വളര്‍ത്തുമൃഗങ്ങള്‍ക്കായി ഉദ്യാന നഗരിയില്‍ ഒരു സെമിത്തേരി

Posted on: September 30, 2016 6:20 am | Last updated: September 30, 2016 at 12:21 am
SHARE

semithey-photoബെംഗളൂരു: ചത്തുപോയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സെമിത്തേരി ഒരുക്കി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ് ബെംഗളൂരുവിലെ ഒരു കൂട്ടം മൃഗസ്‌നേഹികള്‍. ബെംഗളൂരുവിലെ തുറഹള്ളി വനമേഖലയിലുള്ള ഈ സെമിത്തേരി വളര്‍ത്തു മൃഗങ്ങളുടെ മൃതശരീരം മറവ് ചെയ്യാനുള്ള വെറും സ്ഥലം മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. മനുഷ്യരുടേതിന് സമാനമായ സെമിത്തേരിയാണ് അരുമകള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി ഇവിടെ സെമിത്തേരി തുടങ്ങിയത്. മൃഗങ്ങളുടെ ജന്മദിനത്തിലും ചരമവാര്‍ഷിക ദിനത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നതിനൊപ്പം പി എഫ് എ സംരക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് അന്നേദിവസം ഭക്ഷണവും ഉടമകള്‍ വിതരണം ചെയ്യാറുണ്ടെന്ന് പി എഫ് എ ബെംഗളൂരു സെന്ററിലെ അനിമല്‍ വെല്‍ഫെയര്‍ ഓഫീസറായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി എം ശരത്‌ലാല്‍ സിറാജിനോട് പറഞ്ഞു. ഉത്തരഹള്ളി- കെങ്കേരി മെയിന്‍ റോഡിലെ തുറാഹള്ളി വനത്തിലെ ഈ സെമിത്തേരിക്ക് മേനക ഗാന്ധി ചെയര്‍പേഴ്‌സണായ ട്രസ്റ്റാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ആറേക്കര്‍ വിസ്തൃതിയില്‍ സെമിത്തേരി നീണ്ടുകിടക്കുന്നു.
നാടന്‍ പട്ടികള്‍ക്ക് മൂവായിരത്തി അഞ്ഞൂറും വിദേശ ബ്രീഡുകള്‍ക്ക് നാലായിരത്തിയഞ്ഞൂറ് രൂപയുമാണ് സെമിത്തേരിയിലടക്കുന്നതിന് ഫീസ്. ഇഷ്ടമൃഗങ്ങള്‍ക്ക് പ്രത്യേക ശവക്കല്ലറ ഒരുക്കണമെങ്കില്‍ 18,000 രൂപ മുതല്‍ 25000 രൂപ വരെയാണ് ചാര്‍ജ്. പഴയ അരുമയുടെ കല്ലറക്ക് അടുത്ത് ഇപ്പോള്‍ വളര്‍ത്തുന്ന നായക്കായി സ്ഥലം ബുക്ക് ചെയ്തിട്ടിരിക്കുന്നവരും നിരവധിയുണ്ട്. നായ്ക്കളുടെ കല്ലറയില്‍ സ്‌നേഹാക്ഷരങ്ങള്‍ കുറിച്ചു വെച്ചാണ് ഉടമകള്‍ അന്ത്യാഞ്ജലി ഒരുക്കുന്നത്. മാന്‍ ഓഫ് ദി ഹൗസ്, ലോംഗ് ലിവ് ദി കിംഗ്, മൈ ലാസ്റ്റ് പെറ്റ് എന്നൊക്കെയാണ് അതിവൈകാരിക വാക്യങ്ങള്‍. ഇപ്പോള്‍ ഇവിടെ 600 ല്‍ അധികം കല്ലറകളുണ്ട്. നായ്ക്കള്‍ക്ക് പുറമെ മുയല്‍, മത്സ്യം, കോഴി, പ്രാവ്, അലങ്കാരപ്പക്ഷികള്‍ എന്നിവയയെയും മറവ് ചെയ്തവരുണ്ട്. ബെംഗളൂരു കോര്‍പറേഷന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി സുമനഹള്ളിയില്‍ വൈദ്യുതി ശ്മശാനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ മറവ് ചെയ്യാനുള്ള സൗകര്യമില്ല. അരമണിക്കൂറിനുള്ളില്‍ മൃതദേഹം കത്തിത്തീരും. ചെറിയ മൃഗങ്ങള്‍ക്ക് 300 രൂപയും വലിയവക്ക് 1000 രൂപയുമാണ് നിരക്ക്.
നഗരത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇതേ രീതിയിലുള്ള വൈദ്യുതി ശ്മശാനം ആരംഭിക്കാനുള്ള പദ്ധതി കോര്‍പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. വാഹനമിടിച്ചും മറ്റും പരുക്കേല്‍ക്കുന്ന തെരുവ്‌നായ്ക്കളെയും പരുന്ത്, മാന്‍, പാമ്പ് അടക്കമുള്ള ജീവികളെയും ശുശ്രൂഷിക്കാന്‍ പി എഫ് എയില്‍ പ്രത്യേക പരിചരണ കേന്ദ്രമുണ്ട്. പരുക്കേല്‍ക്കുന്ന മൃഗങ്ങള്‍ ചികിത്സക്കിടെ ചത്ത് പോയാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം മാത്രമേ മറവ് ചെയ്യൂ. പരുക്ക് ഭേദമാകുന്ന മൃഗങ്ങളെ തിരിച്ച് കാട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here