ഗംഭീറോ, ധവാനോ ?

Posted on: September 30, 2016 5:21 am | Last updated: September 30, 2016 at 12:27 am
SHARE

CRICKET-IND-NZL-TRAININGമുരളി വിജയിനൊപ്പം ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുക ഗൗതം ഗംഭീറോ, ശിഖര്‍ ധവാനോ ? ഈ സന്ദേഹത്തിനുള്ള ഉത്തരം ടോസിന് മുമ്പ് മാത്രമേ ലഭിക്കൂ. ലോകേഷ് രാഹുല്‍ പരുക്കേറ്റ് പുറത്തായതോടെയാണ് ഓപണിംഗ് സ്ഥാനത്തേക്ക് മത്സരം ആരംഭിച്ചത്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരായ ഗംഭീറും ധവാനും മുന്‍കാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍. സമീപകാല ഫോമില്‍ ധവാന്‍ ഗംഭീറിന് പിറകിലാണെന്ന് മാത്രം. എന്നാല്‍, ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ആദ്യം ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പതിനഞ്ചംഗ സ്‌ക്വാഡിലേക്ക് ഗംഭീറിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഗംഭീര്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ട്. ദുലീപ്‌ട്രോഫിയില്‍ റണ്‍സടിച്ച് കൂട്ടിയിട്ടും ഗംഭീറിനെ സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചു. ഇതാകട്ടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.
ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചിട്ടും ഗംഭീറിന് രക്ഷയില്ല എന്ന മട്ടിലായിരുന്നു വിവാദം കൊഴുത്തത്. വിരാട് കോഹ്‌ലിയും ധോണിയെ പോലെ ഗംഭീറിന് തടയിടുകയാണോ എന്ന ചോദ്യവും ഉയര്‍ന്നു.
ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ ഗൗതം ഗംഭീറിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ഹോം ഗ്രൗണ്ടാണ്. കാണികളുടെ പിന്തുണ ഗംഭീറിനായിരിക്കും. കോച്ച് കുംബ്ലെയും ക്യാപ്റ്റന്‍ വിരാടും ഗംഭീറിന് മുന്നില്‍ വാതില്‍ തുറന്നിടുമെന്ന് കൊല്‍ക്കത്തയിലെ ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍, അതിവേഗം സ്‌കോറിംഗ് ചെയ്യുന്ന താരത്തിനാകും കോഹ്‌ലി കൂടുതല്‍ മാര്‍ക്കിടുക. ചേതേശ്വര്‍ പുജാരയുടെ തണുപ്പന്‍ ഇന്നിംഗ്‌സ് വേഗത്തിലാക്കുവാന്‍ കോഹ്‌ലി ഇടപെട്ടിരുന്നു. ഫോമിലെത്തിയാല്‍ ധവാന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തും. ഇക്കാര്യത്തില്‍ ഗംഭീറും മോശക്കാരനല്ല.
കോച്ച് അനില്‍ കുംബ്ലെ വൈകീട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ ധവാനാണ് സാധ്യത. ഗംഭീറിന്റെ തിരിച്ചുവരവ് സ്വാഗതം ചെയ്ത കുംബ്ലെ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ പതിനഞ്ച് കളിക്കാരും ഒരു പോലെ മത്സരരംഗത്തുണ്ടെന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here