കുടിച്ചു പൂസാകാന്‍ വരിനില്‍ക്കുകയാണ് കേരളം

Posted on: September 30, 2016 6:00 am | Last updated: September 29, 2016 at 11:11 pm
SHARE

imagesവര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തകനായ എം എന്‍ വിജയന്‍ മദ്യപാനികളെക്കുറിച്ച് പറഞ്ഞ ഒരു പരാമര്‍ശം ഓര്‍ത്തുപോകുകയാണ്. ഈ സമൂഹം ജീവിക്കാന്‍ വയ്യെന്ന് തോന്നുമ്പോഴാണത്രെ ഒരാള്‍ മദ്യപാനിയായി മാറുന്നത്. ആ പരാമര്‍ശത്തിന്റെ പൊരുള്‍ എന്തുതന്നെയായാലും, ഒരു കാര്യത്തില്‍ സംശയമില്ല. മദ്യപാനികളെക്കൊണ്ടും ലഹരി ഉപഭോക്താക്കളെക്കൊണ്ടും പൊറുതിമുട്ടി ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണിന്ന്. അത്രമാത്രം ലഹരിക്ക് അടിമപ്പെട്ട ഒരു സമൂഹമായി കേരളം ഭയാനകമാംവിധം മാറിയിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസമില്ലാത്തവരും പ്രായമേറിയവരുമായിരുന്നു ലഹരിക്ക് അടിമയെങ്കില്‍, ഇന്നത് അഭ്യസ്ഥവിദ്യന്റെയും ന്യൂജെന്‍ തലമുറയുടെയും ഹരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചരിത്രകാരന്മാരും ആന്ത്രോപോളജി വിഭാഗവും ലഹരി ഉപയോഗത്തിന് മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് വാദിക്കുമ്പോഴും, അതിന്റെ സകലവിധ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കെത്തന്നെ എന്തുകൊണ്ടാകും മനുഷ്യര്‍ അതില്‍നിന്ന് മോചിതരാകാത്തത്? ലോകാരോഗ്യ സംഘടനയെ പോലെയുള്ള ചില കേന്ദ്രങ്ങള്‍ പറയുന്നത്, ലോക ജനസംഖ്യയുടെ പകുതിയിലധികം പേര്‍ ലഹരിക്ക് അടിമകളാണെന്നാണ്. പാശ്ചാത്യ സമൂഹത്തില്‍ മദ്യപാനം അവരുടെ സംസ്‌കാരത്തിന്റെയും ജീവിത കാഴ്ചപ്പാടിന്റെയും ഭാഗമായി നിരീക്ഷിക്കപ്പെടുമ്പോള്‍, സംസ്‌കാര സമ്പന്നരെന്ന് വീമ്പ് നടിക്കുന്ന കേരളീയരെങ്ങനെ ഇത്രയേറെ ലഹരി പ്രിയരായെന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്.
യുവതലമുറയുടെ ക്രയശേഷി, ലഹരിലഭ്യത, സിനിമ അടക്കമുള്ള നവ മാധ്യമങ്ങളുടെ സ്വാധീനം എന്നിവ കേരളീയ യുവതയെ വഴിതെറ്റിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പുതിയ തലമുറ ‘റോള്‍ മോഡലായി’ കൊണ്ടാടുന്ന നടന്മാര്‍, അവരുടെ അഭിനയ സമയങ്ങളില്‍ പുകവലി, മദ്യപാനം എന്നീ ദൂഷ്യ സ്വഭാവങ്ങളെ ആദര്‍ശവത്കരിക്കുന്നത് കാണാം. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് സ്‌ക്രീനില്‍ പരസ്യവാചകം കൊടുക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ പാകത്തിലുള്ള സംഭാഷണ ശകലങ്ങളും ശരീര ഭാഷയും കൊണ്ട് ലഹരിയെ ഇവര്‍ വെള്ളപൂശുന്നു. ഇത് നടന്റെ മാത്രം തെറ്റല്ലായിരിക്കാം. പക്ഷേ, സമൂഹത്തോട് ബാധ്യതയുള്ള കലാകാരന്‍ ചെയ്യേണ്ടത് തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ നിര്‍ദേശങ്ങള്‍ക്ക് വഴിപ്പെടുകയല്ല. തങ്ങളുടെ അഭിനയം ഒരു തലമുറയെ നശിപ്പിക്കാന്‍ ഹേതുവാകുന്നുവെങ്കില്‍ അതിനെ ചെറുക്കേണ്ടത് ഒരു സാമൂഹിക ബാധ്യതയായി കലാകാരന്‍ കരുതേണ്ടതുണ്ട്.
