ഹജ്ജ്: ആദ്യ സംഘം തിരിച്ചെത്തി

Posted on: September 29, 2016 11:19 pm | Last updated: September 29, 2016 at 11:19 pm

kt-jaleelനെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. രണ്ട് സഈദി എയര്‍ലൈന്‍സ് വിമാനങ്ങളിലായാണ് ഇന്നലെ ഹാജിമാര്‍ എത്തിയത്. 450 ഹാജിമാരുമായി വൈകീട്ട് 3.40 നാണ് ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
പ്രത്യേക ഹജ്ജ് ടെര്‍മിനല്‍ ഒരുക്കിയിട്ടുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിന് സമീപത്തെ ടാക്‌സി ബേയില്‍ എത്തിച്ച വിമാനത്തില്‍ നിന്ന് ഹാജിമാരെ പ്രത്യേക ബസുകളില്‍ ഹാങ്കറില്‍ എത്തിച്ചു. ഹജ്ജിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ശരീഫ് മണിയാട്ടുകുടി, ബാബു സേട്ട്, പി പി അബ്ദുര്‍റഹ്മാന്‍, അസി. സെക്രട്ടറി ഇ സി മുഹമ്മദ്, സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, മാസ്റ്റര്‍ ട്രെയിനര്‍ എന്‍ പി ഷാജഹാന്‍, മുന്‍ എം എല്‍ എ. എ എം യൂസഫ്, നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി സോമശേഖരന്‍, ഷംസു ഇല്ലിക്കല്‍, കെ ടി കുഞ്ഞുമോന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 22ന് ആദ്യ ഹജ്ജ് വിമാനത്തില്‍ മക്കയിലേക്ക് പുറപ്പെട്ടവരാണ് ഇന്നലെ മടങ്ങിയെത്തിയ സംഘത്തിലെ ഹാജിമാര്‍. രാത്രി 10.25 നാണ് രണ്ടാമത്തെ വിമാനം എത്തിയത്. 450 ഹാജിമാരാണ് ഈ വിമാനത്തിലും ഉണ്ടായിരുന്നത്. ആഗസ്റ്റ് 23 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രയായവരാണ് രണ്ടാമത്തെ ഹജ്ജ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച സേവനമാണ് സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്നും പുറപ്പെട്ട ഹാജിമാര്‍ക്ക് ലഭ്യമാക്കിയതെന്ന് മന്ത്രി കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും നല്ല രീതിയില്‍ ഹജ്ജ് ചെയ്ത് മടങ്ങിവരാനുള്ള സാഹചര്യം മറ്റൊരു സംസ്ഥാനത്ത് നിന്നുമുള്ള ഹാജിമാര്‍ക്കും ലഭ്യമായിട്ടില്ലെന്നാണ് ഹാജിമാര്‍ തന്നെ പറഞ്ഞതെന്നും മടങ്ങിവന്ന ഹാജിമാര്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.