കുഴിച്ചിട്ട മൃതദേഹം പോലീസ് നായ കണ്ടെത്തി

Posted on: September 30, 2016 10:20 pm | Last updated: September 30, 2016 at 10:20 pm

റാസല്‍ ഖൈമ: കുഴിച്ചിട്ട മൃതദേഹം പോലീസ് നായ കണ്ടെത്തി. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച യുവാവിന്റെ മൃതദേഹം അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ്. ദുബൈയില്‍നിന്നുള്ള പോലീസ് നായയാണ് മൃതദേഹം കണ്ടുപിടിച്ചത്.
അഞ്ച് ദിവസംമുമ്പാണ് ഇമാറാത്തി യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന്, ബന്ധുക്കളില്‍ ഒരാളില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്മാവനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. തങ്ങള്‍ക്കൊപ്പം വണ്ടിയിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ഡോസ് കൂടിയതാണ് മരണകാരണമായതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. നിയമനടപടി ഭയന്നാണ് മരണം മറച്ചുവെച്ചത്.
എന്നാല്‍, മയക്കുമരുന്നിന് അടിമയായ പ്രതിക്ക് മൃതദേഹം കുഴിച്ചിട്ടത് എവിടെയാണെന്ന് വ്യക്തമായി പറയാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്നാണ് ദുബൈയില്‍നിന്ന് പോലീസ് നായയുടെ സഹായം തേടിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് കൈമാറിയതായി റാക് പോലീസ് അറിയിച്ചു