ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ ഇലക്ട്രിക് ട്രെയിന്‍ ജനുവരിയില്‍ ഓടിത്തുടങ്ങും

Posted on: October 14, 2016 12:10 am | Last updated: October 14, 2016 at 12:10 am

trains1_6കോഴിക്കോട്: തിരൂര്‍ സബ് സ്റ്റേഷന്‍ പണി പൂര്‍ത്തിയാകുന്നതോടെ ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള പാതയില്‍ ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിന്‍ സര്‍വീസ് ജനുവരിയോടെ ഓടിത്തുടങ്ങും. പാത വൈദ്യുതീകരണം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തിരൂരിലെയും എലത്തൂരിലെയും ചെറുവത്തൂരിലെയും സബ് സ്റ്റേഷന്റെ പണി പൂര്‍ത്തിയാവാത്തത് കാരണം ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ച് ട്രെയിനുകളുടെ സര്‍വീസ് നീണ്ടുപോവുകയായിരുന്നു.
മലബാറില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടാന്‍ സബ് സ്‌റ്റേഷനുകളുടെ പണി പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയതിനാല്‍ സബ്‌സ്റ്റേഷന്റെ പണി നേരത്തേ തടസ്സപ്പെട്ടിരുന്നെങ്കിലും നിലവില്‍ തിരൂര്‍ സബ് സ്റ്റേഷന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഭൂഗര്‍ഭ വയറിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ജനുവരിയോടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. അതേസമയം പണിതീര്‍ന്ന എലത്തൂര്‍ സബ് സ്റ്റേഷന്‍ അടുത്തമാസത്തോടെ കമ്മീഷന്‍ ചെയ്‌തേക്കും. വൈദ്യുതീകരണം പൂര്‍ത്തിയാക്കി ഈ പാതയില്‍ കഴിഞ്ഞ മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സബ് സ്‌റ്റേഷന്‍ പണി നീണ്ടതോടെ പാതയിലെ ഇലക്ട്രിക് സര്‍വീസ് മുടങ്ങുകയായിരുന്നു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ മൂന്ന് സബ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. തിരൂര്‍, എലത്തൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് സബ്‌സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നത്. 21 മെഗാവാട്ടിന്റെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളോടു കൂടിയതാണിവ. ഇതില്‍ തിരൂരിലെയും ഷൊര്‍ണൂരിലെയും സബ് സ്റ്റേഷന്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ കണ്ണൂര്‍ വരെയുള്ള സര്‍വീസ് പൂര്‍ണമായും വൈദ്യുതിയിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. ചെറുവത്തൂര്‍ സബ് സ്റ്റേഷന്റെ പണിയും പുരോഗമിക്കുകയാണ്. ഇതും കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ പൂര്‍ണമായും ഇലക്ട്രിക് ട്രെയിനിന് സര്‍വീസ് നടത്താന്‍ സാധിക്കും. നിലവില്‍ മലബാറിലേക്ക് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനുകളാണ് ഓടുന്നത്.
സംസ്ഥാനത്ത് മലബാറില്‍ ഒഴികെ റെയില്‍പാത വൈദ്യൂതീകരണം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും മേഖലയോട് അവഗണന തുടരുകയായിരുന്നു. ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ പാതയില്‍ ഇലക്ട്രിക് ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകും.