250ാം ടെസ്റ്റിന് ഈഡനില്‍ ഇന്ത്യയിറങ്ങുന്നു; പാക് റാങ്ക് പിടിച്ചെടുക്കാന്‍

>>രണ്ടാം ടെസ്റ്റ് ഇന്ന് ഈഡനില്‍ ആരംഭിക്കും - സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ രാവിലെ 9.00 മുതല്‍ തത്‌സമയം
Posted on: September 30, 2016 12:31 am | Last updated: September 30, 2016 at 11:26 am
SHARE

untitled-1-copyകൊല്‍ക്കത്ത: നാട്ടില്‍ ഇന്ത്യക്ക് ഇന്ന് ഇരുനൂറ്റമ്പതാം ടെസ്റ്റ് മത്സരം. ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഇന്ത്യ പരമ്പര ജയം തന്നെ ലക്ഷ്യമിടുന്നുണ്ട്. അതിനൊരു പ്രധാന കാരണം, ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാനെ ഒന്നാം സ്ഥാനത്ത് നിന്ന് ഇറക്കി അവിടെ കയറിയിരിക്കുക എന്നത് തന്നെ. നിലവില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുടീമുകള്‍ക്കും ഇടയിലുള്ളത്.
കിവീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റ് എന്ന നിലയില്‍ ചരിത്രപ്രാധാന്യം നേടിയിരുന്നു. കാണ്‍പൂര്‍ ടെസ്റ്റ് ജയിച്ച് വിരാട് കോഹ്‌ലിയും സംഘവും മേധാവിത്വംസ്ഥാപിച്ചതോടെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍.
കൊല്‍ക്കത്തന്‍ മണ്ണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്ന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ഈഡനില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. കൊല്‍ക്കത്തന്‍ സാഹചര്യങ്ങളും ചരിത്രവും ടീം ഇന്ത്യക്ക് അനുകൂലമാണ്. ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ പത്താം ടെസ്റ്റ് പരമ്പര വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.
ഈഡനില്‍ പതിനൊന്ന് ജയവും ഒമ്പത് തോല്‍വിയും എന്നതാണ് ഇന്ത്യയുടെ കണക്ക്. അവസാന തോല്‍വി 2012 ല്‍ ഇംഗ്ലണ്ടിനോടായിരുന്നു.
കാണ്‍പൂര്‍ ടെസ്റ്റിലെ തോല്‍വിക്ക് മറുപടി നല്‍കാന്‍ കിവീസ് ബാറ്റിംഗ് നിര കൂടുതല്‍ ജാഗ്രത്താകും. മൂന്നാംദിനം മുതല്‍ സ്പിന്നിന് അനുകൂലമാകുന്ന പിച്ചില്‍ രണ്ടാം ദിനം തന്നെ മാറ്റം കണ്ടു തുടങ്ങിയേക്കും. അതുകൊണ്ടു തന്നെ ടോസ് വലിയൊരു ഘടകമാണ്. ആദ്യ രണ്ട് ദിനത്തില്‍ മികച്ച ടോട്ടല്‍ കണ്ടെത്താനായിരിക്കും ടോസ് നേടുന്ന ടീം ചെയ്യുക. ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ആറ് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അമിത് മിശ്രയെ കൂടി ടീമിലുള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നെറ്റ്‌സില്‍ വിരാട് കോഹ്‌ലിക്കും അജിങ്ക്യ രഹാനെക്കും ഏറെ നേരം അമിത് മിശ്ര പന്തെറിഞ്ഞു.
സാധ്യതാ ഇലവനലില്‍ ഓപണിംഗ് സ്ഥാനത്ത് മുരളി വിജയ്. രണ്ടാം ഓപണര്‍ സ്ഥാനത്തേക്ക് ഗംഭീറും ധവാനും മത്സരിക്കുന്നു. ചേതേശ്വര്‍ പുജാര, വിരാട് കോഹലി, അജിങ്ക്യ രഹാനെ എന്നിങ്ങനെ മധ്യനിര. ആറാം നമ്പറില്‍ രോഹിത് ശര്‍മക്ക് ഭീഷണിയായി അമിത് മിശ്രയുണ്ട്. വിക്കറ്റ് കീപ്പര്‍ വൃഥിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരും ആദ്യ ലൈനപ്പിലുണ്ടാകും.
ന്യൂസിലാന്‍ഡ് നിരയില്‍ വെറ്ററന്‍ സ്പിന്നര്‍ ജീതന്‍ പട്ടേല്‍ പരുക്കേറ്റ മാര്‍ക് ക്രെയ്ഗിന് പകരം കളിക്കും. ഫോം നഷ്ടപ്പെട്ട മാര്‍ട്ടിന്‍ ഗുപ്ടിലിന് പകരം ഹെന്റി നികോള്‍സിന് അവസരം നല്‍കിയേക്കും.
കിവീസിന്റെ സാധ്യതാ ഇലവനലില്‍ ടോം ലാഥം, ഹെന്റി നികോള്‍സ്, കാന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍, ലൂക് റോഞ്ചി, മിച്ചല്‍ സാനര്‍, വിക്കറ്റ്കീപ്പര്‍ വാട്‌ലിംഗ്, ജീതന്‍ പട്ടേല്‍, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ ഇടം പിടിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here