രാഷ്ട്രപിതാവ് ഗാന്ധിജി വര്‍ഷങ്ങള്‍ക്കു മുമ്പ് ലഹരിമുക്ത സമൂഹത്തെ സ്വപ്‌നംകണ്ടിരുന്നു. അധിനിവേശത്തിനെതിരെ പോരാടേണ്ട യുവത ലഹരിക്ക് അടിപ്പെട്ട് വഴിതെറ്റിപ്പോകുന്നതിന്റെ ഉത്കണ്ഠ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. 1946ല്‍ ഗാന്ധിജി ‘ഹരിജ’നില്‍ ഇതേക്കുറിച്ച് ‘ഡ്രിങ്ക്‌സ്, ഡ്രഗ്‌സ് ആന്‍ഡ് ഗ്യാമ്പ്‌ളിംഗ്’ എന്ന പേരില്‍ ലേഖനമെഴുതി.
അമേരിക്കയെ പോലുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ലഹരിക്ക് അടിപ്പെട്ട് വഴിതെറ്റിപ്പോകുന്ന ജനതയെക്കുറിച്ചുള്ള ആധി ഭരണകൂടങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. മദ്യത്തെ പൂര്‍ണമായും നിഷേധിക്കാതെ അമിത മദ്യാസക്തിയില്‍ നിന്ന് എങ്ങനെ രക്ഷ പ്രാപിക്കാം എന്നവര്‍ ചിന്തിച്ചുതുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതലാണ്. 1935ല്‍ അമേരിക്കയില്‍ ‘ആല്‍ക്കഹോളിക് അനോണിമസ്’ എന്ന സംഘടന രൂപവത്കരിച്ചത് മേല്‍ സൂചിപ്പിച്ച വിപത്തിനെ ഫലപ്രദമായി നേരിടാന്‍ വേണ്ടിയായിരുന്നു. അവരുടെ പ്രവര്‍ത്തനം സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. കേരളത്തില്‍ ലഹരിമുക്ത സമൂഹത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതു തന്നെ അടുത്ത കാലത്താണെന്നോര്‍ക്കണം.
കുറച്ച് മുമ്പ് നമ്മുടെ സമൂഹത്തില്‍ പുകവലിക്കുന്നവരുടെ എണ്ണം വലിയതായിരുന്നു. പൊതു ഇടങ്ങളില്‍ മാത്രമല്ല, ബസ്സുകളില്‍ പോലും അടുത്തടുത്തിരുന്ന് ഒരു സങ്കോചവും കൂടാതെ പുകവലിച്ചിരുന്നവരുടെ കഥ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നും. കല്യാണ വീടുകളിലും മറ്റും സിഗററ്റോ, ബീഡിയോ നല്‍കി സ്വീകരിക്കുകയാണ് ആദ്യമേ ചെയ്തിരുന്നത്. അത്രയേറെ ജനകീയത അതിനുണ്ടായിരുന്നു. ഇന്നത് പാടേ മാറി. പുകവലിക്കുന്നവരെ പുച്ഛത്തോടെ നോക്കിക്കാണുന്ന സ്ഥിതി വന്നു. കര്‍ശനമായ നിയമങ്ങളും പൊതു സമൂഹത്തിന്റെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളും അവരുടെ ആരോഗ്യ ബോധവുമാണ് ഇതിന് കാരണം. പുകവലിയോട് നമുക്കിന്നുള്ള സമീപനം മദ്യപാനത്തോടും മറ്റ് ലഹരി ഉത്പന്നങ്ങളോടും ഉണ്ടാക്കിയെടുക്കണം. പരസ്യമായി മദ്യം വാങ്ങുന്നതിനോ അത് ഉപയോഗിക്കുന്നതിനോ നിയമ തടസ്സങ്ങള്‍ ഇന്നില്ല. മദ്യ വിപണനം ടൂറിസത്തിന്റെ വികസന കാഴ്ചപ്പാടില്‍ ഉള്‍പ്പെടുമെന്ന സമീപനവും മാറേണ്ടതുണ്ട്.
