Connect with us

Gulf

പുതിയ കേന്ദ്രത്തില്‍ നമ്പര്‍ പ്ലേറ്റ് മിനുട്ടുകള്‍ക്കുള്ളില്‍ ലഭിക്കും

Published

|

Last Updated

വാഹന നമ്പര്‍ നിര്‍മാണ യൂനിറ്റിന്റെ പുതിയ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍

ദോഹ: ഗതാഗത വകുപ്പിനു കീഴിലെ ലൈസന്‍സ് കാര്യ വിഭാഗത്തിലെ വാഹന നമ്പര്‍ നിര്‍മാണ യൂനിറ്റിന്റെ പുതിയ ആസ്ഥാനത്ത് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നമ്പര്‍ പ്ലേറ്റുകള്‍ അടിച്ചുനല്‍കാനും വാഹനത്തില്‍ ഘടിപ്പിക്കാനും സാധിക്കും. പുതിയ കേന്ദ്രത്തില്‍ നിന്ന് 1800 മുതല്‍ 2000 വരെ നമ്പര്‍ പ്ലേറ്റുകള്‍ ദിവസേന അടിക്കാന്‍ കഴിയും. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപമുള്ള ഉമ്മു അല്‍ സനീം എന്ന പ്രദേശത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
വാഹന നമ്പര്‍ യൂനിറ്റ് മദീന ഖലീഫയില്‍ നിന്നും പുതിയ സ്ഥലത്തേക്ക് മാറ്റിയത് യൂനിറ്റിന്റെ പ്രവര്‍ത്തനം എളുപ്പമാക്കും. നേരത്തെ 400 മുതല്‍ 500 വരെ നമ്പര്‍ പ്ലേറ്റുകള്‍ മാത്രമേ അടിച്ചിരുന്നുള്ളൂ. ആഭ്യന്തര മന്ത്രാലയ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം ആരംഭിച്ചതെന്ന് ഗതാഗത വകുപ്പ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി വ്യക്തമാക്കി. 2739 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച കെട്ടിടത്തിനു 1.8 കോടി റിയാലാണ് ചെലവായിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് താനി അല്‍ മുദാഹക്ക പറഞ്ഞു.