എണ്ണയുത്പാദനം മിതമായ തോതില്‍ കുറക്കാന്‍ ഒപെക് തീരുമാനം

Posted on: September 30, 2016 8:59 pm | Last updated: October 3, 2016 at 10:42 pm
SHARE
സഊദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്, ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് സനൂസി ബാര്‍കിന്ദോ എന്നിവര്‍ക്കൊപ്പം ഊര്‍ജ മന്ത്രി മുഹമ്മദ് ബിന്‍ സ്വാലിഹ്  അല്‍ സദ അള്‍ജീരിയയില്‍
സഊദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്, ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് സനൂസി ബാര്‍കിന്ദോ എന്നിവര്‍ക്കൊപ്പം ഊര്‍ജ മന്ത്രി മുഹമ്മദ് ബിന്‍ സ്വാലിഹ്
അല്‍ സദ അള്‍ജീരിയയില്‍

ദോഹ: വില താഴ്ന്ന പശ്ചാത്തലത്തില്‍ ഏറെ നാള്‍നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ എണ്ണ ഉത്പാദനം കുറക്കാന്‍ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ധാരണയിലെത്തി. ഇതിനുമുമ്പ് 2008ലാണ് എണ്ണ ഉത്പാദനം കുറക്കാന്‍ ഒപെക് തീരുമാനിച്ചത്. നിലവിലുള്ള പ്രതിദിനം 33.24 ദശലക്ഷം ബാരലില്‍ നിന്ന് പ്രതിദിനം 32.5 ദശലക്ഷം ബാരലിലേക്ക് ഉത്പാദനം കുറക്കാനാണ് തീരുമാനിച്ചത്. പ്രതിദിനം ഏഴ് ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുന്നത്. അല്‍ജീരിയ തലസ്ഥാനമായ അല്‍ജിയേഴ്‌സില്‍ നടന്ന പതിനഞ്ചാം അന്താരാഷ്ട്ര ഊര്‍ജ ഫോറത്തിന്റെ അനുബന്ധമായി നടത്തിയ ഒപെക് മന്ത്രിമാരുടെ അനൗപചാരിക ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. നവംബറില്‍ നടക്കുന്ന ഒപെക് യോഗം ഔപചാരികമായി ധാരണയില്‍ ഒപ്പുവെക്കും.
രണ്ടര വര്‍ഷത്തിനു ശേഷം ഒപെക് സവിശേഷമായ ഒരു തീരുമാനമെടുത്തിരിക്കുന്നു. വിപണിയെ നിയന്ത്രിക്കുന്നതില്‍ ഒപെക് ധാരണയിലെത്തിയെന്നാണ് ഇറാന്‍ എണ്ണ മന്ത്രി ബിസീന്‍ നംദാര്‍ സന്‍കനയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഷാന റിപ്പോര്‍ട്ടു ചെയ്തതത്. ഓരോ രാജ്യവും എത്ര കണ്ട് ഉത്പാദനം കുറക്കുമെന്നതു സംബന്ധിച്ച് ഒപെകിന്റെ അടുത്ത ഔപചാരിക യോഗം തീരുമാനിക്കും. റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളോടും ഉത്പാദന നിയന്ത്രണത്തില്‍ പങ്കാളികളാകാന്‍ ക്ഷണിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഉത്പാദനം കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില അഞ്ചു ശതമാനം ഉയര്‍ന്നു. ബാരലിന് 48 ഡോളറാണ് ഇന്നലെ വൈകിട്ടത്തെ വില. ഇതോടെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് വിജയകരമായ പരിസമാപ്തിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ എണ്ണയുത്പാദനം വെട്ടിക്കുറച്ചാല്‍ രാജ്യം എണ്ണയുത്പാദനം നിയന്ത്രിക്കാമെന്ന് സഊദി അറേബ്യ യോഗത്തിനു തൊട്ടുമുമ്പ് വ്യക്തമാക്കിയതും സാഹചര്യം അയയുന്ന സൂചനകള്‍ നല്‍കിയിരുന്നു. 10.67 ദശലക്ഷം ബാരല്‍ വരെ പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഒപെകിലെ ഏറ്റവും വലിയ എണ്ണ ഉത്്പാദകരായ സഊദി അറേബ്യ ക്രിയാത്കമ നിലപാട് സ്വീകരിച്ചതോടെയാണ് ഉത്പാദനം മരവിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനത്തിലെത്താനായതെന്നാണ് സൂചന. നവംബര്‍ 30ന് നടക്കാനിരിക്കുന്ന എണ്ണ ഉത്പാദക കയറ്റുമതി രാജ്യങ്ങളുടെ അടുത്ത യോഗത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു അള്‍ജീരിയ യോഗത്തിന്റെ പ്രധാന അജന്‍ഡ.
ഒപെക് അധ്യക്ഷനും ഖത്വര്‍ ഊര്‍ജ വ്യവസായ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സദയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ എണ്ണ വിലക്ക് ചരിത്ര തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ദോഹയില്‍ വെച്ച് സഊദി അറേബ്യ, റഷ്യ, ഖത്വര്‍, വെനസ്വേല എന്നീ രാഷ്ട്രങ്ങള്‍ ജനുവരിയിലെ അളവില്‍ എണ്ണയുത്പാദനം ഒരു മാസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് ഇതേ മാതൃകയില്‍ എണ്ണയുത്പാദനം മരവിപ്പിക്കാന്‍ ഏപ്രിലില്‍ ഒപെക് രാഷ്ട്രങ്ങള്‍ ദോഹയില്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പോകുകയായിരുന്നു.