മദ്യമില്ലെങ്കില്‍ മറ്റേതെങ്കിലും ലഹരി ഉത്പന്നം ഉപയോഗിക്കുക എന്ന അപകടകരമായ മനോഭാവം യുവതലമുറ ഒരു ശീലമാക്കി കഴിഞ്ഞിരിക്കുന്നു. അനുദിനം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമങ്ങളില്‍ പോലും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ സുലഭമാണിന്ന്. അതിന്റെ ഉപഭോക്താക്കളാണെങ്കില്‍ വിദ്യാര്‍ഥികളും യുവാക്കളും. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഗന്ധത്തിലൂടെ തിരിച്ചറിയാന്‍ കഴിയില്ലെന്നത് വിദ്യാര്‍ഥികള്‍ ഒരു സൗകര്യമായി കാണുന്നു. കേരളീയ സമൂഹത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ മയക്കുമരുന്നുകളുടെ ഉപഭോക്താക്കളായും വിപണന ഏജന്റുമാരായും മാറുന്ന കാര്യവും ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കഴിഞ്ഞ മാസം കൊച്ചിയില്‍ പിടികൂടപ്പെട്ട ഒരു ടണ്ണിലധികം വരുന്ന മയക്കുമരുന്ന് കൈവശം വെച്ചത് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ജോലിസ്ഥലത്തെ പിരിമുറുക്കം, ഏകാന്തത, ആരും ചോദ്യം ചെയ്യാനില്ലെന്ന വിശ്വാസം എന്നിവയെല്ലാം ഇവരെ പെട്ടെന്ന് ലഹരിക്ക് അടിമകളാക്കുന്നു. സ്വന്തം ദേശത്ത് തുച്ഛമായ വേതനത്തിന് തൊഴില്‍ ചെയ്തിരുന്ന ഇവര്‍, കേരളത്തില്‍ പ്രതീക്ഷിക്കുന്നതിലേറെ കിട്ടുന്ന വേതനം കൊണ്ട് ലഹരിയുടെ അടിമകളാകുന്നുണ്ടെന്ന് വേണം കരുതാന്‍.
മെട്രോ നഗരങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി മാറിക്കഴിഞ്ഞു. ഇതില്‍ വിദ്യാര്‍ഥികളാണ് മുന്നില്‍. ബിയര്‍ പാര്‍ലറുകളിലേക്ക് സങ്കോചമില്ലാതെ നടന്നുപോകുന്ന വിദ്യാര്‍ഥിനികള്‍ നഗര കാഴ്ചകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.
ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യത്തിനും മയക്കുമരുന്നിനും കൂടുതല്‍ അടിപ്പെടുന്നുവെന്ന പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്ത് കുടിക്കുന്ന പെപ്‌സി പോലെയുള്ള ശീതള പാനീയങ്ങള്‍, ചില മിഠായികള്‍ എന്നിവയിലെല്ലാം മദ്യാസക്തി വളര്‍ത്തുന്ന ഘടകങ്ങളുണ്ട്. അത് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഒരു കുട്ടി ചില പ്രത്യേക തരം ശീതള പാനീയങ്ങള്‍ക്ക് വാശി പിടിച്ചു കരയുന്നുവെങ്കില്‍, ഓര്‍ക്കുക, ഈ കുട്ടിയില്‍ ചില ലഹരികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിസ്ഥാനത്ത് വരുന്നത് മാതാപിതാക്കള്‍ തന്നെ. ഇതിനെല്ലാം പുറമെ, ആവശ്യമായതിലേറെ തുക മാതാപിതാക്കള്‍ പോക്കറ്റ് മണിയായി മക്കള്‍ക്ക് നല്‍കുന്നു. പിതാവ് ഗള്‍ഫിലാകുന്ന വീട്ടു സാഹചര്യങ്ങളില്‍ വീടിന്റെ രക്ഷിതാവ് കുട്ടിയായി മെല്ലെ മെല്ലെ മാറുന്നതും ഇവരുടെ ലഹരി ഉപയോഗത്തിലേക്കുള്ള വഴികളാണ്. മൊബൈല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇത്തരം ചോദനകളെ വര്‍ധിപ്പിക്കാനുള്ള പ്രധാന ഉപകരണമായി മാറുകയും ചെയ്യുന്നു.
