‘മുഖ്യമന്ത്രി കുറഞ്ഞപക്ഷം ഒരു നല്ല മനുഷ്യനാകണം, മനുഷ്യനായാലേ മനുഷ്യത്വമുണ്ടാകൂ’: കുമ്മനം

Posted on: September 29, 2016 10:59 pm | Last updated: September 29, 2016 at 10:59 pm
SHARE

kummanamഞാന്‍ മഹാനൊന്നുമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എല്ലാവര്‍ക്കും മഹാനാകാനാവില്ല. മഹാനാകണമെങ്കില്‍ അതിനനുസരിച്ചുള്ള മനസ്സും മഹത്വവും വേണം. മുഖ്യമന്ത്രി മഹാനാകണമെന്ന നിര്‍ബന്ധമൊന്നും ജനങ്ങള്‍ക്കില്ല. പക്ഷേ കുറഞ്ഞപക്ഷം ഒരു നല്ല മനുഷ്യനാകണം. മനുഷ്യനായാലേ മനുഷ്യത്വമുണ്ടാകൂ. മനുഷ്യത്വമുണ്ടായാലേ ജനാധിപത്യവും മാനവസംസ്‌കാരവും ഉണ്ടാകൂ.
പിണറായി മുഖ്യമന്ത്രിയായിട്ട് 4 മാസമേ ആയുള്ളൂ. ഒരു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിലയിരുത്താന്‍ സമയമായില്ലെന്ന് പറഞ്ഞേക്കാം. ‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്നൊരു ചൊല്ലുണ്ടല്ലൊ. അതുവച്ചുനോക്കിയാല്‍ പിണറായി നയിക്കുന്ന ഭരണവും പിണറായി എന്ന മുഖ്യമന്ത്രിയും തികഞ്ഞ പരാജയം എന്നെ പറയാനാകൂ.
സ്വന്തം പ്രജകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അതവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് പോകട്ടെ, അതിനെ അപലപിക്കാനെങ്കിലും മുഖ്യമന്ത്രിക്ക് മനസ്സുണ്ടായോ? കുറഞ്ഞ പക്ഷം പാര്‍ട്ടിയിലെ തന്റെ മുന്‍ഗാമികളുടെ ശൈലിയെങ്കിലും പിന്‍തുടരാന്‍ മുഖ്യമന്ത്രിക്ക് കഴിയേണ്ടതല്ലെ? രാഷ്ട്രീയ പ്രതിയോഗികളോടും ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരോടും ശത്രുപരമായി പെരുമാറുന്നത് പദവിക്ക് ചേരുന്നതാണോ?. നിയമസഭയിലെങ്കിലും മാന്യമായ പെരുമാറ്റമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പകരം പ്രതിപക്ഷത്തോട് ‘പോയി പണിനോക്കാന്‍’ പറയുന്ന മുഖ്യമന്ത്രിയെ എന്തിനോട് ഉപമിക്കണം?
മാധ്യമങ്ങളെപോലും അപഹസിക്കുന്ന മനസ്സാണ് പിണറായി വിജയന്. നേരത്തെ മാധ്യമ സിന്‍ഡിക്കേറ്റ് എന്നായിരുന്നു ആക്ഷേപം. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനലുകള്‍ വാടകക്കാരെ ഇറക്കുന്നു എന്നത് കടുത്ത ആരോപണമാണ്. അത് തന്റെ ”തോന്നല്‍” എന്നാണ് പറയുന്നത്. തോന്നുന്നപോലെ ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. സ്റ്റാലിനിസമാണ് മാര്‍ക്‌സിസ്റ്റുകാരെ നയിക്കുന്നത്. അവിടെ ജനാധിപത്യമോ അഭിപ്രായ സ്വാതന്ത്ര്യമോ മാനുഷികമൂല്യങ്ങളോ ഇല്ല. തല്ലുകയും കൊല്ലുകയും ചെയ്യുന്ന ശൈലിയെ താലോലിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തിന്റെ സംരക്ഷകനല്ല ഘാതകനാണെന്ന് വിലയിരുത്തേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here