കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

Posted on: September 30, 2016 12:23 am | Last updated: September 29, 2016 at 11:24 pm
SHARE

മരട്: കൈക്കൂലി വാങ്ങുന്നതിനിടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. മരട് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് നിയാസിനെ(46)യാണ് ഇന്നലെ രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്. കലൂര്‍ നടുവില മുല്ലോത്ത് വിട്ടില്‍ ഡാല്‍സണ്‍ വര്‍ഗീസിന്റെ പരാതിയെ തടര്‍ന്നായിരുന്നു നടപടി. കായംകുളം സ്വദേശിയാണ് നിയാസ്.
കുണ്ടന്നുരിലെ ഡ്രൈചിപ്‌സ് കയറ്റുമതി ഓഫിസിന് ലൈസന്‍സ് നല്‍കുന്നതിന് ഉടമ ഡാല്‍സണ്‍ വര്‍ഗീസിനോട് നിയാസ് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിവരം ഡാല്‍സണ്‍ വിജിലന്‍സിനെ അറിയിച്ചു. സെന്‍ട്രല്‍ റെയ്ഞ്ച് ഡി വൈ എസ് പി. എം എന്‍ രമേശിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ മുനിസിപ്പാലിറ്റിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തിയ പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ 5000 രൂപ നിയാസിന് നല്‍കി. അതിനിടെ ഒമ്പതംഗ വിജിലന്‍സ് സംഘം നിയാസിനെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.