തീവ്രവാദവും മയക്കുമരുന്നും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ഉത്തരം. തീവ്രവാദികളുടെ വരുമാന സ്രോതസ്സുകളില്‍ ഒന്നാണിത്. അഫ്ഗാനിലെ തീവ്രവാദ സംഘടനകള്‍ക്ക് വരുമാനമായി തീരുന്നത് അവിടുത്തെ കറുപ്പിന്റെ വന്‍ വ്യാപാരമാണ്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കഞ്ചാവ് കൃഷി മറ്റൊരു ഉദാഹരണം. അതിന്റെ കൈവഴികളില്‍ ഇങ്ങേതലക്കലുള്ള കേരളവും വരുന്നുണ്ട്. പ്രതിമാസം 50 ടണ്‍ കഞ്ചാവ് വടക്കുകിഴക്കുനിന്ന് കേരളത്തിലെത്തുന്നുണ്ടെന്നാണ് എക്‌സൈസ് വകുപ്പ് നല്‍കുന്ന സൂചന. ട്രെയിന്‍, ബസ് മുതലായ വഴികളാണ് ഇവര്‍ കഞ്ചാവിന്റെ വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നത്. വരുമാനത്തോടൊപ്പം യുവതലമുറയെ വഴിതെറ്റിക്കാമെന്ന സൗകര്യവും അതുവഴി തങ്ങളുടെ വ്യാപാരത്തിന് ഒരു സുസ്ഥിര മേഖലയുണ്ടാക്കിയെടുക്കുകയെന്നതും ഇത്തരം ലഹരിമരുന്നു മാഫിയകളുടെ താത്പര്യമാണ്. ഒരു വ്യക്തി ലഹരിക്ക് അടിപ്പെട്ടു കഴിഞ്ഞാല്‍ അയാളെ പിന്നീടുള്ള കാലം മുഴുവന്‍ ചൊല്‍പടിക്ക് നിര്‍ത്താന്‍ ഏറെ സൗകര്യപ്രദമാണ്. കഞ്ചാവ് പോലെയുള്ള പ്രകൃതിദത്ത മയക്കുമരുന്നുകള്‍ മാത്രമല്ല, അര്‍ധ സിന്തറ്റിക് മയക്കുമരുന്നുകള്‍, രാസപ്രക്രിയയിലൂടെ നിര്‍മിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ എന്നിവയെല്ലാം വിപണിയിലെത്തിക്കുന്ന വന്‍ മാഫിയകള്‍ ഇന്ന് സജീവമായിരിക്കുന്നു.
ഒരു ലഹരിമുക്ത സമൂഹം എളുപ്പമല്ലെങ്കിലും പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രതകൊണ്ട് സാധ്യമാകുന്നതാണത്. അതിനനുസൃതമായി നിയമ നിര്‍മാണങ്ങളും നടത്തേണ്ടതുണ്ട്. മയക്കുമരുന്ന് വിപണനത്തിന് വധശിക്ഷ നല്‍കുന്ന രാജ്യങ്ങള്‍ ലോകത്തുണ്ട്. ഇന്ത്യയില്‍ ആര്‍ക്കും, സമ്പന്നനാണെങ്കില്‍ പ്രത്യേകിച്ചും രക്ഷപ്പെടാനുള്ള വഴികള്‍ ഏറെയാണ്. നിയമത്തെ ഭയക്കാനില്ലെങ്കില്‍ മറ്റെന്തിനെ ഭയക്കണം? മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പലര്‍ക്കും അധോലോകത്തിന്റെ സഹായമുണ്ട്. ആളും, അര്‍ഥവുമുള്ളവരാണവര്‍. അകത്ത് കിടന്നാല്‍ പുറത്തേക്കുള്ള വഴി എളുപ്പമാണവര്‍ക്ക്. നീതിപീഠത്തെ വിലക്കെടുക്കാമെന്ന അവരുടെ ധാര്‍ഷ്ഠ്യത്തെയാണ് ഇല്ലാതാക്കേണ്ടത്. അപ്പോള്‍ മാത്രമേ ഈ മേഖലയിലെ അഴിഞ്ഞാട്ടത്തിന് ചെറുതായെങ്കിലും മാറ്റം വരുത്താന്‍ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here