേസ്

Posted on: October 16, 2016 6:28 pm | Last updated: October 17, 2016 at 8:59 am
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ എട്ട് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്. സ്ത്രീകളെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ജസ്റ്റീന തോമസ്, എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സിപി അജിത എന്നിവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, സ്ത്രീത്വത്തെ അപമാനിച്ചു, സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തി, കോടതിക്കുള്ളില്‍ നിന്നിറക്കിവിട്ടു തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

അതേസമയം മര്‍ദനമേറ്റ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമാന സ്വഭാവമുള്ള സംഭവമായതിനാല്‍ ഒരു കേസ് മതിയെന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ കേസില്‍ സാക്ഷികള്‍ ആക്കിയിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കിയ വിശദീകരണം.