വരുന്നൂ, സൈബര്‍ ക്രൈം ബ്രാഞ്ച്

Posted on: September 30, 2016 5:24 am | Last updated: September 29, 2016 at 11:25 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രൈം ബ്രാഞ്ച് എന്ന പേരില്‍ പോലീസില്‍ പ്രത്യേക വിംഗ് രൂപവത്കരിക്കുന്നു. ഐ ടിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പുതിയ സംവിധാനമായിരിക്കും ഇത്. ക്രൈം ബ്രാഞ്ച് സി ഐ ഡി, സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ ഡി വിഭാഗങ്ങളുടെ മാതൃകയിലാകും സൈബര്‍ ക്രൈം ബ്രാഞ്ച് പ്രവര്‍ത്തിക്കുക. സംസ്ഥാനതലത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ജില്ലാതല ഓഫീസുകളുമുണ്ടാകും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയവെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തിയാണ് പോലീസ് സേന ഇപ്പോള്‍ കേസുകളുടെ അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫഷണല്‍ സ്വാതന്ത്ര്യം നല്‍കിയതോടു കൂടി പോലീസ് കൂടുതല്‍ കാര്യക്ഷമമായി കഴിഞ്ഞു. എ ടി എം കേസ്, ജിഷാ വധം, ഏറ്റുമാനൂര്‍ കൊലക്കേസ് എന്നിവ തെളിയിക്കാന്‍ കഴിഞ്ഞത് ഇതിന് ഉദാഹരണങ്ങളാണ്. കേസന്വേഷണത്തില്‍ ബാഹ്യ- രാഷ്ട്രീയ ശക്തികള്‍ ഇടപെടാതിരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതിനാല്‍ കെട്ടിവച്ച ചിറക് സ്വതന്ത്രമാക്കിയതു പോലെയാണ് പോലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സേനയിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയും ഉണ്ടാകും. കൊക്കൂണ്‍ പരിപാടിയില്‍ അവതാരകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് ഇതിന് ഉദാഹരണമാണ്. ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന അവസ്ഥ ആശാസകരമല്ല. അന്വേഷണത്തിനിടയില്‍ ഒരാളും കസ്റ്റഡിയില്‍ മരിക്കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. പോലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം പത്ത് ശതമാനമായി ഉയര്‍ത്തും. ജയിലുകളുടെ പരിഷ്‌കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗധ സമിതിയെ നിയോഗിക്കും. അര്‍ഹതയുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത ക്യാമ്പ് ഫോളോവേഴ്‌സ്, ബ്യൂഗിളേഴ്‌സ്, ഡ്രമ്മേഴ്‌സ് എന്നിവര്‍ക്ക് വേണ്ടി പ്രത്യേക ക്ഷേമനടപടികളും സ്‌പെഷ്യല്‍ റൂളുകളും രൂപവത്കരിക്കും. ഗ്രോത്രമേഖലയില്‍ നിന്ന് സേനയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യും. ജനങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനും വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത സ്റ്റേഷനുകള്‍ സമയബന്ധിതമായി സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റും. എല്ലാ സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളായി മാറ്റുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകള്‍ സമയബന്ധിതമായി നികത്തും. യുവാക്കളെയും കുട്ടികളെയും തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടിയെടുക്കും.
അതീവസുരക്ഷാ ജയിലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജയിലുകളില്‍ താലൂക്കുതല ഡോക്ടര്‍മാരുടെ സേവനം ആഴ്ചയിലൊരിക്കല്‍ ലഭ്യമാക്കും. മാനസികാരോഗ്യ, യോഗ പരിശീലനങ്ങള്‍ ഊര്‍ജിതമാക്കും.
റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജി പി എസ് സംവിധാനങ്ങളോടു കൂടിയ പത്ത് പുതിയ ഹൈവേ പട്രോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കും. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളൂം. സ്‌കൂള്‍ വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ കുത്തിനിറക്കുന്നത് തടയും. സ്‌കൂള്‍ ബസുകളില്‍ ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തും. അഗ്നിശമനാ സേനാ വിഭാഗം നവീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.