തിരുത്തേണ്ട തീരുമാനം

Posted on: September 30, 2016 6:11 am | Last updated: September 29, 2016 at 11:12 pm
SHARE

SIRAJഏറെക്കുറെ പ്രതീക്ഷക്കൊത്തുയര്‍ന്നുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അതിന്റെ തുടക്കം ഗംഭീരമാക്കിയത്. ഒരു ഘട്ടത്തില്‍ പ്രതിപക്ഷ നിരയിലെ ചിലര്‍ കൂടി ഭരണത്തെ പ്രശംസിക്കുന്നിടത്തെത്തി. എന്നാല്‍, ഈ മേന്മയെ നിഷ്പ്രഭമാക്കുന്നതിലേക്കാണോ സര്‍ക്കാറിന്റെ പോക്ക് എന്ന സന്ദേഹമുണര്‍ത്തുന്നതാണ് മദ്യം സംബന്ധിച്ച പുതിയ തീരുമാനം. ഗാന്ധിജയന്തി ദിനത്തില്‍ ബീവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പത്ത് ശതമാനം മദ്യക്കടകള്‍ അടച്ചുപൂട്ടേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനം. എല്ലാ വര്‍ഷവും ഇങ്ങനെ അടച്ചുപൂട്ടാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറാണ് തീരുമാനിച്ചത്. ഇതനുസരിച്ച്, ബീവറേജസ് കോര്‍പറേഷന്റെ 27ഉം കണ്‍സ്യൂമര്‍ ഫെഡിന്റെ നാലുമായി 31 കടകള്‍ അടക്കേണ്ടതായിരുന്നു. ഇത് മരവിപ്പിക്കും. മദ്യനയം പരുവപ്പെട്ട് വരുന്നത് വരെ ഈ മരവിപ്പ് തുടരുമത്രെ.
സാമ്പത്തിക ഞെരുക്കമായിരിക്കുമോ ഇത്തരമൊരു കടുംകൈക്ക് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്? എങ്കില്‍ അതിന്റെ യാഥാര്‍ഥ്യം ഏറെക്കുറെ പറഞ്ഞു പഴകിയതാണ്. മദ്യം വഴിയുള്ള വരവിനെ ചെലവ് തോല്‍പ്പിക്കുന്നു എന്ന് ഇന്ന് അറിയാത്തവരായി അധികമാരുമുണ്ടാകില്ല. അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ പൊതുഖജനാവിന് ഭാരമാകുമെന്നും ഭരണാധികാരികള്‍ക്കെല്ലാം ബോധ്യമുണ്ട്. ടൂറിസത്തിന്റെ കാര്യത്തിലാണ് ചിലര്‍ക്ക് പേടി. കുടിച്ചു പൂസാകാനാണ് വിനോദ സഞ്ചാരികള്‍ വരുന്നതെന്ന് തോന്നും കേട്ടാല്‍. എന്നാല്‍ ഇവിടുത്തേക്കാള്‍ സുലഭമായി മദ്യശാലകളുള്ളിടത്തേക്കല്ലേ അവര്‍ പോകേണ്ടത്?
കുറച്ചാളുകളുടെ തൊഴില്‍ പോകുമെന്ന് പേടിച്ച് മദ്യം പോലൊരു വിപത്തിനെ വാരിപ്പുണരുക എന്നത് കടുത്ത അസംബന്ധമായിരിക്കും. എല്ലാ കാലത്തും എല്ലാ തൊഴിലും നിലനില്‍ക്കണമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? പണ്ട് തോട്ടിപ്പണിയെടുത്ത് ജീവിച്ചവരുണ്ടായിരുന്നു. അത് നിരോധിക്കപ്പെട്ടപ്പോള്‍ അവര്‍ മറ്റു തൊഴിലുകളില്‍ ചേക്കേറി. ഓരോ സാമൂഹിക സന്ദര്‍ഭങ്ങളും ആവശ്യപ്പെടുന്ന മാറ്റങ്ങളുണ്ട്. അതിനു നേരെ പുറം തിരിഞ്ഞുനില്‍ക്കാന്‍ ആര്‍ക്കുമാകില്ല. ലോകത്ത് എല്ലാ കാര്യങ്ങളെയും തൊഴില്‍/തൊഴിലാളി എന്ന നിലയില്‍ മാത്രം കാണുന്നത് ഒരു പരിമിതി തന്നെയാണ്.
