തലവരിപ്പണം വാങ്ങിയാൽ വിജിലന്‍സ് അന്വേഷണമെന്ന് മുഖ്യമന്ത്രി; ബഹളത്തിെനാടുവിൽ സഭ പിരിഞ്ഞു

Posted on: September 30, 2016 11:04 am | Last updated: September 30, 2016 at 9:10 pm
SHARE

pinarayi-vijayan-at-niyama-sabhaതിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങിയെന്ന് തെളിഞ്ഞാല്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

തലവരിപ്പണം വാങ്ങിയെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കുന്നത് അടക്കം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. സ്വന്തം നിലക്ക് പ്രവേശനം നടത്തിയ മൂന്ന് കോളജുകള്‍ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങിയത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിടി ബലറാം ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തലവരി വാര്‍ത്ത മാധ്യമങ്ങള്‍ തെളിവുസഹിതമാണ് പുറത്തുവിട്ടതെന്നും ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭയില്‍ ഇന്നും പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. ബഹള‌ം നിയന്ത്രണാധീതമായതോടെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു.

സഭാകവാടത്തില്‍ പ്രതിപക്ഷ യുവ എംഎല്‍എമാര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും ഇന്ന് നിരാഹാരമിരിക്കുന്നുണ്ട്.

തിങ്കളാഴ്ച വരെ ഇപ്പോഴത്തെ രീതിയില്‍ സമരം മുന്നോട്ടുകൊണ്ടുപോകാനാണ് യുഡിഎഫ പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനം. തുടര്‍ നടപടികള്‍ തിങ്കളാഴ്ച തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here