തൊഴില്‍ തേടി ഷാര്‍ജയിലെത്തിയ മലയാളികള്‍ തെരുവില്‍

Posted on: October 5, 2016 9:58 pm | Last updated: October 5, 2016 at 9:58 pm

job-visa-scam-uae-malayalis-2-jpg-image-784-410ഷാര്‍ജ: തൊഴില്‍ തേടി യു എ ഇയിലെത്തിയ 14 മലയാളി യുവാക്കളുള്‍പ്പെടെ 15 പേര്‍ നിരാലംബരായി തെരുവില്‍. ഭക്ഷണമോ അഭയമോ ഇല്ലാതെ, തങ്ങളുടെ ബാഗുകളുമായി ഒരു ദിവസം കഴിച്ചുകൂട്ടിയ ഇവര്‍ക്ക് ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകര്‍ താല്‍കാലിക സംരക്ഷണം നല്‍കി.വയനാട് സ്വദേശികളായ സുഹൈല്‍, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫല്‍, വണ്ടൂര്‍ സ്വദേശി ശിവന്‍, ഒതുക്കുങ്ങല്‍ സ്വദേശി ജാഫര്‍, നിലമ്പൂര്‍ സ്വദേശികളായ ഷാജഹാന്‍, പ്രജീഷ്, ചെറാട് സ്വദേശികളായ അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവരാണ് പെരിന്തല്‍മണ്ണയിലെ ട്രാവല്‍സ് വഴി യു എ ഇയിലെത്തിയത്. ഷാര്‍ജയിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കേറ്ററിംഗ് വിഭാഗത്തില്‍ സഹായികളുടെ തസ്തികയില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒന്നേകാല്‍ ലക്ഷം മുതല്‍ 1.6 ലക്ഷം രൂപ വരെ ഏജന്റിനു നല്‍കിയിരുന്നു. ഇവരെ ആദ്യം ചെന്നൈയിലേക്കും അവിടെനിന്നു ദുബൈയിലേക്കും കയറ്റി അയക്കുകയായിരുന്നു. മടക്ക ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഒരു വയനാട് സ്വദേശിയെ ചെന്നൈ വിമാനത്താവളം അധികൃതര്‍ തിരിച്ചയച്ചു. ദുബൈയിലെത്തിയാല്‍ തങ്ങളുടെ ആളുകളെത്തി ഷാര്‍ജ റോളയിലെ ഒരു ഹോട്ടലിലെത്തിക്കുമെന്നും അവിടെ താമസ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്നുമാണ് ഇവരോടു പറഞ്ഞിരുന്നത്. തൊഴില്‍ വിസയാണെന്നു പറഞ്ഞു നല്‍കിയതു ടൂറിസ്റ്റ് വിസയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത് ഇവിടെയെത്തിയ ശേഷമായിരുന്നു. ദുബൈയിലെത്തിയ ഇവര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരുമെത്തിയിരുന്നില്ല. ഏജന്റ് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന ഇവര്‍ പിന്നീട് കൈയിലുള്ള പണമുപയോഗിച്ച് ഷാര്‍ജയിലേക്കെത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി കൈലാഷിനേയും ഇവിടെ ഇവര്‍ കണ്ടുമുട്ടിയ ഇയാളെയും ഇതേ നിലയില്‍ സ്വന്തം നാട്ടിലെ ഒരു ഏജന്റ് ചതിക്കുകയായിരുന്നു. ഇവരെല്ലാം ഒരേ തട്ടിപ്പു സംഘത്തിലെ കണ്ണികളാണെന്നാണു കരുതുന്നത്.