ഓരോ കൊലപാതകത്തേയും രാഷ്ട്രീയ കാരണം പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎമ്മിന്റെ പതിവ്: കുമ്മനം

Posted on: October 12, 2016 9:46 pm | Last updated: October 12, 2016 at 9:46 pm

kummanamതിരുവനന്തപുരം: കണ്ണൂരില്‍ നടത്തിയ ഓരോ കൊലപാതകത്തേയും രാഷ്ട്രീയ കാരണം പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎം പതിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……
കണ്ണൂരില്‍ നടത്തിയ ഓരോ കൊലപാതകത്തേയും രാഷ്ട്രീയ കാരണം പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎം പതിവ്. രാഷ്ട്രീയ കാരണം എന്നത് അവര്‍ക്ക് തന്നെ മനസ്സിലാകുന്ന ന്യായീകരണമാകും എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നു ചെന്ന് ശാഖാ പ്രവര്‍ത്തനം തുടങ്ങുക, ബിജെപി കൊടി ഉയര്‍ത്തുക, ബിജെപി പ്രകടനം കാണാന്‍ കവലയില്‍ ചെന്ന് നില്‍ക്കുക, ബിജെപി ഹര്‍ത്താലിന് കടയടക്കുക, സിപിഎമ്മിന് എതിരെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക, സിപിഎം അക്രമത്തിന് സാക്ഷി പറയുക, ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മകളെ / സഹോദരിയെ വിവാഹം കഴിച്ചു നല്‍കുക, ബിജെപി പ്രവര്‍ത്തകന്റെ ശവസംസ്‌കാരത്തിന് പോവുക, വിലാപയാത്രയില്‍ പങ്കെടുക്കുക, ചികിത്സയില്‍ കഴിയുന്ന ബിജെപിക്കാരനെ സന്ദര്‍ശിക്കുക, ബിജെപി പ്രവര്‍ത്തകനോട് കവലയില്‍ വെച്ച് കുശലം പറയുക, അവര്‍ ഓടിക്കുന്ന ഓട്ടോ റിക്ഷാ സവാരിക്ക് വിളിക്കുക, തുടങ്ങി പൊതുസമൂഹം കേട്ടാല്‍ ചിരിച്ചു തള്ളുന്നവയാണ് രാഷ്ട്രീയ കാരണങ്ങള്‍.
രാഷ്ട്രീയ എതിരാളികളോടുള്ള സിപിഎമ്മിന്റെ പക കുപ്രസിദ്ധമാണ്. വെട്ടിയും ബോംബെറിഞ്ഞും കല്ലെറിഞ്ഞും തീവെച്ചും വാഹനം ഇടിപ്പിച്ചുമൊക്കെ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള സിപിഎമ്മിന്റെ കഴിവ് സമൂഹം നിരവധി തവണ കണ്ടതാണ്. കൊല്ലല്‍ മാത്രമല്ല കൊല്ലാക്കൊലയും പാര്‍ട്ടിക്ക് വഴങ്ങും. ഊരു വിലക്ക് കല്‍പ്പിക്കുക, കിണറ്റില്‍ മനുഷ്യ വിസര്‍ജ്ജ്യവും തലമുടിയും കലക്കുക, കരി ഓയില്‍ അഭിഷേകം നടത്തുക, പൊതുജനമധ്യത്തില്‍ അപഹസിക്കുക എന്നിവയെല്ലാം പാര്‍ട്ടിയുടെ ശിക്ഷാ രീതിയാണ്. പാര്‍ട്ടി വിട്ടുപോയ എം വി രാഘവനോടുളള വൈരാഗ്യം തീര്‍ത്തത് പാപ്പിനിശ്ശേരിയിലെ പാമ്പു വളര്‍ത്തല്‍ കേന്ദ്രം തീയിട്ട് പാമ്പിനെ കൊന്നായിരുന്നു.