മദ്യനയം ഭേദഗതി വരുത്തുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് തരത്തിലായിരിക്കും അതെന്നതിന്റെ സൂചന വ്യക്തമാക്കുന്നതാണ് മദ്യക്കടകളിലെ പത്ത് ശതമാനം പൂട്ടേണ്ടെന്ന തീരുമാനം. സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും എക്‌സൈസ് മന്ത്രി പറയുന്നു. എന്തിനാണത്? നാട്ടുകാര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് അത്ര മുന്തിയതാണെങ്കില്‍ പിന്നെ എന്തിനാണ് ബോധവത്കരണം? ഒരു ഭാഗത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനം; മറുഭാഗത്ത് ഉദാരമായി മദ്യമൊഴുക്കല്‍! ബോധവത്കരണത്തെക്കുറിച്ച് ഒരുപചാരം പോലെ പറഞ്ഞുപോകുന്നവര്‍ കുട്ടികളുടെ ശരാശരി ‘കുടിപ്രായം’ എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ?
ലഹരിവിരുദ്ധ അംബാസിഡറാകാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയെ കണ്ട് സന്നദ്ധത അറിയിച്ചിരുന്നു. പ്രായോഗിക തലത്തില്‍ മദ്യവര്‍ജനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നു നിര്‍ദേശിക്കേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇത്തരം പ്രതീക്ഷകളുടെ മേലാണ് പുതിയ തീരുമാനം പ്രഹരമേല്‍പ്പിക്കുന്നത്.
സത്യത്തില്‍ ആരും ആഗ്രഹിച്ചു വന്നതല്ല, പത്ത് ശതമാനം മദ്യക്കടകള്‍ പൂട്ടാനുള്ള തീരുമാനം. വി എം സുധീരന്റെ നിലപാടില്‍ പൊറുതിമുട്ടി കെറുവ് തീര്‍ത്തതായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍. ലക്ഷ്യം അത്ര പാവനമായിരുന്നില്ലെങ്കിലും മാര്‍ഗം നല്ലതായിരുന്നു. കോടതി നടപടികളെ തുടര്‍ന്ന് വിപരീത ഫലം ചെയ്തു. പൊതുവെ സ്വാഗതം ചെയ്യപ്പെട്ട പൂട്ടുക എന്ന തീരുമാനത്തെ പിന്തുടര്‍ന്നുപോകുകയായിരുന്നു ഒരു ജനപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. മദ്യക്കച്ചവടം സര്‍ക്കാര്‍ ഏറ്റെടുത്ത് നാടെങ്ങും ഉദാരമായി വിതരണശാലകള്‍ തുറന്നതോടെയാണ് മദ്യം ഇത്ര ജനകീയമായത് എന്ന കാര്യം വിസ്മരിക്കരുത്.
മദ്യവിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകേണ്ടതില്ല. ഓരോരുത്തരും സ്വന്തം വീട്ടില്‍ ഒരഭിപ്രായ വോട്ടെടുപ്പ് നടത്തുക. അന്തിക്കാലത്ത് അയല്‍പക്കത്തെ ഒന്ന് നിരീക്ഷിക്കുക. അപ്പോള്‍ ബോധ്യമാകും ഏതാണ് ശരിയായ തീരുമാനമെന്ന്.
മദ്യവര്‍ജന പല്ലവി ഒരു ഉപചാരത്തിനപ്പുറം ഒന്നുമല്ല. എത്ര കാലമായി നമ്മളിങ്ങനെ വര്‍ജിക്കാന്‍ തുടങ്ങിയിട്ട്? വന്ന് വന്ന് മരണ വീടുകളില്‍ പോലും മദ്യസത്കാരമെന്നിടത്തെത്തിയില്ലേ കാര്യങ്ങള്‍? യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനമെടുക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് മദ്യവിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കേണ്ടത്.