ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ തടഞ്ഞു

Posted on: September 30, 2016 6:06 pm | Last updated: October 1, 2016 at 9:42 am

kochi-court-violence_0കൊച്ചി: ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ഭീഷണി. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെട്ട സംഘം തടയുകയും ഇറങ്ങിപ്പോയില്ലെങ്കില്‍ അടിച്ച് ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നേരത്തെ ഹൈകോടതിയില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് കാരണക്കാര്‍ എന്ന് അഭിഭാഷകര്‍ വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും കൈയ്യേറ്റ ശ്രമമുണ്ടായത്.

നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തിനു ശേഷവും സ്ഥിതിക്ക് മാറ്റമുണ്ടായിരുന്നില്ല.
രണ്ട് മാസമായി നടന്നു വരുന്ന നടപടികള്‍ക്ക് ശേഷം ഹൈക്കോടതിരജിസ്ട്രാര്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് അറിയിച്ചിരുന്നു, അതിനു ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ മുന്‍കൈയ്യില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരാമെന്ന് തീരുമാനമുണ്ടാവുന്നതും. എന്നാല്‍ ആ തീരുമാനത്തിന് വിരുദ്ധമായാണ് ഇന്ന് അഭിഭാഷകര്‍ പ്രതികരിച്ചത്.