എന്നാല്‍ ഇന്ന് നടത്തിയ രമിത്തിന്റെ കൊലപാതകം സിപിഎം പകയുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ്. ഇന്നത്തെ മുഖ്യമന്ത്രിയും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയന്റെ വീടിനു അടുത്ത് തന്നെയാണ് രമിത്തിന്റെ വീടും. പിണറായി ഗ്രാമത്തില്‍ സംഘ സന്ദേശം എത്തിച്ചു എന്ന ഒറ്റക്കാരണത്താലാണ് രമിത്തിന്റെ അച്ഛനും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉത്തമനെ സിപിഎം ഇല്ലാതാക്കിയത്. ഉത്തമന്‍ ഓടിക്കുന്ന ബസ് തടഞ്ഞു നിര്‍ത്തി ബസിനുള്ളില്‍ ഇട്ടാണ് സിപിഎം വൈരാഗ്യം തീര്‍ത്തത്. ഉത്തമനോടുള്ള പക അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ല. വിലാപയാത്രക്ക് നേരെ ബോംബെറിയാനും സിപിഎം കാട്ടാളന്‍മാര്‍ തയ്യാറായി. അമ്മു അമ്മ എന്ന നിരപരാധിയായ 70 കാരിയും ജീപ്പ് െ്രെഡവര്‍ ഷിഹാബുദീനും അന്നത്തെ ബോംബേറില്‍ കൊല്ലപ്പെട്ടു. ബോംബുമായി വന്നവരോട് അമ്മുഅമ്മ ഇരുകൈയും തൊഴുത് യാചിച്ചിട്ടും വെറുതേ വിടാന്‍ സിപിഎം ക്രിമിനലുകള്‍ തയ്യാറായില്ല. 2002 ലായിരുന്നു ആ സംഭവം. 14 വര്‍ഷങ്ങള്‍ക്കിപ്പുറത്തും അടങ്ങാത്ത പകയാണ് ഇന്ന് സിപിഎം വീട്ടിയത്. നിരവധി തവണ ഉത്തമന്റെ വീടാക്രമിച്ച് ഭാര്യയേയും മക്കളേയും ഇല്ലാതാക്കാന്‍ സിപിഎം ശ്രമിച്ചു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും അത് ആവര്‍ത്തിച്ചു. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവിനെ സ്വന്തം വീട്ടു മുറ്റത്ത് വെച്ച് അമ്മയുടേയും സഹോദരിയുടേയും മുന്നില്‍ തന്നെ വെട്ടി വീഴ്ത്തി 2016 ഒക്ടോബര്‍ 12 ന് സിപിഎം കലി തീര്‍ത്തു.
ഇനിയും എത്ര രമിത്തുമാര്‍ ഉണ്ടാകണം സിപിഎമ്മിന്റെ രക്തദാഹം തീരാന്‍? കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നിലയില്‍ തിരിച്ചടിക്കാന്‍ കഴിവില്ലാത്ത പ്രസ്ഥാനമല്ല ബിജെപിയെന്ന് സിപിഎമ്മിന് അറിയാത്തതല്ല. പക്ഷേ പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തിനും ഇത് ചേര്‍ന്നതല്ലെന്ന തിരിച്ചറിവിലും ഇത് അവസാനത്തേതാകും എന്ന പ്രതീക്ഷയിലുമാണ് ബിജെപി മുന്നോട്ട് നീങ്ങുന്നത്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തില്‍ ഉള്ള എല്ലാ മാര്‍ഗ്ഗങ്ങളിലൂടേയുമാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. ഇനിയും അങ്ങനെ തന്നെ ആകണമാണെന്നാണ് ബിജെപി ആഗ്രഹിക്കുന്നതും. പക്ഷേ അപ്പോഴും ബിജെപിയാണ് നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വന്തം അണികളെ കയറൂരി വിട്ട് അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. നാട്ടില്‍ സമാധാനം പുലരാന്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറയേണ്ട മുഖ്യമന്ത്രി ഏകപക്ഷീയമായി സംസാരിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. അതില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിഞ്ഞ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.