Connect with us

Gulf

ആണവ നിര്‍വ്യാപന കരാറില്‍ ഇസ്‌റാഈലിനെ എത്തിക്കണമെന്ന് ഖത്വര്‍

Published

|

Last Updated

സ്റ്റാഫ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ മുഹമ്മദ് അല്‍ അലി ഐ എ ഇ എ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: മിഡില്‍ ഈസ്റ്റ് മേഖലയെ അണുവായുധമുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്വര്‍. അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പാക്കാനും അണ്വായുധ നിര്‍വ്യാപന കരാര്‍ (എന്‍ പി ടി) അംഗീകരിക്കാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് മുന്നില്‍ തങ്ങളുടെ ആണവ സൗകര്യങ്ങള്‍ തുറന്നുനല്‍കാനും ഇസ്‌റാഈലിനെ നിര്‍ബന്ധിക്കേണ്ടത് അനിവാര്യമാണെന്നും ഖത്വര്‍ ചൂണ്ടിക്കാട്ടി. വിയന്നയില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ)യുടെ പൊതു സമ്മേളനത്തിന്റെ അറുപതാം സെഷനില്‍ പങ്കെടുത്ത ആയുധ നിരോധന ദേശീയ കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാഫ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ മുഹമ്മദ് അല്‍ അലിയാണ് നിലപാട് വ്യക്തമാക്കിയത്.
ഖത്വര്‍ ദേശീയ ദര്‍ശനം 2030 രേഖയിലൂടെ വികസനത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക, സാങ്കേതിക, സാമൂഹിക, പരിസ്ഥിതി അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാലത്തേക്കുള്ള സമഗ്രമായ പദ്ധതി രാജ്യം ആവിഷ്‌കരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനം നേടാനും തലമുറ തലമുറാനന്തരം ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ജീവിതം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. ആണവോര്‍ജത്തിന്റെ സമാധാനാവശ്യങ്ങള്‍ക്കുള്ള ഉപയോഗം, ഊര്‍ജം, ഭക്ഷണം, കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലയിലെ ആണവോര്‍ജം ഉപയോഗപ്പെടുത്തിയുള്ള വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഖത്വര്‍ ദേശീയ ദര്‍ശനം. ഇത്തരം പദ്ധതികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഖത്വറിന് നല്‍കിയ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഭാവിയിലും ഏജന്‍സിയുമായി നിര്‍മാണാത്മക ബന്ധത്തിന് ഖത്വര്‍ പ്രതിജ്ഞാബദ്ധമാണ്.
ജി സി സി, അറബ് ആണവോര്‍ജ ഏജന്‍സി, ഗ്രൂപ്പ് ഓഫ് അറബ് സ്റ്റേറ്റ്‌സ് ഇന്‍ ഏഷ്യ (അറേഷ്യ) തുടങ്ങിയവയും ആണവോര്‍ജ ഏജന്‍സിയുമായുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം ഖത്വര്‍ സഹകരിക്കുന്നുണ്ട്. സുതാര്യമായി ലോകത്തെ ആണവ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഏജന്‍സി വഹിക്കുന്ന കേന്ദ്ര പങ്കില്‍ ഊന്നുന്ന വാര്‍ഷിക റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാടും അദ്ദേഹം പങ്കുവെച്ചു. പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഊര്‍ജം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ ആണവോര്‍ജത്തിന്റെ സമാധാനപൂര്‍ണമായ ഉപയോഗത്തെ ഉറപ്പുവരുത്തുന്ന ഏജന്‍സിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സീബേഴ്‌സ്‌ഡോര്‍ഫിലെ ലബോറട്ടറികള്‍ നവീകരിക്കുന്നതിന് ഖത്വര്‍ മൂന്ന് ലക്ഷം യൂറോ സംഭാവന നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Latest