Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സ് സംയുക്ത വ്യവസായ കരാറില്‍

Published

|

Last Updated

ദോഹ: ഖത്വര്‍ എയര്‍വേയ്‌സും ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ മാതൃകമ്പനിയായ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പും (ഐ എ ജി) സംയുക്ത വ്യവസായ കരാര്‍ പ്രഖ്യാപിച്ചു. അടുത്ത മാസം 30ന് കരാര്‍ പ്രാബല്യത്തില്‍വരും.
യാത്രക്കാര്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം, വിപുലമായ ശൃംഖല, നിരക്കില്‍ കൂടുതല്‍ സാധ്യതകള്‍, ഇടക്കിടെ യാത്ര ചെയ്യേണ്ടവര്‍ക്ക് വലിയ ഗുണങ്ങള്‍ തുടങ്ങിയവ ഈ കരാറിലൂടെ സാധ്യമാകും. ബ്രിട്ടന്‍, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ നഗരങ്ങളെ മികച്ച രീതിയില്‍ ബന്ധിപ്പിക്കാന്‍ കരാറിലൂടെ സാധിക്കും. ബ്രിട്ടനും ദോഹക്കും ഇടയിലെ എല്ലാ നണ്‍ സ്റ്റോപ് വിമാനങ്ങള്‍ക്കും കോഡ് ഷെയറിംഗും ഇതിലൂടെ സാധ്യമാകും. എഴുപതിലേറെ കേന്ദ്രങ്ങളിലേക്ക് ഇരു കമ്പനികളും ചേര്‍ന്ന റൂട്ട് ശൃംഖല യാത്രക്കാര്‍ക്ക് ലഭിക്കും. ഇരു കമ്പനികളുടെയും ഹബ് ആയ ലണ്ടന്‍, ദോഹ എന്നിവക്കിടയില്‍ ദിവസം ഏഴ് നണ്‍സ്റ്റോപ് വിമാന സര്‍വീസുകള്‍ ഉണ്ടാകും.
ചരിത്രപ്രധാനമായ ബ്രിട്ടീഷ് എയര്‍വേയ്‌സുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ആഗോള കേന്ദ്രങ്ങളിലേക്ക് വലിയ സാധ്യതകളാണ് ഇത് യാത്രക്കാര്‍ക്ക് തുറന്നുനല്‍കുന്നതെന്നും ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. രണ്ട് ലോകോത്തര വിമാനകമ്പനികള്‍ കൈകള്‍ കോര്‍ക്കുന്നതിലൂടെ ലണ്ടനും ദോഹക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ പറക്കുകയും നിരക്കില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുകയും ചെയ്യും.
ഐ എ ജിയുമായി നേരത്തെ സ്ഥാപിച്ച ബന്ധം ദൃഢപ്പെടുത്തുന്നതാണ് പുതിയ കരാര്‍. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നേരിട്ടുള്ള വിമാനങ്ങളെ ഖത്വര്‍ എയര്‍വേയ്‌സിന്റെ ഹബ് ആയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ മുന്‍നിര വിമാന കമ്പനികളിലൊന്നായ ഖത്വര്‍ എയര്‍വേയ്‌സുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഐ എ ജി ചീഫ് എക്‌സിക്യൂട്ടീവ് വില്ലി വാല്‍ഷ് പറഞ്ഞു. ഇടക്കിടെ നേരിട്ടുള്ള സര്‍വീസുകളും കൂടുതല്‍ വിമാനങ്ങളും കാരണം യാത്ര ആയാസരഹിതമാക്കാന്‍ സാധിക്കും. ഐ എ ജി കാര്‍ഗോയുമായി ഖത്വര്‍ എയര്‍വേയ്‌സ് രണ്ട് വര്‍ഷം മുമ്പ് വാണിജ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest