മുഖ്യമന്ത്രിയുടെ നന്മ മാത്രം ആഗ്രഹിക്കുന്ന പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ നന്മ മാത്രമാണ് പി സി ജോര്‍ജ്

Posted on: September 30, 2016 5:40 am | Last updated: September 30, 2016 at 12:40 am
SHARE

ആഗ്രഹിക്കുന്നത്. അത് കൊണ്ടാണ് ചില ഉപദേശങ്ങള്‍ ഫ്രീ ആയി ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ മുഖ്യമന്ത്രിക്ക് നല്‍കിയത്. അങ്ങ് കേരളത്തിന്റെ 3.5 കോടി വരുന്ന ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ആയതിനാല്‍ ജനങ്ങളോട് പ്രത്യേക ഭവ്യതയും ആദരവും കല്‍പ്പിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ആദ്യത്തേത്. എ കെ ജി സെന്ററില്‍ പോകുമ്പോള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നതില്‍ തെറ്റില്ല. അങ്ങിനെ പെരുമാറുന്നതില്‍ പ്രശ്‌നവുമില്ല. പക്ഷെ പുറത്ത് മുഖ്യമന്ത്രിയെ പോലെ സംസാരിക്കണം. മാറ്റം നിര്‍ബന്ധമായും ഉണ്ടാകണം. ഇങ്ങിനെ പോയി സാരോപദേശം. വര്‍ഷങ്ങളായി തന്റെ ‘നന്മ’ മാത്രം ആഗ്രഹിച്ച് കൊണ്ടിരിക്കുന്ന ജോര്‍ജ് നിയമസഭയിലും അതേ ‘നന്മ’ ആഗ്രഹിച്ചതിലെ ‘സന്തോഷം’ മുഖ്യമന്ത്രിയും മറച്ചുവെച്ചില്ല.
സ്വാശ്രയത്തില്‍ തിരക്കഥ, സംഭാഷണം എന്നിവക്കൊന്നും മാറ്റമുണ്ടായിരുന്നില്ല. സ്തംഭനം ബഹിഷ്‌കരണമായതൊഴിച്ചാല്‍ സംവിധാനവും പഴയത്. സത്യഗ്രഹം, നിരാഹാരം തുടങ്ങി രണ്ട് സമരമുറ സ്വീകരിച്ച് അഞ്ച് പേര്‍ പുറത്തിരിക്കുമ്പോള്‍ സഭാനടപടികളുമായി ഒരു നിമിഷം പോലും സഹകരിക്കാന്‍ രമേശ് ചെന്നിത്തലയിലെ പ്രതിപക്ഷനേതാവ് സമ്മതിച്ചില്ല. അത് കൊണ്ടാണ് ചോദ്യോത്തര വേളയില്‍ തന്നെ ബാനര്‍ ഉയര്‍ത്തിയത്. ചട്ടം പിടിച്ച് സ്പീക്കര്‍ തടഞ്ഞതോടെ ചോദ്യോത്തരവേള നടന്നു. ഇ എം എസ് പ്രതിപക്ഷനേതാവ് ആയ കാലത്തെ നിരാഹാര സമരം ഓര്‍മിപ്പിച്ചാണ് ചെന്നിത്തല സ്പീക്കറെ നേരിട്ടത്. അഞ്ച് പേര്‍ അന്ന് നിരാഹരം കിടന്നതിനാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച നടത്താന്‍ സ്പീക്കറായിരുന്ന മൊയ്തീന്‍കുട്ടി ഹാജി മുതിര്‍ന്നു. ആ കീഴ്‌വഴക്കമാണ് മാതൃകയാക്കേണ്ടതെന്നും ചെന്നിത്തല.
ഹൈക്കോടതി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ മന്ത്രി ഓഫീസിലാണ് പടക്കം പൊട്ടിയതെന്ന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ്. പാര്‍ട്ടി ഓഫീസുകളില്‍ ലഡു വിതരണവും നടന്നു. കൂട്ടുക്കച്ചവടത്തിനുള്ള കരാറാണ് ഒപ്പുവെച്ചതെന്നും കുറ്റപത്രം. കോടതി അംഗീകരിച്ചിട്ടും എന്തിന് സമരം തുടരുന്നുവെന്നായിരുന്നു ശൈലജ ടീച്ചറുടെ ലളിതമായ ചോദ്യം. സണ്ണി ജോസഫ് അഭിഭാഷകനെങ്കിലും അവതരിപ്പിച്ച വാദങ്ങള്‍ ദുര്‍ബലം. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി അടുത്ത വര്‍ഷം നോക്കാം. ഇതായിരുന്നു മന്ത്രിയുടെ മറുപടിയുടെ ആകെ തുക.
അടിയന്തിരപ്രമേയം തടഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി. നിരാഹാരം തീര്‍ക്കാന്‍ സഭ നിര്‍ത്തി സ്പീക്കറുടെ ചര്‍ച്ച. ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം മാത്രം വന്നില്ല. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരുടെ നിരാഹാരവും എന്‍ ശംസുദ്ദീന്‍, കെ എം ഷാജി എന്നിവരുടെ സത്യാഗ്രഹവും തുടരുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. ബഹിഷ്‌കരണം പ്രഖ്യാപിച്ച് പുറത്തേക്ക്.
ഭരണപക്ഷം മാത്രം പങ്കെടുത്ത ധനാഭ്യര്‍ഥന ചര്‍ച്ച പിന്നെ പ്രതിപക്ഷ വധമായിരുന്നു. ദുര്‍മേദസ് നീങ്ങാന്‍ നിരാഹാരം നല്ലാതാണെന്നും അത് തുടരട്ടെയെന്നും പി കെ ശശി. ഗാന്ധിജി കുറേ നിരാഹാരം നടത്തിയിട്ടുണ്ട്. ആ മാതൃക പ്രതിപക്ഷവും തുടരട്ടെ- സി ദിവാകരനും സമാന അഭിപ്രായം പ്രകടിപ്പിച്ചു.~ഒരു പ്രസംഗത്തിന്റെ പേരില്‍ നാല് മാസം ജയിലിലും ആറ് മാസം ജില്ലക്ക് പുറത്തുമാക്കിയവരെ വെറുതെ വിടരുതെന്ന മട്ടിലായിരുന്നു എം എം മണിയുടെ പ്രസംഗം. തത്വദീക്ഷയില്ലാതെ സമരം തുടങ്ങിയതല്ലേ, കുറച്ച് ദിവസം അവിടെ ഇരിക്കട്ടെ, ക്ഷേമപെന്‍ഷനുകള്‍ വാങ്ങിയപ്പോള്‍ പാവപ്പെട്ടവരുടെ കണ്ണില്‍ അശ്രുപൂജയായിരുന്നുവെന്ന് പോലും മണി ആശാന്‍ പറഞ്ഞ് കളഞ്ഞു.
ഭരണം മാറിയെങ്കിലും പോലീസ് പൂര്‍ണ്ണമായി മാറിയിട്ടില്ലെന്ന് ദിവാകരന്‍ പരാതിപ്പെട്ടു. പോലീസിന്റെ മുഖവും ശബ്ദവും മാറണം. ഹര്‍ത്താല്‍ നടത്തിയ ശേഷം അതിനോട് യോജിക്കുന്നില്ലെന്ന് പിന്നീട് ഫേസ്ബുക്കില്‍ കുറിക്കുന്ന ശിഖണ്ഡികളെ തിരിച്ചറിയണമെന്ന് ജയിംസ് മാത്യുവും ഉപദേശിച്ചു.
സര്‍ക്കാറിന് 40 ശതമാനം മാര്‍ക്കാണ് പി സി ജോര്‍ജ്ജ് നല്‍കിയത്. ഫസ്റ്റ്കഌസ് നല്‍കി കൂടെയെന്ന് ഭരണപക്ഷത്തെ ചിലര്‍ വിളിച്ച് ചോദിച്ചെങ്കിലും രണ്ട് മാസം കൂടി കഴിയട്ടെയെന്ന് മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here