Connect with us

International

കൊളംബിയയില്‍ വിമതരുമായുള്ള സമാധാന കരാര്‍ ജനം തള്ളി

Published

|

Last Updated

കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് സംഘമായ ഫാര്‍ക്കും തമ്മിലുണ്ടാക്കിയ
സമാധാന കരാറിനെ തള്ളിയ ഹിത പരിശോധാ ഫലം പുറത്തുവന്നതില്‍
ആഹ്ലാദം പ്രകടിപ്പിക്കുന്നവര്‍

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് സംഘമായ ഫാര്‍ക്കും തമ്മിലുണ്ടാക്കിയ സമാധാന കരാറിനെ ഹിതപരിശോധനയില്‍ കൊളംബിയന്‍ ജനത തള്ളി. 52 വര്‍ഷമായി പോരാട്ടത്തിലായിരുന്ന വിമത സംഘടനയായ ഫാര്‍ക് സമാധാന പാതയിലേക്കും ജനാധിപത്യ വഴിയിലേക്കും മാറുന്നതിന് തുടക്കം കുറിച്ച സമാധാന കരാറിനെ അപകടത്തില്‍പ്പെടുത്തുന്നതാണ് ഞായറാഴ്ച പുറത്തുവന്ന ഹിതപരിശോധനാ ഫലം. 99 ശതമാനം പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് വന്ന ഫലമനുസരിച്ച് 50.2 ശതമാനം പേര്‍ സമാധാന കരാറിന് എതിരായി വോട്ട് ചെയ്തപ്പോള്‍ 49.8 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തു. 13 ദശലക്ഷം വരുന്ന വോട്ടര്‍മാരില്‍ ഇവ തമ്മിലുള്ള വ്യത്യാസം 60,000 വോട്ടിന് താഴെയാണ്. അതേസമയം സര്‍ക്കാറും ഫാര്‍ക്കുമായുണ്ടാക്കിയ ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു കഴിഞ്ഞുവെന്നും കരാര്‍ തുടരുമെന്നും കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. ഹിതപരിശോധനാ ഫലം എതിരാണെങ്കിലും സമാധാനത്തിനുള്ള മാര്‍ഗത്തില്‍ തുടരുമെന്ന് ഫാര്‍ക് നേതാവ് റൊഡ്രിഗൊ ലണ്ടനൊ പറഞ്ഞു. അതേസമയം കരാറിന് അനുകൂലമായി നിലനിന്നവരുടെ ക്യാമ്പുകളില്‍ ഹിതപരിശോധന ഫലം വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ഫലമറിവായപ്പോള്‍ ചിലര്‍ കരഞ്ഞുവെങ്കില്‍ മറ്റ് മറ്റ് ചിലര്‍ തങ്ങള്‍ക്ക് സമാധാനം വേണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു. മുന്‍ പ്രസിഡന്റ് ആല്‍വറൊ യുറൈബിന്റെ നേതൃത്വത്തിലാണ് സമാധാന കരാറിനെതിരെ പ്രചാരണം നടന്നത്. വിമതര്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിക്കണമെന്നും വിമതരെ പാര്‍ലിമെന്റ് സീറ്റിലേക്ക് പരിഗണിക്കരുതെന്നുമാണ് ഇവരുടെ വാദം.